കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാഖിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം (Kunchacko Boban). 

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ കുഞ്ചാക്കോ ബോബന്റെ മകനാണ് ഇസഹാഖ്. ഇസഹാഖിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. ഒട്ടേറെ പേരാണ് ഇസഹാഖിന് ജന്മദിന ആശംസകളുമായി രംഗത്ത് എത്തിയത്. ഇപ്പോഴിതാ ജന്മദിന ആശംസകള്‍ക്ക് നന്ദി പറയുകയാണ് ഇസഹാഖിന്റെ വേണ്ടി കുഞ്ചാക്കോ ബോബൻ (Kunchacko Boban).

എല്ലാവരുടെയും സ്‍നേഹവും ആശംസകളും ഞങ്ങളെ വിനയാന്വിതരാക്കുന്നു. ഇസുവിന്റെ ജന്മദിനത്തിന് ശേഷവും ആശംസകള്‍ വന്നുകൊണ്ടേയിരിക്കുന്നു. ഞങ്ങളെ നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തിയതിന് നന്ദി. ഇസ്സുവിന്റെ സ്‍നേഹം എല്ലാവര്‍ക്കും അറിയിക്കുന്നുവെന്നുമാണ് കുഞ്ചാക്കോ ബോബൻ സാമൂഹ്യ മാധ്യമത്തില്‍ എഴുതിയിരിക്കുന്നത്.

View post on Instagram

'എന്താടാ സജീ' എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബൻ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഗോഡ്‍ഫി സേവ്യര്‍ ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോഡ്‍ഫി സേവ്യര്‍ ബാബു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മിക്കുന്നത്.

ജയസൂര്യയാണ് ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായ എത്തുന്നത്. ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്‍ണന്‍. ഛായാഗ്രഹണം ജിത്തു ദാമോദര്‍ ആണ്. എഡിറ്റിംഗ് രതീഷ് രാജ്, സംഗീതം വില്യം ഫ്രാന്‍സിസ്, കലാസംവിധാനം ഷിജി പട്ടണം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി തോമസ്, മേക്കപ്പ് റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങല്ലൂര്‍, സംഘട്ടനം ബില്ല ജഗന്‍, നൃത്ത സംവിധാനം ബിജു ധ്വനി തരംഗ്, പ്രൊഡക്ഷന്‍ ഇന്‍ചാര്‍ജ് അഖില്‍ യശോധരന്‍, സ്റ്റില്‍സ് പ്രേംലാല്‍, ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്‍.

കമല്‍ കെ എം സംവിധാനം ചെയ്‍ത 'പട'യാണ് ചാക്കോച്ചന്‍റേതായി പ്രേക്ഷകര്‍ക്കു മുന്നിലെത്തിയ അവസാന ചിത്രം. അരവിന്ദ് സ്വാമിക്കൊപ്പം മലയാളത്തിലും തമിഴിലുമായി എത്തുന്ന 'രണ്ടകം'/ 'ഒറ്റ്' വൈകാതെ റിലീസ് ചെയ്യും. അജയ് വാസുദേവിന്‍റെ 'പകലും പാതിരാവു'മാണ് മറ്റൊരു ചിത്രം. മഹേഷ് നാരായണന്‍റെ 'അറിയിപ്പ്' തുടങ്ങി നിരവധി ശ്രദ്ധേയ പ്രോജക്റ്റുകളാണ് അദ്ദേഹത്തിന്‍റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്.

അതേസമയം രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്‍ത 'സണ്ണി'യാണ് ജയസൂര്യയുടേതായി അവസാനം റിലീസ് ചെയ്യപ്പെട്ട ചിത്രം. ആമസോണ്‍ പ്രൈമിന്‍റെ ഡയറക്ട് ഒടിടി റിലീസ് ആയിരുന്നു ചിത്രം. മഞ്ജു വാര്യരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രജേഷ് സെന്‍ ചിത്രം 'മേരി ആവാസ് സുനോ', 'ഭീഷ്‍മ പര്‍വ'ത്തിന്‍റെ സഹ രചയിതാവ് രവി ശങ്കറിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം 'റൈറ്റര്‍', നവാഗതനായ അഭിജിത്ത് ജോസഫിന്‍റെ ജോണ്‍ 'ലൂഥര്‍', ടിനു പാപ്പച്ചനൊപ്പമുള്ള ചിത്രം, റോജിന്‍ തോമസിന്‍റെ 'കത്തനാര്‍' തുടങ്ങി ജയസൂര്യയുടേതും ആവേശകരമായ ലൈനപ്പ് ആണ്.