രമേഷ് പിഷാരടിയും മഞ്ജുവും പിറന്നാള്‍ ആഘോഷത്തിന് എത്തിയിരുന്നു.
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് കുഞ്ചാക്കോ ബോബൻ. ചാക്കോച്ചന്‍റെ ഭാര്യ പ്രിയയും മലയാളികൾക്ക് വളരെ സുപരിചിതയാണ്. പലപ്പോഴും കുടുംബ വിശേഷങ്ങളെല്ലാം ചാക്കോച്ചൻ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഭാര്യ പ്രിയയുടെ ജന്മദിനം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ആഘോഷിച്ച വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ.
ചിത്രങ്ങൾക്കൊപ്പം ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. 'എന്‍റെ ലേഡിയുടെ ജന്മദിനത്തിൽ അവളൊടൊപ്പം ഒരു ബെർത്ഡേ ബ്ലാസ്റ്റ്. ഈ അവസരത്തെ അതിശയകരമാക്കി മാറ്റാൻ ചുറ്റും സമാനചിന്താഗതിക്കാരായ ഒരു കൂട്ടം ആളുകൾ ഉണ്ടായിരിക്കുന്നതിൽ ഏറ്റം സന്തോഷമുണ്ട്. വളരെ രസങ്ങളും സ്നേഹവും നിറച്ച് അവളുടെ വിശേഷപ്പെട്ട ദിവസം അവിസ്‍മരണീയമാക്കിയതിന് എല്ലാവർക്കും ഒത്തിരി നന്ദിയുണ്ട്. പ്രിയാ... നീ എനിക്ക് എന്തെല്ലാമാണെന്ന് നിർവചിക്കാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. നീ എനിക്ക് എല്ലാറ്റിനേക്കാളും മേലെയാണെന്ന് ഞാൻ പറയും, ഉമ്മാ എന്നുമാണ് ചാക്കോച്ചൻ കുറിച്ചിരിക്കുന്നത്.
ഏറെ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് കുഞ്ചാക്കോ ബോബനും രമേഷ് പിഷാരടിയും മഞ്ജു വാര്യരും. പിറന്നാളാഘോഷത്തിന് മഞ്ജുവും രമേഷ് പിഷാരടിയും നിരവധി സുഹൃത്തുക്കളും എത്തിയിരുന്നു. സംവിധായകൻ രതീഷ് ബാലകൃഷ്‍ണൻ പൊതുവാളും ആഘോഷത്തിന് എത്തി. മകൻ ഇസഹാക്ക് ബോബൻ കുഞ്ചാക്കോയും ചിത്രങ്ങളിലെ പ്രധാന ആകർഷണമാണ്.
സ്‌പെഷൽ ഫ്രൂട്ട് തീം കേക്കും ഫ്ലോറൽ തീം കേക്കുമായിരുന്നു പ്രിയയുടെ പിറന്നാളാഘോഷത്തിനിടയിൽ മുറിച്ചത്. രണ്ടു തീമിലെ കേക്കുകളും ഒപ്പം കപ്പ് കേക്കുകളും പിറന്നാൾ മധുരമായി ഉണ്ടായിരുന്നു. 2005ലാണ് കുഞ്ചാക്കോ ബോബനും പ്രിയ ആൻ സാമുവലും വിവാഹിതരായത്. 'ചാവേർ', പേരിടാത്ത മാർട്ടിൻ പ്രക്കാട്ട് ചിത്രം തുടങ്ങി നിരവധി താരങ്ങളാണ് കുഞ്ചാക്കോ ബോബൻ നായകനായി പുറത്തിറങ്ങാനിരിക്കുന്നത്.
