ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസ് ലവ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മലയാള സിനിമയായ കുഞ്ഞുദൈവത്തിന് രണ്ട് പുരസ്കാരങ്ങള്‍. മികച്ച സംവിധായകനും സംഗീത സംവിധായകനുമുള്ള അവാര്‍ഡുകളാണ് കുഞ്ഞുദൈവം നേടിയത്. ജോജു ജോര്‍ജ്, സിദ്ധാര്‍ത്ഥ ശിവ, ബാലതാരം ആദിഷ് പ്രവീണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ കുഞ്ഞു ദൈവം ജിയോ ബേബിയാണ് സംവിധാനം ചെയ്തത്.

ജിയോയ്ക്ക് പുറമെ സിനിമയുടെ സംഗീത സംവിധായകനായ മാത്യൂ പുളിക്കനുമാണ്  ലോസ് ആഞ്ചലസ് ലവ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പുരസ്കാരം ലഭിച്ചത്. മികച്ച ബാലനടനുള്ള ദേശീയ അവാര്‍ഡ് ഈ സിനിമയിലെ ശ്രദ്ധേയമായ പ്രകടനത്തിലൂടെ ആദിഷ് പ്രവീണ്‍ നേടിയിരുന്നു. കൂടാതെ ഹൂസ്റ്റണ്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും സിനിമയ്ക്ക് പുരസ്കാരങ്ങള്‍ ലഭിച്ചിരുന്നു.  

സ്വവർഗ്ഗാനുരാഗത്തോടുള്ള സമൂഹത്തിന്‍റെ സമീപനം പ്രമേയമാക്കിയ 'സീക്രട്ട് മൈൻഡ്സ്' എന്ന ക്യാമ്പസ് ചിത്രത്തോടെയാണ് ജിയോ ബേബി ആദ്യം ശ്രദ്ധേയനാകുന്നത്. ജിയോയുടെ ആദ്യ ചിത്രമായ രണ്ട് പെൺകുട്ടികളിലെ പ്രകടനത്തിന് അന്ന ഫാത്തിമ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയിരുന്നു. ടൊവിനോ തോമസിനെ നായകനാക്കി ജിയോ സംവിധാനം ചെയ്ത കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് എന്ന സിനിമ റിലീസിന് തയാറെടുക്കുകയാണ്.