താമരശ്ശേരി ചുരം എന്നൊരു സ്ഥലത്തെ കുറിച്ച് ഇനി പതിറ്റാണ്ടുകള്‍ കഴിഞ്ഞ് സംസാരിക്കുമ്പോഴും ചേര്‍ത്തുപറയുന്ന ഒരു പേരുണ്ടാകും, അത് കുതിരവട്ടം പപ്പു എന്ന ഇതിഹാസ താരത്തിന്‍റേതായിരിക്കും.ഒരു ചിത്രത്തിന്‍റെ പേരിലോ ഒരു കഥാപാത്രത്തിന്‍റെ പേരിലോ മാത്രം ഓര്‍മിക്കുന്ന വ്യക്തിയാണ് പപ്പുവെന്നല്ല പറ‍ഞ്ഞുവരുന്നത്. താന്‍ ചെയ്ത കഥാപാത്രങ്ങള്‍ക്ക് മരണമില്ലാത്ത ജീവന്‍ നല്‍കിയ ചുരുക്കം അഭിനേതാക്കളില്‍ ഒരാളാണ് എന്ന് പറഞ്ഞുവയ്ക്കാനാണ്.

മലയാളത്തിന്‍റെ സ്വന്തം കുതിരവട്ടം പപ്പു അഥവാ പത്മദളാക്ഷന്‍ സിനിമയുടെ നഷ്ടമായി മാറിയിട്ട് ഇന്ന് ഇരുപത് വര്‍ഷം തികയുകയാണ്. 2000 ഫെബ്രുവരി 25ന് ആയിരുന്നു പപ്പു വിടപറഞ്ഞത്. നാടകങ്ങളിലൂടെ സിനിമയിലേക്ക് എത്തിയ പപ്പുവിന്‍റെ ആദ്യ  ചിത്രം മൂടുപടമായിരുന്നു. തുടര്‍ന്ന് ഭാര്‍ഗ്ഗവീനിലയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി. തുടര്‍ന്ന് മലയാള സിനിമയുടെ ഹാസ്യലോകത്ത് നിറ സാന്നിധ്യമായിരുന്നു അദ്ദേഹം. പപ്പുവിനെ വൈക്കം മുഹമ്മദ് ബഷീറായിരുന്നു ആദ്യമായി കുതിരവട്ടം പപ്പുവെന്ന് വളിച്ചത്.

ഇരുപതാം ചരമവാര്‍ഷികത്തില്‍, മകന്‍ ബിനു പപ്പു എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. 'താങ്കളെ ഓർക്കുക എന്നത് എളുപ്പമാണ്, അതെന്നും ഓർക്കാറുണ്ട്. എന്നാൽ അങ്ങയെന്ന നഷ്ടം ഏറെ തലവേദനയാണ് അതൊരിക്കലും വിട്ടുപോവുകയില്ല' എന്നായിരുന്നു ബിനു കുറിച്ചത്. ബിനു പപ്പുവിനെ കൂടാതെ രണ്ട് മക്കൾ കൂടി പപ്പുവിനുണ്ട്. ബിന്ദു, ബിജു എന്നിവരാണവർ. പത്മിനിയാണ് പപ്പുവിന്‍റെ ഭാര്യ. ബിനു പപ്പു നിരവധി സിനിമകളിൽ നടനായും അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചു. പുത്തൻപണം, സഖാവ്, ലൂസിഫര്‍, വൈറസ്, അമ്പിളി, രൗദ്ര,  ഹെലൻ തുടങ്ങിയ ചിത്രങ്ങളില്‍ സഹകരിച്ചു.