എക്‌സ്. കോം, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ്, ടെലിഗ്രാം, വെബ്‌സൈറ്റുകൾ തുടങ്ങിയവയിലോ മറ്റേതെങ്കിലും ഡിജിറ്റൽ സ്‌പെയ്‌സിലോ പൈറേറ്റഡ് ഉള്ളടക്കമോ അനധികൃത ക്ലിപ്പുകളോ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി.

ചെന്നൈ: വിജയ് നായകനായി എത്തിയ ജനനായകൻ റിലീസിന് മുൻപെ ചോർന്ന സംഭവത്തിൽ മുന്നറിയിപ്പുമായി നിർമാതാക്കൾ. ചിത്രം ഇന്റർനെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയുന്നത് ഗുരുതരമായ കുറ്റമാണെന്ന് കെവിഎൻ പ്രൊഡക്ഷൻസ് അറിയിച്ചു. എക്‌സ്. കോം, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ്, ടെലിഗ്രാം, വെബ്‌സൈറ്റുകൾ തുടങ്ങിയവയിലോ മറ്റേതെങ്കിലും ഡിജിറ്റൽ സ്‌പെയ്‌സിലോ പൈറേറ്റഡ് ഉള്ളടക്കമോ അനധികൃത ക്ലിപ്പുകളോ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി തന്നെ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.

തങ്ങളുടെ നിയമോപദേശകൻ മുഖേന നോട്ടീസ് പുറപ്പെടുവിച്ച നിർമ്മാതാക്കൾ ഉത്തരവാദികൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അനധികൃതമായ ഉള്ളടക്കം പങ്കിടുന്നത് കണ്ടെത്തിയാൽ ഉടനടി സിവിൽ, ക്രിമിനൽ നടപടികൾ നേരിടേണ്ടിവരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

വിഷയത്തിൽ പ്രതികരണവുമായി നടൻ ശിവകാർത്തികേയൻ രം​ഗത്ത് എത്തിയിട്ടുണ്ട്. "നൂറുകണക്കിന് ആളുകൾ ചോരയും വിയർപ്പുമൊഴുക്കി അത്രമേൽ ആഗ്രഹത്തോടെയാണ് ഓരോ സിനിമയും നിർമിക്കുന്നത്. ദയവുചെയ്ത് തിയേറ്റർ റിലീസിന് കാത്തിരിക്കൂ. തിയേറ്ററിൽത്തന്നെ സിനിമ കാണൂ. ഇങ്ങനെയൊരു സംഭവത്തിന് ഉത്തരവാദികളാരായാലും അവർക്കെതിരെ കർശന നടപടി എടുക്കണം. കഴിവിനേയും കഠിനാധ്വാനത്തേയും സിനിമാ മേഖലയേയും ദയവുചെയ്ത് മാനിക്കൂ", എന്നാണ് ശിവകാർത്തികേയൻ പറഞ്ഞത്.

കഴിഞ്ഞ ദിവസമാണ് ജനനായകന്റെ പ്രധാന ഭാ​ഗങ്ങൾ ഉൾപ്പടെയുള്ളവ സോഷ്യൽ മീഡിയകളിൽ പ്രചരിക്കാൻ തുടങ്ങിയത്. ചിത്രത്തിന്റെ ഇൻട്രോ സീൻ, ടൈറ്റിൽ കാർഡ്, കൂടാതെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന "ദളപതി കച്ചേരി" എന്ന പാട്ടിന്റെ ചില ഭാഗങ്ങൾ എന്നിവയാണ് ചോർന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2026 ജനുവരി 9-ന് പൊങ്കൽ റിലീസായി എത്തേണ്ടിയിരുന്ന ചിത്രമായിരുന്നു ജനനായകന്‍. എന്നാൽ സെൻസർ ബോർഡിന്റെ സർട്ടിഫിക്കേഷൻ ലഭിക്കുന്നതിൽ നേരിട്ട കാലതാമസവും വിവാദങ്ങളും സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാക്കി.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming