മലയാളി സിനിമാപ്രേമികളുടെ മനസിലുള്ള ചോദ്യത്തിന് മറുപടിയുമായി ആന്‍റണി പെരുമ്പാവൂര്‍
മലയാളത്തില്‍ സമീപ വര്‍ഷങ്ങളില്‍ ഒരു ചിത്രത്തിനും ലഭിക്കാത്ത പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു എമ്പുരാന്‍. വന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗം എന്നതായിരുന്നു ഇതിന് കാരണം. ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ കളക്ഷനുകളിലൊന്നിലേക്ക് എത്തിയെങ്കിലും ലൂസിഫറിന് ലഭിച്ച പ്രേക്ഷകപ്രീതി ലഭിച്ചില്ല. മൂന്ന് ഭാഗങ്ങളില്‍ അവസാനിക്കുന്ന ഫ്രാഞ്ചൈസി ആയാണ് തിരക്കഥാകൃത്ത് മുരളി ഗോപി ലൂസിഫര്‍ ചിത്രങ്ങള്‍ എഴുതിയിരിക്കുന്നത്. അസ്രയേല്‍ എന്ന മൂന്നാം ഭാഗത്തിന്‍റെ ടൈറ്റില്‍ എമ്പുരാന്‍റെ അവസാനം എഴുതി കാണിച്ചിരുന്നു. എന്നാല്‍ ഈ ചിത്രത്തെ സംബന്ധിച്ച് പിന്നീട് ഔദ്യോഗിക അറിയിപ്പുകളൊന്നും എത്തിയിരുന്നില്ല. ഇപ്പോഴിതാ അതേക്കുറിച്ച് പറഞ്ഞിരിക്കുകയാണ് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍.
ദൃശ്യം 3 റിലീസിന് മുന്നോടിയായി മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബ് എക്സ് സ്പേസില്‍ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് ആന്‍റണി അസ്രയേലിനെക്കുറിച്ച് പ്രതികരിച്ചത്. അസ്രയേല്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഉറപ്പായും ഉണ്ടാവും എന്നായിരുന്നു ആന്‍റണി പെരുമ്പാവൂരിന്‍റെ പ്രതികരണം. “അസ്രയേല്‍ 100 ശതമാനം ഉണ്ടാവും. പിന്നെ വേണ്ടേ, ചെയ്യണ്ടേ? ക്ഷീണം തീര്‍ക്കണ്ടേ, അങ്ങനെയുള്ള പടങ്ങള്‍ വന്നാലല്ലേ ഒരു അനക്കം ഉണ്ടാവൂ? അതൊക്കെ നമുക്ക് ചെയ്യണം. അത് കുറച്ച് ഗ്യാപ്പില്‍ മതിയെന്ന് മാത്രം. എല്ലാം ഒന്ന് കലങ്ങി തെളിയട്ടെ”. ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞു.
അസ്രയേല്‍ ചെയ്യാനുള്ള ഒരു തടസത്തെക്കുറിച്ച് പൃഥ്വിരാജ് മുന്‍പ് പ്രതികരിച്ചിരുന്നു. എമ്പുരാനെതിരെ ഉയര്‍ന്ന രാഷ്ട്രീയ വിമര്‍ശനങ്ങള്‍ മൂന്നാം ഭാഗം ചെയ്യേണ്ടെന്ന് തോന്നിപ്പിച്ചോ എന്ന ചോദ്യത്തിന് പൃഥ്വിരാജ് അന്ന് നല്‍കിയ മറുപടി ഇങ്ങനെ- “ഇല്ല. വിമര്‍ശനങ്ങള്‍ കാരണം ഒരു സിനിമ ചെയ്യാനോ ചെയ്യാതിരിക്കാനോ, അങ്ങനെയൊരു തീരുമാനം എടുക്കുന്ന ആളല്ല ഞാന്‍. എമ്പുരാന്‍ എന്ന സിനിമ ഇഷ്ടപ്പെടാത്ത ഒരുപാട് ആളുകള്‍ ഉണ്ടാവും. പക്ഷേ എന്നിരുന്നാലും എനിക്ക് തോന്നുന്നു, പൊതുവായി അതിന്‍റെയൊരു അടുത്ത ഭാഗം വേണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുമുണ്ട്. അപ്പോള്‍ എനിക്ക് അതാണ് വലിയൊരു പ്രചോദനം. കാരണം ഞാന്‍ ഇപ്പോഴും എവിടെയെങ്കിലും പോയാല്‍ ഒരു ചോദ്യമെങ്കിലും എല്‍ 3 എന്നാണ് എന്ന് ഉണ്ടാവും. ഇന്നുവരെ ഒരു പ്രസ് മീറ്റില്‍ പോയിട്ട് എല്‍ 3 നെക്കുറിച്ച് ചോദിക്കേണ്ടെന്ന് ആരും കരുതിയിട്ടില്ല. അത് ഉള്ളിടത്തോളം കാലം അത് ചെയ്യാന്‍ എനിക്ക് ഒരു പ്രചോദനം ഉണ്ട്. അതിന്‍റെ ഏറ്റവും വലിയ തടസം എന്ന് പറയുന്നത് എന്‍റെ സമയമാണ്. തീര്‍ച്ചയായും ലാലേട്ടന്‍റെയൊക്കെ സമയം എന്‍റെ സമയത്തേക്കാള്‍ വിലപ്പെട്ടതാണ്. പക്ഷേ ഞാന്‍ അതിനുവേണ്ടി ഒരു സമയം മാറ്റിവെക്കുക എന്നുള്ളതാണ് അതിന്‍റെ ഏറ്റവും വലിയ ചലഞ്ച് എന്ന് പറയുന്നത്. പിന്നെ എനിക്ക് അല്ലാതെ ഒന്നുരണ്ട് കമ്മിറ്റ്മെന്‍റ്സ് ഉണ്ട്, ഡയറക്റ്റ് ചെയ്യാനുള്ളത്. സിനിമ ചെയ്യാമെന്ന് ഞാന്‍ പറഞ്ഞിട്ടുള്ള ഒന്നു രണ്ട് പ്രൊഡ്യൂസേഴ്സ് ഒക്കെയുണ്ട്. അതിന്‍റെയൊക്കെ കാര്യങ്ങള്‍ നോക്കണം”, പൃഥ്വിരാജ് പറഞ്ഞിരുന്നു. താന്‍ അതിഥിതാരമായെത്തിയ ടൊവിനോ ചിത്രം പള്ളിച്ചട്ടമ്പിയുടെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കവെയാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്.

