മാര്‍ച്ച് 27 ന് ചിത്രം തിയറ്ററുകളില്‍

മോളിവുഡില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. വന്‍ വിജയം നേടിയ, പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റം ലൂസിഫറിന്‍റെ, കൂടുതല്‍ വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന രണ്ടാം ഭാഗം എന്നതുതന്നെ അതിന് കാരണം. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് അണിയറക്കാര്‍. ശിവദ അവതരിപ്പിക്കുന്ന ശ്രീലേഖ എന്ന കഥാപാത്രത്തിന്‍റെ പോസ്റ്റര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ഒപ്പം ചിത്രത്തെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും ശ്രീലേഖ പറയുന്ന വീഡിയോയും ഉണ്ട്. 

ഇന്ദ്രജിത്ത് അവതരിപ്പിച്ച ഗോവര്‍ദ്ധന്‍റെ ഭാര്യാ കഥാപാത്രം ശ്രീലേഖയെയാണ് ലൂസിഫറില്‍ ശിവദ അവതരിപ്പിച്ചത്. എന്നാല്‍ ക്ലൈമാക്സിനോടടുപ്പിച്ച് കുറച്ചേ ഉണ്ടായിരുന്നുള്ളൂ ലൂസിഫറില്‍ തന്‍റെ കഥാപാത്രമെന്ന് പറയുന്നു ശിവദ. അതേസമയം എമ്പുരാനില്‍ തനിക്ക് വലിയൊരു ഭാഗ്യം കിട്ടിയെന്നും. എമ്പുരാനില്‍ വര്‍ക്ക് ചെയ്തപ്പോള്‍ കിട്ടിയ ഏറ്റവും വലിയ ഭാഗ്യം എന്ന് പറയുന്നത് ഫാസില്‍ സാറിന്‍റെ കൂടെ സ്ക്രീന്‍ സ്പേസ് പങ്കുവെക്കാന്‍ പറ്റി എന്നതാണ്. ഫാസില്‍ സാറിന്‍റെ പടത്തിലൂടെ ആയിരുന്നു മലയാള സിനിമയിലേക്ക് ഞാന്‍ എന്‍ട്രി ആയത്, ശിവദ പറയുന്നു. ഇന്ന് മുതലാണ് ദിവസേന രണ്ട് കഥാപാത്രങ്ങളെ വച്ച് എമ്പുരാന്‍ ടീം സോഷ്യല്‍ മീഡിയയിലൂടെ അവതരിപ്പിച്ച് തുടങ്ങിയത്. ജയ്സ് ജോസിന്‍റെ കഥാപാത്രത്തിന്‍റെ പോസ്റ്റര്‍ രാവിലെ പുറത്തുവിട്ടിരുന്നു. 

ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. ലൂസിഫറിന്‍റെ വന്‍ വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും ഈ ചിത്രത്തിൽ ശക്തമായ സാന്നിധ്യങ്ങളാണ്. മാര്‍ച്ച് 27 നാണ് ചിത്രത്തിന്‍റെ റിലീസ്. 

ALSO READ : സംവിധാനം കമല്‍ കുപ്ലേരി; 'ഏനുകുടി'യുടെ ചിത്രീകരണം വയനാട്ടിൽ തുടങ്ങി

Sshivada as Sreelekha in L2E Empuraan | Mohanlal | Prithviraj Sukumaran | Murali Gopy | March 27