Asianet News Malayalam

'അവര്‍ 101 പവൻ ചോദിച്ചു, വിവാഹം മുടങ്ങി, അച്ഛന്റെ കടും പിടുത്തത്തിൽ', വെളിപ്പെടുത്തലുമായി ലക്ഷ്‍മി പ്രിയ

സ്‍ത്രീധനം തൂക്കി ചോദിച്ച ആ സ്‍ത്രീ എനിക്ക് സമാധാനം തരില്ല എന്ന് എന്റെ അച്ഛന് ഉറപ്പുണ്ടായിരുന്നുവെന്ന് ലക്ഷ്‍മി പ്രിയ.

Lakshmi Priya against dowri
Author
Kochi, First Published Jun 25, 2021, 1:52 PM IST
  • Facebook
  • Twitter
  • Whatsapp

സ്‍ത്രീധനം സംബന്ധിച്ച പീഡനത്തെ തുടര്‍ന്ന് വിസ്‌മയ ജീവനൊടുക്കിയത് വൻ ചര്‍ച്ചയായിരുന്നു. സ്‍ത്രീധന നിരോധന നിയമം കേരളത്തില്‍ ചര്‍ച്ചയാകുന്നു. വിസ്‍മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കേസില്‍ അറസ്റ്റിലുമാണ്. 101 പവൻ സ്‍ത്രീധനം ആവശ്യപ്പെട്ട വിവാഹബന്ധത്തില്‍ നിന്ന് പിൻമാറിയ കഥയാണ് നടി  ലക്ഷ്‍മി പ്രിയ പറയുന്നത്.

ലക്ഷ്‍മി പ്രിയയുടെ കുറിപ്പ്


എന്റെ വിവാഹ ചിത്രം ആണ്. എണ്ണൂറു രൂപയുടെ പട്ടുസാരി. 350 രൂപയുടെ മാലയും കമ്മലും. കുപ്പി വളകൾ അന്നത്തെ ലേറ്റസ്റ്റ് ഡിസൈൻ. ഇത്തിരി വില ആയി. ഇപ്പൊ ഓർമ്മയില്ല. മുടിയിൽ വെള്ളി മുത്തുകൾ. മുല്ലപ്പൂവ് വച്ചിട്ടില്ല. പൊട്ടും ഡിസൈനർ ആണ്.ആർഭാടം അധികരിച്ചത് പിരികം ആദ്യമായി ത്രെഡ് ചെയ്‍ത പതിനെട്ടുകാരി. കയ്യിൽ മൈലാഞ്ചി വേണം എന്ന് എനിക്ക് നിർബന്ധം ആയിരുന്നു. കൊല്ലത്തെ സ്‍മിത ചേച്ചിയുടെ ബ്യൂട്ടിപാർലറിൽ ആണ് തലേ ദിവസം ഒക്കെ ചെയ്‍തത്. ബ്ലൗസ് സ്റ്റൈൽ ആയി തുന്നിയതും കല്യാണപ്പെണ്ണിനെ ഒരുക്കിയതും സ്‍മിത ചേച്ചി ആണ്. ഒരുക്കമടക്കം എല്ലാം കൂടി ഒരു രണ്ടായിരം രൂപ ആയിട്ടുണ്ടാവും.
                               
എനിക്ക് തൊട്ടു മുൻപ് ഒരു വിവാഹം നിച്ഛയിച്ചിരുന്നതാണ്. മാന്നാർ നിന്നും. ഞങ്ങളുടെ ഒരു ബന്ധു കൂടിയായ വക്കീൽ ആയിരുന്നു വരൻ. അവർ 101 പവൻ ചോദിച്ചു. റ്റാറ്റാ എത്ര കൂട്ടിയാലും നാൽപ്പത് പവൻ കടക്കില്ലായിരുന്നു. എന്റെ അച്ഛന് സ്വർണ്ണം തൂക്കി കൊടുക്കണം എന്ന് പറഞ്ഞതും നിച്ഛയ സദസ്സിൽ ചെക്കന്റെ അമ്മ വന്ന് സ്‍ത്രീധന വിഷയം ഉന്നയിച്ചതും ഇഷ്‍ടപ്പെട്ടില്ല. മുസ്ലിം സ്‍ത്രീകൾ അങ്ങനെ സദസ്സിൽ വരാറില്ല.

ആ വിവാഹം മുടങ്ങി. എന്റെ അച്ഛന്റെ കടും പിടുത്തത്തിൽ. എന്റെ അച്ഛന് 101 പവൻ കൊടുക്കാനുള്ള ശേഷി ഉണ്ടായിരുന്നോ എന്ന് എനിക്കറിയില്ല. പക്ഷേ സ്‍ത്രീധനം തൂക്കി ചോദിച്ച ആ സ്‍ത്രീ ( അച്ഛന്റെ കസിൻ ) എനിക്ക് സമാധാനം തരില്ല എന്ന് എന്റെ അച്ഛന് ഉറപ്പുണ്ടായിരുന്നു. വള ഇടീച്ചിലും നിശ്ചയവും കഴിഞ്ഞ വിവാഹ ബന്ധത്തിൽ നിന്നും മാറി അങ്ങോട്ടുമിങ്ങോട്ടും കൊടുക്കൽ വാങ്ങൽ കഴിഞ്ഞപ്പോൾ ഞാൻ അനുഭവിച്ച സമാധാനം.
  
ജയേഷേട്ടൻ എന്റെ കൈപിടിച്ച് കൊണ്ടുപോയ ആ സമയം ഞാൻ കൊല്ലം ഐശ്വര്യയിലെ നായിക ആയിരുന്നു. നിറയെ നാടക സാമഗ്രികൾ വച്ചിരുന്ന ഇരുട്ട് നിറഞ്ഞ കുടുസ്സു മുറിയിൽ ഒരു ഫാൻ പോലുമില്ലാതെ ഒരു സിംഗിൾ കട്ടിലും എന്റെ പ്രിയപ്പെട്ട പുസ്‍തകങ്ങളും വനിത അടക്കമുള്ള മാസികകൾ നിരത്തി വച്ച ആ മുറിയിൽ നിന്നുമാണ് 2003 ഏപ്രിൽ 20 ന് എന്നെ താലി കെട്ടി കൊണ്ടു പോകുന്നത്.അല്ലാതെ ഇരുട്ട് മുറിയിൽ കൊല്ലങ്ങളോളം ഒളിപ്പിക്കുകയല്ല ചെയ്‍തത്. ഇരുട്ടിൽ നിന്ന് വെളിച്ചത്തേക്ക്.

എന്തുകൊണ്ടോ പാള പോലുള്ള മാലയും വളയും കാത് വേദനിപ്പിക്കുന്ന കമ്മലും തല വേദനിപ്പിക്കുന്നവിധം വയ്ക്കുന്ന മുല്ലപ്പൂവും എനിക്ക് വേണ്ടാ എന്ന എന്റെ തീരുമാനമാണ്  ഞാൻ നാടകത്തിൽ അഭിനയിച്ചു സ്വന്തമായി ഉണ്ടാക്കിയ 13.5 പവൻ സ്വർണ്ണം പോലും ഊരി സ്‍മിത ചേച്ചിയെ ഏൽപ്പിച്ചു പോയി കല്യാണം കഴിച്ചത്. എന്റെ ജയേഷേട്ടൻ കഴുത്തിൽ കെട്ടിയ താലി മാത്രമായിരുന്നു എന്റെ ശരീരത്തിലെ ഏക പൊന്ന്.

എന്റെ മകളെയും ഞാൻ പറഞ്ഞു പഠിപ്പിക്കും എന്റെ പൊന്നാണ് പൊന്ന്. പൊന്ന് തൂക്കി ചോദിക്കുന്ന ഒരാളും എന്റെ പൊന്നിനെ ചോദിച്ചു വരണ്ടാ എന്ന്. എന്റെ അച്ഛന്റെ ധീരമായ തീരുമാനം പോലെ.
 
പൊന്നിൻ കുടങ്ങളെല്ലാം പെണ്‍മക്കൾ ആണ് എന്ന് ഓരോ അച്ഛനമ്മമാർക്കും തോന്നട്ടെ.
                      എന്ന് ലക്ഷ്‍മി പ്രിയ ഒപ്പ്


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios