ലയാളത്തിൽ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ്. അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങൾക്ക് വേണ്ടി ഏറെ ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രം ഡിസംബർ പകുതിയോടെ ഷൂട്ടി​ഗ് ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ലാൽ ജോസ്. എന്നാൽ ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ അദ്ദേഹം പുറത്തുവിട്ടിട്ടില്ല. 

അറബിക്കഥക്കും ഡയമണ്ട് നെക്‌ലെസിനും ശേഷം ദുബായിൽ ചിത്രീകരിക്കുന്ന ഒരു മുഴുനീള സിനിമയാണ് വരാനിരിക്കുന്നതെന്ന് ലാൽ ജോസ് ഫേസ്ബുക്കിൽ കുറിക്കുന്നു. 'വീണ്ടും ദുബായിലേക്ക്, അറബിക്കഥക്കും ഡയമണ്ട് നെക് ലെയ്സിനും ശേഷം ദുബായിൽ ചിത്രീകരിക്കുന്ന ഒരു മുഴുനീള സിനിമ. ഡിസംബർ പകുതിയോടെ ഷൂട്ടിങ്ങ്. പ്രി പ്രൊഡക്ഷൻ കാലത്തെ ഒരു അറേബ്യൻ സൈക്കിൾ സവാരിയുടെ വിശേഷങ്ങൾ ആദ്യം പറയാം..സിനിമയുടെ വിശദാംശങ്ങൾ പിന്നാലെ അറിയിക്കാം', എന്നായിരുന്നു ലാൽ ജോസ് കുറിച്ചത്. ഒപ്പം ചിത്രത്തിന്റെ പ്രിപ്രൊഡക്ഷൻ കാലത്തെ അറേബ്യൻ സൈക്കിൾ സവാരിയുടെ വിശേഷങ്ങളും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്.

2007ൽ ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി ലാൽ ജോസ് അണിയിച്ചൊരുക്കിയ ചിത്രമാണ് അറബിക്കഥ. ചിത്രത്തിന്റെ പകുതിയിൽ കൂടുതൽ ഭാ​ഗവും ചിത്രീകരിച്ചതും ദുബായിൽ വച്ചായിരുന്നു. ഇന്ദ്രജിത്ത്, ജയസൂര്യ, സംവൃതാ സുനിൽ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരന്നിരുന്നു. 

2012-ല്‍ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഡയമണ്ട് നെക്‌ലെസ്. ഫഹദ് ഫാസില്‍, സംവൃത സുനില്‍, ഗൗതമി നായര്‍, അനുശ്രീ, ശ്രീനിവാസൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ സിനിമയും ദുബായിൽ വച്ചായിരുന്നു ചിത്രീകരിച്ചത്.