പട്ടാളം റിലീസ് സമയത്ത് മമ്മൂട്ടി, മോഹന്‍ലാല്‍ ആരാധകര്‍ തനിക്ക് എതിരായെന്ന് ലാല്‍ജോസ് പറയുന്നു
മമ്മൂട്ടി നായകനായ സിനിമയിലൂടെയായിരുന്നു ലാല്‍ ജോസിന്‍റെ സംവിധാന അരങ്ങേറ്റം. 1998 ല്‍ പുറത്തെത്തിയ ഒരു മറവത്തൂര്‍ കനവ് ആയിരുന്നു ചിത്രം. തിയറ്ററുകളില്‍ ട്രെന്‍ഡ് സെറ്ററുമായിരുന്നു ഈ സിനിമ. എന്നാല്‍ പിന്നീട് ഈ കൂട്ടുകെട്ടില്‍ പുറത്തെത്തിയ പട്ടാളം പരാജയമായി. വലിയ കാന്‍വാസിലും ബജറ്റിലും എത്തിയ പട്ടാളം പരാജയപ്പെട്ടതിനൊപ്പം താന്‍ നേരിട്ട ചില മോശം അനുഭവങ്ങളെക്കുറിച്ച് ലാല്‍ജോസ് അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു. സഫാരി ടിവിയുടെ ചരിത്രം എന്നിലൂടെ പരിപാടിയില്‍ സംസാരിക്കവെയാണ് ലാല്‍ജോസ് ഇക്കാര്യങ്ങള്‍ പങ്കുവച്ചത്.
പട്ടാളം റിലീസ് സമയത്ത് മമ്മൂട്ടി, മോഹന്‍ലാല്‍ ആരാധകര്‍ തനിക്ക് എതിരായെന്ന് ലാല്‍ജോസ് പറയുന്നു. പ്രിയനായകനെ തങ്ങള്‍ക്ക് താല്‍പര്യമില്ലാത്ത രീതിയില്‍ അവതരിപ്പിച്ചതാണ് മമ്മൂട്ടി ആരാധകരെ പ്രകോപിപ്പിച്ചതെങ്കില്‍ ചിത്രത്തിന്‍റെ റിലീസിന് മുന്‍പ് ലാല്‍ജോസ് നല്‍കിയ ഒരു അഭിമുഖത്തിലെ പരാമര്‍ശമാണ് മോഹന്‍ലാല്‍ ആരാധകരുടെ അനിഷ്ടത്തിന് ഇടയാക്കിയത്. "പട്ടാളത്തിന്‍റെ പ്രീ റിലീസ് പ്രൊമോഷണല്‍ ഇന്‍റര്‍വ്യൂകളില്‍ നേരിട്ട ചോദ്യമായിരുന്നു ചിത്രത്തിന്‍റെ ഉയര്‍ന്ന ബജറ്റ് സംബന്ധിച്ചുള്ളത്. മലയാള സിനിമയുടെ ബജറ്റ് കൂട്ടുന്നത് ശരിയാണോ എന്ന തരത്തിലായിരുന്നു ചോദ്യങ്ങള്‍. സിനിമയുടെ ബജറ്റ് തീരുമാനിക്കുന്നത് സംവിധായകനല്ലെന്നും കഥയാണെന്നുമായിരുന്നു എന്‍റെ മറുപടി. കഥ ആവശ്യപ്പെടുന്നത് എന്താണോ അതാണ് ഒരു സിനിമയുടെ ബജറ്റ്. അത് ഉദാഹരിക്കാന്‍ ഞാന്‍ പറഞ്ഞത് മമ്മൂക്ക ഒരു സമയത്ത് അഭിനയിച്ചിരുന്ന സിനിമകളെക്കുറിച്ച് പറഞ്ഞിരുന്ന കാര്യമാണ്. മമ്മൂക്ക, ഒരു പെട്ടി, ഒരു കുട്ടി, ഒരു ബെന്‍സ് കാര്‍ ഒക്കെയായി വന്ന ഫാമിലി ഡ്രാമ ചിത്രങ്ങള്‍. ആ സിനിമകള്‍ക്ക് വളരെ ചെറിയ ബജറ്റേ വേണ്ടിവന്നിരുന്നുള്ളൂ. അങ്ങനത്തെ ഒരു സിനിമയല്ലല്ലോ പട്ടാളമെന്നും മിലിട്ടറി കാമ്പ്യും ട്രക്കുകളും ഒരുപാട് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമൊക്കെ വരുന്ന സിനിമയല്ലേ എന്നും ഞാന്‍ പറഞ്ഞു. ആ ഇന്‍റര്‍വ്യൂ പക്ഷേ പിന്നീട് പട്ടാളത്തിന് വലിയ ബാധ്യതയായി", ലാല്‍ജോസ് പറയുന്നു.
"കാരണം പട്ടാളത്തിന് ഓപ്പോസിറ്റ് ആ സമയത്ത് വന്ന പടം ബാലേട്ടന്‍ ആയിരുന്നു. ഞാനീ പറഞ്ഞ ഉദാഹരണം ആ സിനിമയെ കളിയാക്കിയുള്ളതാണെന്ന് മോഹന്‍ലാല്‍ ഫാന്‍സ് ധരിച്ചു. എനിക്ക് ആ സിനിമയുടെ കഥ എന്താണെന്ന് പോലും ആ സമയത്ത് അറിയില്ല. ഒരു കുട്ടിയും ഒരു പെട്ടിയിലുള്ള എന്തോ പരിപാടിയുമൊക്കെ ഉണ്ട് ആ സിനിമയില്‍. ഞാന്‍ അതിനെ കുത്തിയതാണെന്നാണ് അവര്‍ വിചാരിച്ചത്. ഇതേത്തുടര്‍ന്ന് പട്ടാളം റിലീസ് ചെയ്ത തിയറ്ററുകളിലൊക്കെ ഫാന്‍സ് തമ്മില്‍ ചെറിയ പ്രശ്നം ഉണ്ടായി. എനിക്കെതിരെയും ഒരുപാട് കമന്‍റുകള്‍ ഉണ്ടായി", ലാല്‍ജോസ് പറയുന്നു.
ചിത്രം നല്‍കിയ സങ്കടകരമായ ഒരു ഓര്‍മ്മയെക്കുറിച്ചും ലാല്‍ജോസ് പറയുന്നു. ഒരു മമ്മൂട്ടി ആരാധകന്‍റെ ഫോണ്‍കോള്‍ ആയിരുന്നു അത്.
"പടം റിലീസ് ചെയ്ത് പരാജയപ്പെട്ട് കഴിഞ്ഞപ്പോള്‍ ഒരു ദിവസം എന്‍റെ വീട്ടിലേക്ക് ഒരു ഫോണ്‍ കോള്‍ വന്നു. അന്ന് നാല് വയസുള്ള എന്‍റെ രണ്ടാമത്തെ മകളാണ് ഫോണ്‍ എടുത്തത്. നിന്‍റെ തന്ത വീട്ടിലുണ്ടോ എന്നാണ് വിളിച്ചയാള്‍ കുട്ടിയോട് ചോദിച്ചത്. അയാളോട് പറഞ്ഞേക്ക് മമ്മൂട്ടിയെന്ന മഹാനായ നടനെ ഓട്ടിന്‍പുറത്ത് കയറ്റുകയും പാമ്പിനെ പിടിപ്പിക്കുകയും പട്ടിയെ പിടിക്കാന്‍ ഓടിക്കുകയുമൊക്കെ ചെയ്ത് കോമാളിത്തരം കാണിച്ചതിന് അവന് മാപ്പില്ല. അവന്‍റെ കൈ ഞങ്ങള് വെട്ടുമെന്ന് പറഞ്ഞൂന്ന് പറ. പിന്നെ മോള്‍ എന്നെ വീട്ടില്‍ നിന്ന് പുറത്ത് പോകാന്‍ സമ്മതിക്കില്ലായിരുന്നു", ലാല്‍ജോസ് പറയുന്നു.
ALSO READ : മൗത്ത് പബ്ലിസിറ്റി കളക്ഷനിൽ പ്രതിഫലിച്ചോ? 'മാർക്ക് ആന്‍റണി' ആദ്യ 4 ദിനങ്ങളിൽ നേടിയത്
