ലോക്ക് ഡൗണ്‍ ആദ്യ ഘട്ടം പിൻവലിച്ച് കഴിഞ്ഞ് ആദ്യമായി ചിത്രീകരണം ആരംഭിച്ച മലയാള സിനിമയാണ് സുനാമി. സുനാമിയുടെ ചിത്രീകരണം പൂര്‍ത്തിയായിയെന്നാണ് അറിയിച്ചിരിക്കുന്നത്. അടുത്തിടെ സിനിമയുടെ ഫോട്ടോകള്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമ പൂര്‍ത്തിയായപോള്‍ സംവിധായകൻ ലാല്‍ എഴുതിയ കുറിപ്പാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ബുദ്ധിമുട്ടുകളുണ്ടായിരുന്നു. വെല്ലുവിളികള്‍ മറികടന്നാണ് ചിത്രം പൂര്‍ത്തീകരിച്ചത് എന്ന് ലാല്‍ പറയുന്നു.

ലാലിന്റെ കുറിപ്പ്

അങ്ങനെ പ്രതിസന്ധികള്‍ക്കും വെല്ലുവിളികള്‍ക്കും ഒടുവില്‍ ഇന്ന് ഞങ്ങള്‍ സുനാമി എന്ന ഞങ്ങളുടെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കുകയാണ്. 2020 ഫെബ്രുവരി അവസാനം തൃശൂരില്‍ ചിത്രീകരണം ആരംഭിക്കുമ്പോള്‍ ഞങ്ങളുടെ എല്ലാവരുടെയും മനസില്‍ ഉണ്ടായിരുന്നത് മാര്‍ച്ച് അവസാനം വരെ നീണ്ടുനില്‍ക്കുന്ന വേണ്ടപ്പെട്ട കുറെപേര്‍ ഒന്നിച്ചുള്ള ഒരു ആഘോഷം എന്നതായിരുന്നു. പക്ഷേ അവിചാരിതമായി വന്ന കൊവിഡ് വൈറസിന്റെ ആഘാതം ലോകത്തെ തന്നെ ഇരുട്ടിലേക്ക് തള്ളിവിട്ടപ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചുനില്‍ക്കാനെ ഞങ്ങള്‍ക്കും കഴിഞ്ഞുള്ളൂ. അങ്ങനെ ചിത്രീകരണം നിര്‍ത്തിവച്ചു. പക്ഷേ ഒന്നും എവിടെയും അവസാനിക്കുന്നതല്ലല്ലോ. അതും സിനിമ. തിരിച്ചടികള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും ഇടയില്‍ നിന്ന് പോരടിച്ച് തന്നെയാണ് എന്നും സിനിമ വിജയക്കൊടി പാറിച്ചിട്ടുള്ളത്. ആ ധൈര്യത്തില്‍ നിന്ന് കിട്ടിയ ചങ്കൂറ്റം കൊണ്ടുതന്നെയാണ് കൊവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തന്നെ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് വീണ്ടും ചിത്രീകരണം തുടങ്ങാൻ ഞങ്ങള്‍ തയ്യാറായതും. വാക്കുകളില്‍ ഒതുക്കുന്നില്ല, എല്ലാവരോടും ഉള്ള കടപ്പാടും നന്ദിയും ആശയക്കുഴപ്പങ്ങളുടെയും ഭീതിയുടെയും നിഴലില്‍ നില്‍ക്കുന്ന സമയത്ത് സ്വന്തം കുടുംബത്തെ വിട്ട് മാറി നിന്ന് വന്ന് സിനിമയ്‍ക്ക് വേണ്ടി രാപ്പകലുകള്‍ അധ്വാനിച്ചതിന്, നൂറോ നൂറ്റിയൻപതോ പേര്‍ ചേര്‍ന്ന് ചെയ്യേണ്ട ജോലികള്‍ വെറും അമ്പത് പേരായി ചേര്‍ന്ന് നിന്ന് ചെയ്‍ത് തീര്‍ത്ത് ചരിത്രം സൃഷ്‍ടിച്ചതിന്, നന്ദി.

ഇതൊരു തുടക്കം ആവട്ടെ, ഏത് മഹാമാരിക്ക് മുന്നിലും തളാരെ, തോറ്റുകൊടുക്കാത്ത അധ്വാനത്തിന്റെ വിലയറിയുന്ന ഒരു സമൂഹത്തിന്റെ തുടക്കം.

ബാലു വര്‍ഗീസ് ആണ് ചിത്രത്തില്‍ നായകനാകുന്നത്. സുരേഷ് കൃഷ്‍ണ, മുകേഷ്, അജു വര്‍ഗീസ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. ലാലിന്റെ തിരക്കഥയില്‍ മകനുമായി ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.