പ്രസ്‍തുത രംഗം താന്‍ ചിത്രീകരിച്ചത് 2019 ഡിസംബറില്‍ ആണെന്നും ട്രാന്‍സ് റിലീസ് ചെയ്യപ്പെട്ടത് 2020 ഫെബ്രുവരി 20ന് ആണെന്നും പ്രശാന്ത് പറയുന്നു

മംമ്ത മോഹന്‍ദാസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ത്രില്ലര്‍ ചിത്രമാണ് ലാല്‍ബാഗ്. ബംഗളൂരുവില്‍ ജോലി നോക്കുന്ന മലയാളി നഴ്സ് ആണ് മംമ്തയുടെ കഥാപാത്രം. ചിത്രത്തിന്‍റെ റിലീസ് അനൗണ്‍സ്‍മെന്‍റ് ടീസര്‍ ഒരാഴ്ചയ്ക്കു മുന്‍പ് പുറത്തെത്തിയിരുന്നു. കൈയടികള്‍ക്കൊപ്പം ടീസറിലെ ചില രംഗങ്ങളെക്കുറിച്ച് ചില പ്രേക്ഷകര്‍ ഒരു വിമര്‍ശനവും ഉയര്‍ത്തിയിരുന്നു. ചിത്രത്തിലെ മംമ്തയുടെ ഒരു രംഗത്തിന് 'ട്രാന്‍സി'ലെ ഫഹദിന്‍റെ ഒരു രംഗത്തോട് സാമ്യമുണ്ട് എന്നതായിരുന്നു അത്. ഈ രംഗം കോപ്പിയടിയാണെന്ന ആരോപണവും പിന്നാലെയെത്തി. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ പ്രശാന്ത് മുരളി പദ്‍മനാഭന്‍.

പ്രസ്‍തുത രംഗം താന്‍ ചിത്രീകരിച്ചത് 2019 ഡിസംബറില്‍ ആണെന്നും ട്രാന്‍സ് റിലീസ് ചെയ്യപ്പെട്ടത് 2020 ഫെബ്രുവരി 20ന് ആണെന്നും പ്രശാന്ത് പറയുന്നു. സിനിമ കാണാതെ ഇത്തരത്തില്‍ പബ്ലിക് ആയി കമന്‍റുകള്‍ ഇടുന്നത് ശരിയാണോ എന്നും സംവിധായകന്‍ ചോദിക്കുന്നു.

'ലാല്‍ബാഗ്' സംവിധായകന്‍ പറയുന്നു

ലാൽബാഗ് ടീസറിൽ നിങ്ങൾ കണ്ട ഈ സീൻ ഷൂട്ട് ചെയ്യുന്നത് 2019 ഡിസംബറിൽ ആണ്. സിനിമയുടെ പ്രധാനപ്പെട്ട സീനുകൾ ഒരു ഡയലോഗ് പോലുമില്ലാതെ ആളുകൾക്ക് മനസ്സിലാവും വിധം ചിത്രീകരിക്കുക (അതും നോർമൽ ആക്ടിവിറ്റി അല്ലാത്തത്) എന്നത് വളരെ ശ്രമകരമാണെന്ന് അറിയാമല്ലോ. ലാൽബാഗ് കാണുമ്പോൾ എന്തിന് ഈ സീൻ ഇങ്ങനെ ചെയ്തു എന്നത് കൃത്യമായി തന്നെ നിങ്ങൾക്ക് മനസ്സിലാവും. ഞാൻ ഇത്രയും പറഞ്ഞതിന്‍റെ കാരണം ടീസറിന്‍റെ യൂട്യൂബ് ലിങ്കിന് താഴെ ട്രാൻസ് സിനിമയിലെ ഒരു സീനുമായി താരതമ്യപ്പെടുത്തി കുറെ കമന്‍റ്സ് കണ്ടു. 2020 ഫെബ്രുവരി 20 ന് റിലീസ് ചെയ്ത ട്രാൻസ് കണ്ടിട്ട് ഞാൻ എങ്ങനെ 2019 ൽ ഇത് ഷൂട്ട് ചെയ്യും. ഇത് യാദൃശ്ചികം മാത്രമാണ്. കോപ്പി അല്ല. ഇനി ട്രാൻസിന്‍റെ പിന്നണിക്കാർ എന്നോട് പണ്ട് പറഞ്ഞിട്ട് ഞാൻ ഈ സീൻ എഴുതി എന്നാണെങ്കിൽ ട്രാൻസിന്‍റെ രചയിതാവായ വിൻസെൻന്‍റ് വടക്കനുമായോ അൻവർ റഷീദുമായോ എനിക്ക് ഒരു പരിചയവുമില്ല. അതുകൊണ്ട് സിനിമ കാണാതെ കാര്യങ്ങൾ അറിയാതെ പബ്ലിക് ആയി ഇങ്ങനെ കമന്‍റ് ഇടുന്നത് ശരിയാണോ. അതും നമ്മുടെ സിനിമാ വ്യവസായം കൂടുതൽ വഷളായി പോയിക്കൊണ്ടിരിക്കുന്ന ഈ സമയത്ത്. റിലീസ് ഡേറ്റ് വരെ അനൗൺസ് ചെയ്തിട്ട് എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്ന ലാൽബാഗ് പോലുള്ള വൻ താരനിര ഇല്ലാത്ത സിനിമകളെ പറ്റി 'Copycat' എന്നൊക്കെ പറയുന്നത് മോശമല്ലേ.. അല്ലേ..? സിനിമ മാത്രമല്ല.. ലോകം മുഴുവൻ മുന്നോട്ട് എന്തെന്നറിയാതെ നിൽക്കുന്ന ഈ അവസ്ഥയിൽ. Think Positive, Do Positive, Stay Positive.

YouTube video player