തന്റേതെന്ന പേരില്‍ വാട്ട്‌സ്ആപ്പില്‍ പ്രചരിക്കുന്നത് വ്യാജസന്ദേശമാണെന്ന വിശദീകരണവുമായി സംവിധായകന്‍ ലാല്‍ജോസ് നേരത്തേ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, പുതിയ സിനിമയുടെ തിരക്കുകള്‍ക്കിടയില്‍ വ്യാജസന്ദേശവുമായി ബന്ധപ്പെട്ട് വക്കീല്‍ ഓഫീസും പൊലീസ് കമ്മീഷണര്‍ ഓഫീസും കയറിയിറങ്ങേണ്ടിവരുന്നതിലെ നിസ്സഹായതയെക്കുറിച്ച് പറയുകയാണ് അദ്ദേഹം. ഒപ്പം സമാനമായ വിഷയം ചര്‍ച്ച ചെയ്യുന്ന 'വികൃതി' എന്ന സിനിമയെക്കുറിച്ചും ലാല്‍ജോസ് ഫേസ്ബുക്കില്‍ കുറിച്ചു.

ലാല്‍ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

'എന്റെ സിനിമ നാല്‍പ്പത്തിയൊന്നിന്റെ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ തിരക്കുകളുമായി നെട്ടോട്ടമോടുന്നതിനിടെ വക്കീലാപ്പീസും പോലീസ് കമ്മീഷണര്‍ ഓഫീസും ഒക്കെ കേറിയിറങ്ങണ്ട അവസ്ഥ. അതെത്ര സങ്കടകരവും അരോചകവുമാണ്. എന്റേതെന്ന പേരില്‍ ചിലര്‍ പ്രചരിപ്പിക്കുന്ന വോയ്‌സ് ക്ലിപ്പിനെതിരെ ഞാന്‍ നല്‍കിയ പരാതിയില്‍ മാതൃകാപരമായ നടപടി പോലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്.

ഇതിനിടെയാണ് വികൃതി എന്ന സിനിമ കണ്ടത്. മൊബൈല്‍ ഫോണും സാമൂഹ്യ മാദ്ധ്യമത്തില്‍ ഒരു അക്കൗണ്ടും ഉള്ള ആര്‍ക്കും ആരുടേയും ജീവിതം തകര്‍ത്തെറിയാന്‍ പറ്റുന്ന ഈ കാലത്ത് ഈ വിഷയത്തെ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്ന സിനിമയാണിത്. സൗബിന്‍, സുരാജ്, സുരഭി തുടങ്ങി ചെറിയ വേഷങ്ങള്‍ ചെയ്തവര്‍ വരെ റോളുകള്‍ മനോഹരമാക്കിയിരിക്കുന്നു. എന്റെ സ്വകാര്യ അഹങ്കാരം വിന്‍സിയാണ്. മഴവില്‍ മനോരമയിലെ നായികാ നായകന്‍ റിയാലിറ്റി ഷോയിലൂടെ ഞങ്ങള്‍ കണ്ടത്തിയ നടി. അവളുടെ പെര്‍ഫോമന്‍സ് കണ്ടപ്പോള്‍ അഭിമാനം തോന്നി. വികൃതിയുടെ സംവിധായകന്‍ എംസി ജോസഫ്, തിരക്കഥാകൃത്ത് അജീഷ് പി തോമസ് മറ്റ് അണിയറക്കാര്‍ ഏവര്‍ക്കും അഭിനന്ദനങ്ങള്‍. മലയാളി കുടുംബങ്ങള്‍ കണ്ടിരിക്കേണ്ട സിനിമയാണ് വികൃതി. ഇത്തരം സിനിമകള്‍ കണ്ടിട്ടെങ്കിലും സൈബര്‍ ഇടത്തെ മാലിന്യങ്ങളെ നമുക്ക് തുടച്ചു മാറ്റാനായെങ്കില്‍.'

സിനിമാചിത്രീകരണത്തിനിടെ വിനോദസഞ്ചാര മേഖലകളായ തൃശൂര്‍ ചപ്പാറയിലും വാഴാനി ഡാമിലും പോയിരുന്നെന്നും അവിടെ യുവതീയുവാക്കളും വിദ്യാര്‍ഥികളും സദാചാരവിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെടുകയാണെന്നുമാണ് ലാല്‍ജോസിന്റെ പേരില്‍ പ്രചരിപ്പിക്കപ്പെട്ട വ്യാജ ഓഡിയോ ക്ലിപ്പ്. ഈ വോയിസ് രക്ഷിതാക്കളിലേക്ക് മാക്‌സിമം ഷെയര്‍ ചെയ്യുക എന്ന ആഹ്വാനവുമായാണ് 12 മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലിപ്പ് പ്രചരിക്കപ്പെട്ടത്. ഇതിനുപിന്നാലെ ഇത് വ്യാജമാണെന്ന് വ്യക്തമാക്കിക്കൊണ്ട് ലാല്‍ജോസിന്റെ ഒരു ഓഡിയോസന്ദേശവും പുറത്തെത്തിയിരുന്നു. അത് ഇങ്ങനെയായിരുന്നു..

'ഒരു സഹായം അഭ്യര്‍ഥിക്കാനാണ് ഞാനീ മെസേജ് ചെയ്യുന്നത്. ഞാന്‍ ലാലുവാണ്. എന്റെ പേരില്‍ വാട്ട്‌സ്ആപ് ഗ്രൂപ്പുകളില്‍ ഒരു ഓഡിയോ പ്രചരിക്കുന്നുണ്ട്, ഞാന്‍ പറഞ്ഞൂന്ന് പറഞ്ഞിട്ട്. അത് ഫെയ്ക്ക് ആണ്. നിങ്ങള്‍ക്കാര്‍ക്കേലും കിട്ടുകയാണെങ്കില്‍ ദയവുചെയ്ത് അത് പോസ്റ്റ് ചെയ്യരുത്. ആരെങ്കിലും അയയ്ക്കുകയാണെങ്കില്‍ അപ്പൊച്ചന്നെ ഡിലീറ്റ് ചെയ്തിട്ട് അത് അയച്ച ആളോട് പറയുക ഫെയ്ക്കാണ് എന്ന്. ഞാന്‍ സൈബര്‍ സെല്ലില്‍ കംപ്ലയിന്റ് ചെയ്തിട്ടുണ്ട്. ലീഗല്‍ ആക്ഷന്‍സ് ഉണ്ടാവുമെന്ന് ഈ അയയ്ക്കുന്ന ആളുകളോട് പറയുക. അത് എന്റെ ശബ്ദവുമല്ല, ഞാന്‍ പറഞ്ഞതുമല്ല.'