Asianet News MalayalamAsianet News Malayalam

'ഈ പൂച്ചയെ വെള്ളിത്തിരയില്‍ കാണാം'; ലാല്‍ജോസ് ചിത്രത്തിന് പേരിട്ടു

മംമ്ത മോഹന്‍ദാസ് നായികയാവുന്ന ചിത്രത്തിന്‍റെ തിരക്കഥ ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്‍റേതാണ്. ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരന്‍ ദസ്‍തഗീറിന്‍റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്

laljose new movie named meaw
Author
Thiruvananthapuram, First Published Dec 20, 2020, 10:59 AM IST

സൗബിന്‍ ഷാഹിറിനെ നായകനാക്കി ലാല്‍ജോസ് ദുബൈയില്‍ ചിത്രീകരണം ആരംഭിച്ച സിനിമയ്ക്ക് 'മ്യാവൂ' എന്ന് പേരിട്ടു. ടൈറ്റില്‍ പോസ്റ്ററിനൊപ്പമാണ് സോഷ്യല്‍ മീഡിയയിലൂടെ ലാല്‍ജോസ് പേര് പ്രഖ്യാപിച്ചത്. അറബിക്കഥയ്ക്കും ഡയമണ്ട് നെക്ലെയ്‍സിനും ശേഷം ദുബൈയില്‍ ചിത്രീകരിക്കുന്ന ലാല്‍ജോസ് ചിത്രമാണിത്. എന്നാല്‍ ഇക്കുറി ഷൂട്ടിംഗ് പൂര്‍ണ്ണമായും ഗള്‍ഫിലാണ് എന്ന പ്രത്യേകതയുണ്ട്.

മംമ്ത മോഹന്‍ദാസ് നായികയാവുന്ന ചിത്രത്തിന്‍റെ തിരക്കഥ ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്‍റേതാണ്. ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരന്‍ ദസ്‍തഗീറിന്‍റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. ലാല്‍ജോസിനുവേണ്ടി ഇക്ബാല്‍ കുറ്റിപ്പുറം ഒരുക്കുന്ന നാലാമത്തെ തിരക്കഥയാണ് ഇത്. അറബിക്കഥ, ഡയമണ്ട് നെക്‍ലെയ്‍സ്, വിക്രമാദിത്യന്‍ എന്നിവയാണ് ഈ കൂട്ടുകെട്ടില്‍ നേരത്തെ എത്തിയിട്ടുള്ള മൂന്ന് ചിത്രങ്ങള്‍. സലിം കുമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം മറുനാടന്‍ വേദികളില്‍ കഴിവ് തെളിയിച്ച ഒരുപിടി പ്രവാസി കലാകാരന്മാരും കഥാപാത്രങ്ങളെ അവതരിപ്പിക്കും. യാസ്‍മിന എന്ന റഷ്യന്‍ യുവതിയും ഒരു പൂച്ചയും കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 

തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറില്‍ തോമസ് തിരുവല്ലയാണ് നിര്‍മ്മാണം. ഛായാഗ്രഹണം അജ്‍മല്‍ ബാബു. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ്സ് സംഗീതം പകരുന്നു.  കല അജയന്‍ മങ്ങാട്. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍. വസ്ത്രാലങ്കാരം സമീറ സനീഷ്. സ്റ്റില്‍സ് ജയപ്രകാശ് പയ്യന്നൂര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രഘു രാമ വര്‍മ്മ. വിതരണം എല്‍ ജെ ഫിലിംസ്.

Follow Us:
Download App:
  • android
  • ios