ഇരു പകുതികളിലും ടീമുകള്‍ ഗോളുകളൊന്നും അടിക്കാതിരുന്നതോടെ എക്സ്ട്രാ ടൈമിലേക്ക് നീണ്ട കളി ഫുട്ബോള്‍ ആരാധകര്‍ക്ക് ആവേശകരമായ നിമിഷങ്ങളാണ് സമ്മാനിച്ചത്
ഫുട്ബോള്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ മത്സരങ്ങളിലേക്ക് കടന്നതോടെ കായിയ പ്രേമികള്‍ ആവേശത്തിന്‍റെ പരകോടിയിലാണ്. കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള ബ്രസീല്‍, അര്‍ജന്‍റീന ടീമുകള്‍ ക്വാര്‍ട്ടറില്‍ ഇടംപിടിച്ചു എന്നത് മലയാളി ഫുട്ബോള്‍ പ്രേമികളെ സംബന്ധിച്ച് ആവേശം ഉയര്‍ത്തിയ പ്രധാന ഘടകമാണ്. എന്നാല്‍ അടിമുടി ആവേശം നിറഞ്ഞുനിന്ന നാടകീയ ഗെയിമില്‍ നെതര്‍ലന്‍ഡ്സിനെ ഷൂട്ടൌട്ടില്‍ പരാജയപ്പെടുത്തി അര്‍ജന്‍റീന സെമിയിലേക്ക് പ്രവേശിച്ചപ്പോള്‍ ക്രൊയേഷ്യയോട് അടിയറവ് പറയാനായിരുന്നു ബ്രസീലിന്‍റെ നിയോഗം. മലയാളി ചലച്ചിത്ര പ്രവര്‍ത്തകരില്‍ പലരും ഖത്തറില്‍ നടക്കുന്ന ലോകകപ്പ് നേരില്‍ കാണാന്‍ എത്തിയിട്ടുണ്ട്. മറ്റു പലരും സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ ആവേശം പങ്കുവെക്കുന്നുമുണ്ട്. ഇപ്പോഴിതാ തന്‍റെ ഇഷ്ട ടീമായ ബ്രസീല്‍ പുറത്തായതിലെ സങ്കടം പങ്കുവച്ചിരിക്കുകയാണ് നടന്‍ ലാലു അലക്സ്.
താന്‍ അഭിനയിച്ച പുതിയ ചിത്രം ഗോള്‍ഡിലെ തന്‍റെ കഥാപാത്രമായ ഐഡിയ ഷാജിയുടെ സ്റ്റില്‍ പങ്കുവച്ചുകൊണ്ടാണ് ലാലു അലക്സിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. സുഹൃത്തുക്കളെ, ഐഡിയ ഷാജി ഞെട്ടലിലാണ്. അസ്വസ്ഥനാണ്. ബ്രസീല്‍ പരാജയപ്പെട്ടിരിക്കുന്നു. ഏറെ ദു:ഖകരം, ലാലു അലക്സ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഇരു പകുതികളിലും ടീമുകള്‍ ഗോളുകളൊന്നും അടിക്കാതിരുന്നതോടെ എക്സ്ട്രാ ടൈമിലേക്ക് നീണ്ട കളി ഫുട്ബോള്‍ ആരാധകര്‍ക്ക് ആവേശകരമായ നിമിഷങ്ങളാണ് സമ്മാനിച്ചത്. എന്നാല്‍ 106-ാം മിനിറ്റില്‍ നെയ്മര്‍ ബ്രസീലിനെ മുന്നിലെത്തിച്ചു. അതേസമയം ബ്രസീല്‍ ആരാധകരുടെ ആഹ്ലാദത്തിന് ആയുസ് കുറവായിരുന്നു. 116-ാം മിനിറ്റില്‍ ബ്രൂണോ പെറ്റ്കോവിച്ചിന്‍റെ ലോംഗ് റേഞ്ചര്‍ ബ്രസീലിന്‍റെ വലയില്‍ എത്തിയതോടെ കളി ഷൂട്ടൌട്ടിലേക്ക് നീളുകയായിരുന്നു. ഷൂട്ടൌട്ടില്‍ 4-2 മാര്‍ജിനിലാണ് ക്രൊയേഷ്യ പ്രവചനങ്ങളെയൊക്കെ കാറ്റില്‍ പറത്തിക്കൊണ്ട് ഫുട്ബോള്‍ എന്ന ബ്യൂട്ടിഫുള്‍ ഗെയിമിന്‍റെ അപ്രവചനീയത ആഘോഷിച്ചത്. നെതര്‍ലാന്‍ഡ്സിനെ പരാജയപ്പെടുത്തിയ അര്‍ജന്‍റീനയാണ് സെമിയില്‍ ക്രൊയേഷ്യയുടെ എതിരാളികള്‍.
ALSO READ : വിമാനത്തിന്‍റെ കോക്ക്പിറ്റില്‍ കയറാന്‍ ശ്രമം; നടന്‍ ഷൈന്‍ ടോം ചാക്കോയെ ഇറക്കിവിട്ടു
