'ബ്രോ ഡാഡി' ചിത്രത്തിലെ ലാലു അലക്സിന്റെ കഥാപാത്രത്തെ ഏറ്റെടുത്തിരിക്കുകയാണ് ട്രോളര്‍മാര്‍.

ലാലു അലക്സ് (Lalu Alex) ഒരിടവേളയ്‍ക്ക് ശേഷം തകര്‍പ്പൻ പ്രകടനവുമായി തിരിച്ചെത്തിയിരിക്കുകയാണ്. 'ബ്രോ ഡാഡി' എന്ന ചിത്രത്തില്‍ 'കുര്യൻ' ആയി നടത്തിയ അഭിനയമാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. ലാലു അലക്സിന്റെ അഭിനയത്തെ അഭിനന്ദിച്ച് ഒട്ടേറെ പേരാണ് രംഗത്ത് എത്തിയത്. ലാലു അലക്സിന്റെ ഒരു ട്രോള്‍ വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്.

ലാലു അലക്സിന്റെ കഥാപാത്രം മാമോദീസ ചടങ്ങില്‍ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള അബദ്ധത്തിന്റെ രംഗങ്ങളാണ് ട്രോളുകള്‍ക്ക് കാരണം. പൃഥ്വിരാജിന്റെ നായക കഥാപാത്രം കാരണം ലാലു അലക്സിന്റെ ദേഹത്ത് കറി വീഴുന്നു. അലക്കിയിട്ടും അത് ഒട്ടും പോകുന്നില്ല. ലാലു അലക്സിന്റെ കഥാപാത്രത്തിന് പട്ടായയില്‍ നിന്നുകൊണ്ടുന്ന വസ്‍ത്രം ധരിക്കേണ്ടി വരുകയും ചെയ്‍തത് 'പുലിവാല്‍ കല്യാണം' എന്ന ചിത്രത്തിലെ രംഗത്തില്‍ ജഗതിയുടെ കഥാപാത്രത്തോട് ചെയ്‍തതിന്റെ കര്‍മഫലമാണെന്നാണ് ട്രോള്‍.

ജയസൂര്യ നായകനായ ചിത്രം 'പുലിവാല്‍ കല്യാണ'ത്തില്‍ ലാലു അലക്സിന്റെ കഥാപാത്രത്തിന് ഇതുപോലൊരു അബദ്ധം സംഭവിക്കുന്നുണ്ട്. ലാലു അലക്സിന് ഒരു ടീഷര്‍ട്ട് ധരിച്ച് മീറ്റിംഗിന് പോകേണ്ട ഗതികേട് വരുന്നു. ലാലു അലക്സ് ചിത്രത്തില്‍ തന്റെ മാനേജറായ ജഗതിയുടെ കഥാപാത്രം 'പരാമനന്ദ'ത്തിന്റെ വസ്‍ത്രം ധരിച്ചാണ് ഒടുവില്‍ മീറ്റിംഗിന് പങ്കെടുക്കുന്നത്. ലാലു അലക്സിന്റെ കഥാപാത്രത്തിന്റെ ടീഷര്‍ട്ട് ധരിക്കേണ്ടി വന്ന ജഗതിയെ ആള്‍ക്കാര്‍ തുറിച്ചുനോക്കുന്ന ട്രോളുകള്‍ ഇപ്പോഴും സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാണ്.

'പുലിവാല്‍ കല്യാണം' ചിത്രത്തിലെ രംഗത്തില്‍ ലാലു അലക്സ് കഥാപാത്രം ചെയ്‍തതിന്റെ കര്‍മഫലമാണ് 'ബ്രോ ഡാഡി'യില്‍ കിട്ടിയത് എന്നാണ് ട്രോള്‍. വലിയ ഷര്‍ട്ടുമിട്ട് ചിത്രത്തില്‍ ഗ്രൂപ്പ് ഫോട്ടോയ്‍ക്ക് നില്‍ക്കുന്ന ലാലു അലക്സിന്റെ ഭാവങ്ങള്‍ക്ക് ചിരിക്ക് വകനല്‍കുന്നതായിരുന്നു. ലാലു അലക്സ് ചിത്രത്തില്‍ വളരെ മികവോടെയാണ് അഭിനയിച്ചിരിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്‍ത 'ബ്രോ ഡാഡി' ലാലു അലക്സിന്റെ വൻ തിരിച്ചുവരവായി മാറിയിരിക്കുകയാണ്.