ഭാരതരത്നമടക്കം പരമോന്നത ബഹുമതികൾ നൽകി രാഷ്ട്രം ആദരിച്ച മഹാപ്രതിഭയുടെ വിയോഗത്തിൽ രണ്ട് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.

മുംബൈ: ഏഴ് പതിറ്റാണ്ടിലേറെ ഇന്ത്യയുടെ ആത്മാവിലൂടെയൊഴുകിയ സ്വരം നിലച്ചു. രാജ്യത്തിന്റെ മഹാഗായിക ലത മങ്കേഷ്‌കറിന്‍റെ (Lata Mangeshkar) സംസ്കാരം പൂര്‍ണ ഔ​ദ്യോ​ഗിക ബഹുമതികളോടെ നടന്നു. 92-ാം വയസിലാണ് ഇന്ത്യയുടെ വാനമ്പാടി വിടവാങ്ങിയത്. കൊവിഡ് ബാധിതയായി മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാരതരത്നമടക്കം പരമോന്നത ബഹുമതികൾ നൽകി രാഷ്ട്രം ആദരിച്ച മഹാപ്രതിഭയുടെ വിയോഗത്തിൽ രണ്ട് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ശിവാജി പാർക്കിൽ നടന്ന സംസ്കാര ചടങ്ങിൽ പ്രധാനമന്ത്രി നേരിട്ടെത്തി.

കൊവിഡ് കാലം നമ്മുടെയെല്ലാം ജീവിതത്തിൽ നിന്ന് ആ മഹാഗായികയെയും കൊണ്ടുപോയി. പക്ഷെ സംഗീത ലോകത്തിന് നൽകിയ മഹത്തായ സംഭവാനകളിലൂടെ നമ്മുടെയെല്ലാം ഓർമകളിൽ ഇനി ജ്വലിച്ച് നൽക്കും ഇന്ത്യയുടെ വാനമ്പാടി. രാവിലെ 8.12 ഓടെ ലതാ മങ്കേഷ്കരുടെ മരണം സ്ഥിരീകരിച്ചത്. കൊവിഡ് ബാധയെ തുടർന്ന് ജനുവരി 8 മുതൽ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 6 ദിവസം മുൻപ് രോഗമുക്തയായി ജീവിതത്തിലേക്ക് തിരിച്ച് വരുമെന്ന് സൂചന നൽകിയ ശേഷമാണ് മരണം. ആരോഗ്യ നില മോശമായതിനെ തുടർന്ന് ഇന്നലെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. 2019ൽ സമാന സാഹചര്യത്തിൽ ഒരുമാസത്തോളം ആശുപത്രിയിൽ കഴിഞ്ഞെങ്കിലും സാധാരണ ജീവിതത്തിലേക്ക് അത്ഭുതകരമായി തിരിച്ച് വന്നിരുന്നു. അങ്ങനെയൊരു അത്ഭുതം ഇത്തവണയുണ്ടായില്ല. പല അവയവങ്ങൾ ഒന്നിച്ച് പ്രവർത്തനരഹിതമായതോടെ ഡോക്ട‍മാരുടെ പരിശ്രമങ്ങൾ വിഫലമാവുകയായിരുന്നു. ഉച്ചയോടെ പെഡ്ഡാർ റോഡിലെ വസതിയിൽ മൃതദേഹം ആദ്യം എത്തിച്ചു. അമിതാഭ് ബച്ചൻ അടക്കമുള്ള പ്രമുഖർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. വൈകീട്ട് നാല് മണിയോടെ വിലാപയാത്രയായി ശിവാജി പാർക്കിലേക്ക്. അവസാനമായി ഒരുനോക്ക് കാണാൻ ആറ് മണിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി.

Also Read: ലതാ മങ്കേഷ്‌കര്‍ക്ക് വിട, മുംബൈയിലെത്തി അന്തിമോപചാരമർപ്പിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മറ്റ് മന്ത്രിമാർ,എൻസിപി അധ്യക്ഷൻ ശരദ് പവാർ, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, ഷാരൂഖ് ഖാനും ആമിർഖാനും അടക്കം സിനിമാമേഖലയിൽ നിന്നുള്ളവരും അന്തിമോപചാരം അർ‍പ്പിക്കാൻ എത്തിയിരുന്നു, പൂ‍ർണ ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി. മഹാരാഷട്രസർക്കാർ ദുഖാചരണത്തിന്‍റെ ഭാഗമായി നാളെ അവധി പ്രഖ്യാപിച്ചു.