ലതാ മങ്കേഷ്‍കറുടെ മലയാള ഗാനത്തിന്റെ സംഗീത സംവിധായകൻ സലിൽ ചൗധരിയാണ്.
'കദളീ കണ്‍കദളി ചെങ്കദളീ പൂവേണോ..കവിളില്‍ പൂമദമുള്ളൊരു പെണ്‍പൂ വേണോ പൂക്കാരാ..’- കാലങ്ങൾക്കിപ്പുറവും മലയാളികള്‍ ഇന്നും ഹൃദയത്തിലേറ്റുന്ന പ്രിയ ഗാനങ്ങളിലൊന്നാണ് ഈ പാട്ട്. എത്ര കേട്ടാലും മതിവരാത്ത ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കിയ നിത്യ സുന്ദരഗാനം. ഒരുപക്ഷെ ഒരിക്കലെങ്കിലും ഈ പാട്ട് മൂളിനോക്കാത്തവർ വിരളമായിരിക്കും. ഗാനം പാടിയതാകട്ടെ, ബോളിവുഡ് സിനിമയുടെ ഏഴു പതിറ്റാണ്ട് കാലം നായികമാരുടെ സംഗീത ശബ്‍ദമായി മാറിയ ലതാ മങ്കേഷ്‍കറും (Lata Mangeshkar).
1974ൽ പുറത്തിറങ്ങിയ 'നെല്ല്' എന്ന ചിത്രത്തിനു വേണ്ടിയാണ് ലതാ മങ്കേഷ്‌കര്‍ 'കദളീ കണ്‍കദളി' ആലപിച്ചത്. ഇത് തന്നെയായിരുന്നു പ്രിയഗായികയുടെ ആദ്യ മലയാള ഗാനവും. രാമു കാര്യാടിന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രത്തിലെ ഗാത്തിന് ഈണം നൽകിയത് സലിൽ ചൗധരിയാണ്. വയലാർ രാമവർമ്മയാണ് എഴുതിയത്. ജയഭാരതിയായിരുന്നു ചിത്രത്തിലെ നായിക.
1957ൽ 'ശ്രീ രാമുലു നായിഡു' തന്റെ തന്നെ 'മലൈകള്ളൻ' എന്ന തമിഴ് ചിത്രം മലയാളത്തിലേക്ക് 'തസ്‍കരരവീരൻ ' എന്ന പേരിൽ സംവിധാനം ചെയ്‌തപ്പോൾ, കഭീ ഖാമോഷ് രഹ്‍തേ ഹേ('ആസാദ്' എന്ന ചിത്രത്തില്‍ നിന്നു പുനരാലാപനം) എന്ന ഒരു ഹിന്ദി ഗാനം ഉണ്ടായിരുന്നു. അത് പാടിയത് ലതാജി ആണ്. 1974 ൽ ഹരിഹരൻ സംവിധാനം ചെയ്‍ത 'അയലത്തെ സുന്ദരി'എന്ന ചിത്രത്തിലും'കോര കഗാസ്'എന്ന് തുടങ്ങുന്ന ഒരു ഹിന്ദി ഗാനമുണ്ടായിരുന്നു. ഈ യുഗ്മ ഗാനത്തിലെ സ്‍ത്രീ ശബ്‌ദവും ലതാജി തന്നെ ആയിരുന്നു.

1942ൽ 'കിടി ഹസാൽ' എന്ന മറാത്തി ചിത്രത്തിൽ 'നാചു യാ ഗാഥേ, ഖേലു നാ മണി ഹാസ് ബാരി' എന്ന ഗാനമാണ് ആദ്യമായി ലതാജി ആലപിച്ചത്. 1943-ൽ ഗജാബാഹു എന്ന ചിത്രത്തിലെ 'മാതാ ഏക് സപൂത് കി ദുനിയാ ബദൽ ദേ തൂ' എന്നതാണ് ലതയുടെ ആദ്യ ഹിന്ദി ഗാനം. മജ്‌ബൂർ (1948) എന്ന ചിത്രത്തിലെ ഗുലാം ഹൈദർ സംഗീതസംവിധാനം ചെയ്‍ത 'മേരാ ദിൽ തോഡാ' എന്ന ഗാനമാണ് ലതാ മങ്കേഷ്‍കറെ ഗായികയെന്ന നിലയിൽ ശ്രദ്ധേയയാക്കിയത്. പിന്നീടിങ്ങോട്ട് ഇന്ത്യയിലെ വാനമ്പാടി എന്ന നിലയിലേക്കുള്ള ലതാജിയുടെ വളർച്ചയായിരുന്നു സിനിമാ ലോകം കണ്ടത്.
കദളീ' എന്ന് തുടങ്ങുന്ന ഒരേയൊരു ഗാനം മാത്രമാണ് മലയാളത്തില്‍ പാടിയതെങ്കിലും കേരളം ഹൃദയത്താല്‍ ഏറ്റെടുത്ത പാട്ടുകള്‍ നിരവധിയുണ്ട്. ലതാ മങ്കേഷ്‍കറുടെ ശബ്‍ദം അത്രമേല്‍ പ്രിയങ്കരമാണ് മലയാളത്തിനും. പ്രണയമായാലും വിരഹമായാലും മലയാളികള്‍ കൂട്ടുപിടിക്കുന്ന ഗാനങ്ങളില്‍ ലതാ മങ്കേഷ്‍കര്‍ക്ക് പ്രഥമപരിഗണനയാണ്. ലതാ മങ്കേഷ്‍കര്‍ പാടിയ ഒരു പാട്ടെങ്കിലും കേള്‍ക്കാത്ത ഒരു ദിവസം പോലും ഇന്ത്യക്കാരുടെ ജീവിതത്തിലുണ്ടാകില്ല. '

ലതാ മങ്കേഷ്‍കറിന്റെ പ്രണയഗാനങ്ങള്‍ (Lata Mangeshkar Romantic Video Songs)
പ്രണയിക്കാൻ തമിഴകം എന്നും ചേര്‍ത്തുപിടിക്കുന്ന ഒരു ഗാനമായിരിക്കും 'വളയോസൈ'. 'സത്യ' എന്ന ചിത്രത്തിന് വേണ്ടി 'വളയോസൈ' എസ് പി ബാലസുബ്രഹ്‍മണ്യനൊപ്പം ചേര്‍ന്നാണ് ലതാ മങ്കേഷ്‍കര്‍ ആലപിച്ചത്. 'ആജ്‍നബീ' എന്ന ചിത്രത്തിലെ 'ഹം ദോനോ ദൊ പ്രേമി', 'ദില്‍ തൊ പാഗല്‍ ഹെ'യിലെ 'പ്യാര്‍ കര്‍', 'വീര്‍- സറ' ചിത്രത്തിലെ 'തേരേ ലിയേ', 'ഗൈഡ്' എന്ന ചിത്രത്തിലെ 'ഗാത രഹേ മേരാ ദില്‍' തുടങ്ങിയെത്ര ഗാനങ്ങളാണ് പ്രണയത്തിനൊത്തൊപ്പം ചേര്‍ത്ത് ലതാ മങ്കേഷ്‍കര്‍ പാടിയിരിക്കുന്നത്.

ദേശഭക്തി നിറയും ഹിറ്റ് ഗാനങ്ങള്‍ (Lata Mangeshkar Patriotic Video)
ഭാരതരത്‍ന ലതാ മങ്കേഷ്‍കറുടേതായി ദേശഭക്തി തുളുമ്പുന്ന ഗാനങ്ങള്‍ ഒട്ടേറെയാണ് ഉള്ളത്. 'ഏ മേരെ വതൻ കെ ലോഗോ' എന്ന് തുടങ്ങുന്ന ഗാനമാണ് അതില്‍ പ്രധാനം. സി രാമചന്ദ്രയുടെ സംഗീതത്തിലായിരുന്നു ലതാ മങ്കേഷ്‍കറുടെ ആലാപനം. 'മേരെ രംഗ ദേ ബസന്തി ചോല എന്ന ഗാനവും പ്രശസ്‍തമാണ്. ഷഹീദ് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ആലാപനം. എന്നും ദേശസ്‍നേഹികള്‍ കേള്‍ക്കാൻ ആഗ്രഹിക്കുന്ന ഗാനങ്ങളാണ് ഇവ.

ദു:ഖാര്‍ദ്രമായ ഗാനങ്ങള്‍ (Lata Mangeshkar Sad Video Songs)
ലതാ മങ്കേഷ്‍കര്‍ ദു:ഖാര്‍ദ്രമായ ഗാനങ്ങളും ഒട്ടേറെ പാടിയിട്ടുണ്ട്. 'തൂം മുജ്‍സെ ദൂര്‍ ചലെ ഗന', 'മേഘാ ഛായെ ആധി രാത്', 'യേ കൈസ ന്യായ് തേരാ', 'ദൊ ദില്‍ ടൂടെ ദൊ ദില്‍ ഹാരെ', 'റോടെ റോടെ ഗുസാര്‍ ഗയി രാത്' തുടങ്ങിയ നിരവധി ഗാനങ്ങളാണ് ആ ഗണത്തിലുള്ളത്.

ക്ലാസിക്കല്‍ ഹിറ്റുകള്‍ (Lata Mangeshkar Classical hit songs)
മെലഡിയുടെ രാഞ്‍ജി എന്ന് അറിയപ്പെട്ടിരുന്നു ലതാ മങ്കേഷ്‍കറുടെ ക്ലാസ്സിക്കല്‍ ഹിറ്റുകള്‍ നിരവധിയാണ്. 'ലൗ ലഗാതി ഗീത് ഗാതി', 'മേരെ പിയാ സെ കോയി യേ', 'തും ചാന്ദ കെ സാത് ചലേ ആവോ', 'മേരെ ഖരാറ് ലേജാ', 'മുഖ് മോദ് ന ലേന സജന', 'മുഷ്‍കില്‍ ഹെ ബഹൊത്', 'ജാ രേ ജാ രേ ഉദ് ജാ രെ' തുടങ്ങിയ ഗാനങ്ങള്‍ ഇന്ത്യക്കാര്‍ എന്നും കേള്‍ക്കാൻ ആഗ്രഹിക്കുന്നവയാണ്.
