ഇന്ത്യയുടെ ഇതിഹാസ ഗായിക ലത മങ്കേഷ്‍കര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ശ്വാസകോശത്തില്‍ അണുബാധയേറ്റതിനെ തുടര്‍ന്നാണ് ലത മങ്കേഷ്‍കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലത മങ്കേഷ്‍കറുടെ ആരോഗ്യനില ഗുരുതരമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ലത മങ്കേഷ്‍കറുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നാണ് പുതിയ വാര്‍ത്ത.

ലതാ മങ്കേഷ്‍കറുടെ ആരോഗ്യനിലയില്‍ പ്രശ്‍നമില്ല, കൂടുതല്‍ മെച്ചപ്പെടുന്നു. എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്ക് നന്ദി. അവര്‍ ആരോഗ്യം വീണ്ടെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതും കാത്തിരിക്കുകയാണ് ഞങ്ങള്‍. ലത മങ്കേഷ്‍കറുടെ ആരോഗ്യനില സംബന്ധിച്ച് എല്ലാവരെയും വിവരങ്ങള്‍ അറിയിക്കുന്നതാണ്. അവര്‍ യഥാര്‍ഥ പോരാളിയാണ്- ലത മങ്കേഷ്‍കറുടെ കുടുംബം പുറത്തുവിട്ട പ്രസ്‍താവനയില്‍ പറയുന്നു. കുറച്ചു ദിവസത്തിനുള്ളില്‍ ലത മങ്കേഷ്‍കറെ ഡിസ്‍ചാര്‍ജ് ചെയ്യുമെന്ന് മരുമകള്‍ രചന ഷാ അറിയിച്ചു. ലത മങ്കേഷ്‍കറെ മുംബൈ ബ്രീച് കാൻഡി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നിരവധി ദേശീയ പുരസ്‍കാരങ്ങള്‍ നേടിയ ലത മങ്കേഷ്‍കറെ രാജ്യം ഭാരതരത്ന നല്‍കി ആദരിച്ചിട്ടുണ്ട്.