'ഫാലിമി'ക്ക് ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ ആക്ഷൻ എന്റർടെയ്‌നർ ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നു.

ഫാലിമി എന്ന ചിത്രത്തിന് ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകനായി എത്തുന്നുവെന്ന റിപ്പോർട്ടുകൾ. തിരുവനന്തപുരത്തെ ഒരു ലോക്കൽ ഗ്യാങ്സ്റ്ററിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് പറയപ്പെടുന്നത്. കഥ പറഞ്ഞപ്പോൾ മമ്മൂട്ടിക്ക് ഇഷ്ടമായെന്നും, ആക്ഷൻ എന്റർടെയ്നർ ഴോണറിലാണ് ചിത്രമൊരുങ്ങുന്നതെന്നും നിതീഷ് സഹദേവ് തന്നെയാണ് മാധ്യമങ്ങളോട് പറഞ്ഞത്.

"കഥ പറഞ്ഞപ്പോൾ മമ്മൂക്കയ്ക്ക് കണക്ട് ആയി. ഒരു റീഡിങ്ങ് കൂടി ഇരിക്കാമെന്ന് പറഞ്ഞു. അടുത്ത റീഡിങ്ങിൽ അത് ശരിയായി. സിനിമ ഒരു ആക്ഷൻ എന്റർടെയ്‌നറാണ്. അതിൽ എന്തെങ്കിലും പുതുമ കൊണ്ടുവരാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്." നിതീഷ് പറഞ്ഞു. കളങ്കാവലിനും, രാജമാണിക്യത്തിനും ശേഷം തിരുവനന്തപുരം സ്ലാങ്ങിൽ മമ്മൂട്ടി എത്തുന്ന ചിത്രമായിരിക്കും ഇത്.

അതേസമയം മമ്മൂട്ടി- വിനായകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ കളങ്കാവൽ ജനുവരി പതിനാറ് മുതൽ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുകയാണ്. സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ആഗോള ബോക്സ് ഓഫീസ് കളക്ഷനായി 75 കോടിയോളം നേടിയ ചിത്രം മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് നേടിയത്. മമ്മൂട്ടിയുടെയും വിനായകന്റെയും മികച്ച പ്രകടനമാണ് ചിത്രത്തിലെ ഏറ്റവും വലിയ പോസിറ്റിവ് എന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.

അതേസമയം ഏറ്റവും വേഗത്തിൽ 50 കോടി ക്ലബിൽ ഇടം പിടിച്ച മമ്മൂട്ടി ചിത്രമെന്ന റെക്കോർഡും കളങ്കാവൽ സ്വന്തമാക്കിയിരുന്നു. ഭീഷ്മപർവം, കണ്ണൂർ സ്‌ക്വാഡ്, ഭ്രമയുഗം, ടർബോ എന്നീ ചിത്രങ്ങൾക്ക് ശേഷം 50 കോടി ക്ലബിൽ ഇടം പിടിച്ച മമ്മൂട്ടി ചിത്രം കൂടിയാണ് കളങ്കാവൽ. മമ്മൂട്ടിക്കമ്പനിയുടെ ഏഴാം ചിത്രമായെത്തിയ കളങ്കാവൽ നവാഗതനായ ജിതിൻ ജോസാണ് സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടെയും വിനായകന്റെയും മികവാർന്ന പ്രകടനം തന്നെയാണ് സിനിമയുടെഏറ്റവും വലിയ പോസിറ്റിവ് എന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.കുറുപ്പ് എന്ന ചിത്രത്തിന്റെ കഥയെഴുതിയ ജിതിൻ കെ ജോസും ജിഷ്ണു ശ്രീകുമാറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

മലയാളത്തിൽ ആദ്യമായി 21 നായികമാർ ഒന്നിച്ചെത്തിയ ചിത്രം കൂടിയായിരുന്നു കളങ്കാവൽ. എട്ട് മാസങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയ മമ്മൂട്ടി ചിത്രമാണ് കളങ്കാവൽ. നേരത്തെ ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ബസൂക്ക ആയിരുന്നു ഏറ്റവും ഒടിവിലെത്തിയ മമ്മൂട്ടി ചിത്രം. എന്തായാലും വലിയ ഇടവേളയ്ക്ക് ശേഷം വീണ്ടും മമ്മൂക്കയുടെ ബോക്സ് ഓഫിസിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് കളങ്കാവലിലൂടെ നടക്കുന്നത് എന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ജിബിൻ ഗോപിനാഥ്, ബിജു പപ്പൻ, രജിഷ വിജയൻ, ഗായത്രി അരുൺ, മാളവിക, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.

YouTube video player