2020ൽ പുറത്തിറങ്ങിയ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ആണ് കോട്ടയം പ്രദീപിന്റെ റിലീസായ അവസാന ചിത്രം. 

സംഭാഷണത്തിലെ പ്രത്യേക താളം കൊണ്ട് മലയാളസിനിമയിൽ തന്റേതായ ഇടം നേടിയ ആളായിരുന്നു പ്രദീപ് കോട്ടയം(Kottayam Pradeep ). നാടകത്തിലൂടെ അഭിനയ രം​ഗത്തേക്ക് എത്തിയ നടൻ സിനിമയില്‍ വേറിട്ടൊരു ശൈലി മെനഞ്ഞെടുക്കുക ആയിരുന്നു. അച്ഛനും അമ്മാവനും കടക്കാരനും അയല്‍ക്കാരനുമായി സിനിമയില്‍ സജീവമായിരിക്കയുള്ള അദ്ദേഹത്തിന്റെ വിയോ​ഗം തീരാനഷ്ടം തന്നെയാണ്. 

"ഫിഷുണ്ട്‌... മട്ടനുണ്ട്‌... ചിക്കനുണ്ട്‌... കഴിച്ചോളൂ... കഴിച്ചോളൂ... "എന്ന ഡയലോ​ഗായിരുന്നു പ്രദീപിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. ഗൗതം വാസുദേവ് മേനോന്റെ തമിഴ് ചിത്രം 'വിണ്ണൈത്താണ്ടി വരുവായ'യിൽ ഈ സംഭാഷണം പ്രദീപ് പറഞ്ഞപ്പോൾ തിയറ്ററുകളിലും പ്രേക്ഷക മനസ്സിലും താരം ഇടംനേടുക ആയിരുന്നു. തൃഷയുടെ അമ്മാവനായിട്ടാണ് പ്രദീപ് ചിത്രത്തിൽ അഭിനയിച്ചത്. ഇതേ ഡയലോഗ്‌ തന്നെ സിനിമയുടെ തെലുങ്ക്‌, ഹിന്ദി പതിപ്പുകളിലും തരം പറഞ്ഞു. 

ആദ്യം സിനിമാ ക്യാമറയ്ക്ക് മുന്നില്‍ വരുന്നത് 1999 ല്‍ ഐവി ശശി ചിത്രമായ ഈ നാട് ഇന്നലെ വരെയിലൂടെയാണ്. നരേന്ദ്രപ്രസാദിനൊപ്പം ഒരു ചെറു വേഷമാണ് ആന്ന് പ്രദീപ് ചെയ്തത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ചെറിയ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു. വിനീത് ശ്രീനിവാസന്‍റെ തട്ടത്തിന്‍മറയത്തിലെ പൊലീസ് കോണ്‍സ്റ്റബിളിന്റെ വേഷം ഏറെ പ്രീതി പിടിച്ചുപറ്റിയിരുന്നു.

ആമേന്‍, ഒരു വടക്കന്‍ സെല്‍ഫി, സെവന്‍ത്ഡേ, പെരുച്ചാഴി, എന്നും എപ്പോഴും, ലൈഫ് ഓഫ് ജോസൂട്ടി , ആട് ഒരു ഭീകരജീവിയാണ്, അഞ്ചുസുന്ദരികള്‍, ജമ്നപ്യാരി, ഉട്ടോപ്യയിലെ രാജാവ്, അമര്‍ അക്ബര്‍ അന്തോണി, അടി കപ്യാരേ കൂട്ടമണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ തുടങ്ങിയ ചിത്രങ്ങളിലെ ശ്രദ്ധേയ വേഷങ്ങള്‍. തമിഴില്‍ രാജാ റാണി, നന്‍പനട, തെരി തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചു. വിജയ്, നയൻതാര, തുടങ്ങിയവർക്കൊപ്പവും പ്രദീപ് സ്ക്രീൻ പങ്കിട്ടു. 

പത്താം വയസ്സില്‍ എന്‍ എന്‍ പിള്ളയുടെ 'ഈശ്വരന്‍ അറസ്റ്റില്‍' എന്ന നാടകത്തില്‍ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ കോട്ടയം പ്രദീപ് 40 വര്‍ഷമായി നാടകരംഗത്ത് സജീവമാണ്. കൂടാതെ എല്‍ഐസി ഡിവിഷന്‍ ഓഫീസിലെ അസിസ്റ്റന്റായിരുന്നു. 

YouTube video player

കോട്ടയം ജില്ലയിലെ തിരുവാതുക്കലിലാണ് പ്രദീപ് ജനിച്ചതും വളര്‍ന്നതും. കാരാപ്പുഴ സര്‍ക്കാര്‍ സ്‌കൂള്‍, കോട്ടയം ബസേലിയസ് കോളജ്, കോപ്പറേറ്റീവ് കോളജ് എന്നിവടങ്ങളിലായി പഠനം പൂര്‍ത്തിയാക്കി. 1989 മുതല്‍ എല്‍ഐസിയില്‍ ജീവനക്കാരനാണ്. അവസ്ഥാന്തരങ്ങള്‍ എന്ന ടെലി സീരിയലിനു ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന് കണ്ട് മകനെയും കൂട്ടി സെറ്റിലെത്തിയപ്പോഴാണ് മകന് പകരം സീനിയര്‍ റോളില്‍ അച്ഛനായ, പ്രദീപിന് അവസരം ലഭിക്കുന്നത്. നിര്‍മാതാവ് പ്രേം പ്രകാശാണ് അദ്ദേഹത്തിന് ആ അവസരം നല്‍കിയത്. ഇതിനോടകം എഴുപതിലേറെ ചിത്രങ്ങളില്‍ പ്രദീപ് അഭിനയിച്ചിട്ടുണ്ട്. 

YouTube video player

2020ൽ പുറത്തിറങ്ങിയ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ആണ് കോട്ടയം പ്രദീപിന്റെ റിലീസായ അവസാന ചിത്രം. പത്താം വയസ്സിൽ എൻ.എൻ.പിള്ളയുടെ ‘ഈശ്വരൻ അറസ്റ്റിൽ’ എന്ന നാടകത്തിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ കോട്ടയം പ്രദീപ് അൻപത് വർഷമായി നാടകരംഗത്ത് സജീവമായിരുന്നു. മോഹന്‍ലാല്‍ നായകനായി എത്തുന്ന ആറാട്ടാണ് പ്രദീപ് അഭിനയിച്ച അവാസന ചിത്രം.