ഉറക്കമാണ് ഏക ആശ്വാസം, ഒരുനാൾ കണക്കുപറച്ചിലുകൾ കേൾക്കേണ്ടി വരും; നോവായി രഞ്ജുഷയുടെ പോസ്റ്റുകൾ
ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കഴിഞ്ഞ ദിവസമാണ് രജ്ഞുഷയെ കണ്ടെത്തിയത്.

മലയാള സിനിമ- സീരിയൽ രംഗത്തെ ഒന്നടങ്കം ഞെട്ടലിലാക്കിയ വാർത്ത ആയിരുന്നു നടി രജ്ഞുഷ മേനോന്റെ മരണം. ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കഴിഞ്ഞ ദിവസമാണ് രജ്ഞുഷയെ കണ്ടെത്തിയത്. പ്രിയ സഹപ്രവർത്തകയെ ഒരുനോക്ക് കാണാനായി നിരവധി പേരാണ് സംഭവ സ്ഥലത്ത് എത്തിച്ചേർന്നത്. രണ്ട് ദിവസം മുൻപ് വരെയും തങ്ങളോട് ഏറെ ഉത്സാഹത്തോടെ കളിച്ച് ചിരിച്ച് നടന്ന രഞ്ജുഷ എന്തിന് ഈ കടുംകൈ ചെയ്തു എന്നാണ് ഓരോരുത്തരും ചോദിക്കുന്നത്.
രഞ്ജുഷയുടെ മരണത്തിന് പിന്നാലെ അവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ശ്രദ്ധനേടുകയാണ്. ഇൻസ്റ്റാഗ്രാമിൽ മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് വരെയും റീൽസുകളിൽ സജീവമായിരുന്നു രഞ്ജുഷ. ഇൻസ്റ്റയിൽ ഭൂരിഭാഗവും റീൽസുകളാണ് നടി പങ്കുവച്ചിരുന്നത്. എന്നാൽ ഫേസ്ബുക്കിൽ നേരെ മറിച്ചാണ്. മോട്ടിവേഷൻ, വിശ്വാസം, വിഷാദം എന്നിവ പ്രതിപാദിക്കുന്ന വാചകങ്ങളും വീഡിയോകളും ആണ് രഞ്ജുഷ പങ്കുവച്ചിരുന്നത്.
'എന്റെ ഏക ആശ്വാസം ഉറക്കമാണ്. ആ വേളയിൽ എനിക്ക് ദുഃഖമില്ല, ദേഷ്യമില്ല, ഞാൻ തനിച്ചല്ല, ഞാൻ ഒന്നുമല്ല', എന്നാണ് ഒക്ടോബർ 16ന് രഞ്ജുഷ പങ്കുവച്ചിരിക്കുന്ന വാചകം. ഈ പോസ്റ്റുകൾക്ക് താഴെ നിരവധി പേരാണ് പ്രിയ താരത്തിന് അനുശോചനം അറിയിച്ചു കൊണ്ട് രംഗത്തെത്തുന്നത്.
അതേസമയം, "പൂവിൽ തേൻ ഉണ്ടെന്ന് കരുതി കായ മധുരിക്കണം എന്നില്ല. അതുപോലെ തന്നെയാണ് മനുഷ്യരും. അവരുടെ വാക്കുകളിൽ സ്നേഹം ഉണ്ടെന്ന് കരുതി ഹൃദയത്തിൽ സ്നേഹം ഉണ്ടാകണമെന്നില്ലല്ലോ. ആരെയും ആശ്രയിക്കാതെ ജീവിക്കണം. കാരണം ഒരുനാൾ ചില കണക്കുപറച്ചിലുകൾ കേൾക്കേണ്ടി വരും. ജീവിതത്തിലെ ഏറ്റവും വലിയ തിരച്ചറിവ് നമ്മൾ എപ്പോഴും തനിച്ചാണ് എന്നുള്ളതാണ്. ആരെങ്കിലും നമ്മളോട് ചോദിക്കുക ആണെങ്കിൽ, നിങ്ങളുടെ സ്വന്തക്കാർ ആരാണെന്ന് ചോദിച്ചാൽ അവരോട് പറയണം, അവസ്ഥ നല്ലതാണെങ്കിൽ എല്ലാവരും സ്വന്തക്കാരാണെന്ന്..അവസ്ഥ മോശമായാൽ സ്വന്തക്കാരുമില്ല ബന്ധുക്കളും ഇല്ല, കൂട്ടുകാരും ഇല്ല..അപ്പോൾ സാഹചര്യത്തിനൊത്ത് കൂടെ നിൽക്കുന്നവരാണ് എല്ലാവരും.. ഈ ഒരു തിരിച്ചറിവ് ഉണ്ടായാൽ മതി ജീവിതത്തിൽ നമ്മൾ തോറ്റു പോകത്തില്ല", എന്നാണ് ആറ് ദിവസം മുൻപ് രഞ്ജുഷ പങ്കുവച്ച വീഡിയോ.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..