റെഡ് ജയന്‍റുമായി പ്രശ്‍നമുണ്ടായെന്ന പ്രചരണത്തില്‍ വാസ്‍തവമുണ്ടോ? പ്രമുഖ നിര്‍മ്മാതാവ് പറയുന്നു

കോളിവുഡിലെ അപ്കമിം​ഗ് പ്രോജക്റ്റുകളില്‍ പ്രേക്ഷകര്‍ ഏറ്റവും കാത്തിരിക്കുന്ന ഒന്നാണ് വിജയ് നായകനാവുന്ന ലിയോ. യുവനിരയിലെ ഹിറ്റ് മേക്കര്‍ ലോകേഷ് കനകരാജ് കരിയറിലെ ഏറ്റവും വലിയ വിജയം വിക്രത്തിന് ശേഷം ചെയ്യുന്ന ചിത്രം എന്നതാണ് ലിയോയുടെ ഏറ്റവും വലിയ യുഎസ്‍പി. മാസ്റ്ററിന് ശേഷം വിജയും ലോകേഷും ഒരുമിക്കുന്ന ചിത്രവുമാണ് ഇത്. സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രം ഓരോ ദിവസവും വാര്‍ത്ത സൃഷ്ടിക്കുന്നുണ്ട്. ഇപ്പോഴിതാ തമിഴ്നാട് വിതരണാവകാശത്തില്‍ നിന്നും ലിയോ ഉണ്ടാക്കിയിരിക്കുന്ന നേട്ടത്തെക്കുറിച്ച് പറയുകയാണ് തമിഴിലെ പ്രമുഖ നിര്‍മ്മാതാവും വിതരണക്കാരനുമായ ജി ധനഞ്ജയന്‍.

തമിഴ്നാട് തിയറ്റര്‍ വിതരണാവകാശം വിറ്റ വകയില്‍ മാത്രം 101 കോടി രൂപയാണ് സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ സമാഹരിച്ചതെന്ന് അദ്ദേഹം പറയുന്നു. പ്രചരിക്കുന്നത് പോലെ ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസ് തമിഴ്നാട് വിതരണാവകാശത്തിനായി ലിയോ നിര്‍മ്മാതാവായ ലളിത് കുമാറിനെ സമീപിച്ചിട്ടില്ലെന്നും പറയുന്നു ധനഞ്ജയന്‍. "മിനിമം ​ഗ്യാരന്‍റിയായി 100 കോടി നേടണമെന്നായിരുന്നു ലളിത് സാറിന്. അത് അദ്ദേഹത്തിന് ലഭിച്ചിരിക്കുകയാണ്. 101 കോടിയാണ് തമിഴ്നാട് തിയട്രിക്കല്‍ റൈറ്റ്സിലൂടെ മാത്രം ലഭിച്ചത്. റെഡ് ജയന്റ് ചിത്രത്തിലേ ഉണ്ടായിരുന്നില്ല. അവര്‍ പണം മുടക്കി ചിത്രങ്ങള്‍ വാങ്ങാറില്ല. മറിച്ച് വിതരണം ചെയ്യുക മാത്രമാണ് ചെയ്യാറ്. പൊന്നിയിന്‍ സെല്‍വന്‍റെയും വിക്രത്തിന്‍റെയുമൊക്കെ കാര്യത്തില്‍ അങ്ങനെതന്നെ ആയിരുന്നു. അവര്‍ റിസ്ക് എടുക്കാറില്ല." 

"സെവന്‍ സ്ക്രീനിന്‍റെ ലക്ഷ്യം മനസിലാക്കിയതിനാല്‍ത്തന്നെ റെഡ് ജയന്‍റ് ഇക്കാര്യത്തിന് സമീപിച്ചിരുന്നില്ല. മിനിമം ​ഗ്യാരന്‍റിയുമായി ആരും സമീപിക്കാത്തപക്ഷം ചിത്രം റെഡ് ജയന്‍റിന് നല്‍കുമെന്ന് നേരത്തെ ലളിത് സാര്‍ പറഞ്ഞിരുന്നു. എന്നാല്‍ തമിഴ്നാട്ടിലെ ഓരോ പ്രദേശങ്ങളിലും ചിത്രത്തിന്‍റെ വില്‍പ്പന നടന്നിരിക്കുകയാണ്. അതിനാല്‍ തന്നെ ചിത്രം റെഡ് ജയന്‍റിന് നല്‍കേണ്ട ആവശ്യം വന്നില്ല. ഈ രണ്ട് കമ്പനികളും തമ്മില്‍ യാതൊരുവിധ തര്‍ക്കമോ അഭിപ്രായവ്യത്യാസമോ നിലവിലില്ല", ​ഗലാട്ടയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ധനഞ്ജയന്‍ പറഞ്ഞു.

ALSO READ : മറ്റൊരു പാന്‍ ഇന്ത്യന്‍ ചിത്രത്തിലേക്കും മോഹന്‍ലാല്‍; ഒപ്പം പ്രഭാസും നയന്‍താരയും!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക