രജനിക്ക് 'ജയിലറി'ൽ ബിഎംഡബ്ല്യു; സമ്മാനം വേണ്ടേന്ന് വിജയിയോട് നിർമാതാവ്, മറുപടിയിൽ ഞെട്ടി ആരാധകർ
ഒക്ടോബർ 19ന് ആണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ റിലീസ് ചെയ്തത്.

രണ്ട് മാസങ്ങൾ മുൻപ് റിലീസ് ചെയ്ത് ആരാധക- പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ ചിത്രമാണ് ജയിലർ. രജനികാന്ത് നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് നെൽസൺ ദിലീപ് കുമാർ ആയിരുന്നു. ചിത്രം വൻ വിജയമായതിന് പിന്നാലെ രജനികാന്തിന് നിർമാതാക്കൾ ബിഎംഡബ്ല്യു കാർ സമ്മാനമായി നൽകിയിരുന്നു. അതുപോലെ വിലകൂടിയ കാറുകൾ അനിരുദ്ധിനും നെല്‍സണും നൽകി. അത്തരത്തിൽ ലിയോ വിജയം നേടുമ്പോൾ സമ്മാനങ്ങൾ കൊടുക്കുമോ എന്ന ചോദ്യത്തിന് നിർമാതാവ് ലളിത് കുമാർ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
ബിഹൈൻഡ് വുഡ്സ് തമിഴിനോട് സംസാരിക്കുക ആയിരുന്നു സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ഉടമയായ ലളിത് കുമാർ. നേരത്തെ വിജയിയും ലോകേഷും ഒന്നിച്ച മാസ്റ്റർ നിർമിച്ചതും ഈ കമ്പനി ആയിരുന്നു. അന്ന് ചിത്രം വിജയിച്ചപ്പോൾ സമ്മാനത്തെ കുറിച്ച് വിജയിയോട് സൂചിപ്പിച്ചെന്നും എന്നാൽ ശമ്പളം നൽകിയല്ലോ എന്നായിരുന്നു വിജയ് പറഞ്ഞതെന്നും ലളിത് കുമാർ പറയുന്നു.
"മാസ്റ്റർ വിജയിച്ചപ്പോൾ സമ്മാനം നൽകാൻ ആലോചിച്ചതാണ്. ഇതേപറ്റി വിജയ് സാറിനോട് ചോദിച്ചപ്പോൾ, ശമ്പളം തന്നല്ലോ വേറെ ഒന്നും ഇനി ആവശ്യം ഇല്ലെന്നായിരുന്നു മറുപടി. ലിയോയ്ക്ക് ശേഷവും അദ്ദേഹത്തോട് സമ്മാനത്തെ കുറിച്ച് ചോദിക്കും. പക്ഷേ അതിന് അദ്ദേഹം സമ്മതിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. വിജയ് സാറിനോട് മാത്രമല്ല, ലോകേഷിനോടും ചോദിക്കും", എന്നാണ് ലളിത് കുമാർ പറഞ്ഞത്.
ഒക്ടോബർ 19ന് ആണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ റിലീസ് ചെയ്തത്. ആദ്യ ദിനം തന്നെ ബോക്സ് ഓഫീസിൽ റെക്കോർഡ് ഇട്ട ചിത്രത്തിൽ പാർത്ഥിപൻ, ലിയോ ദാസ് എന്നീ രണ്ട് കഥാപാത്രങ്ങളെ ആണ് വിജയ് അവതരിപ്പിച്ചത്. തൃഷ, ബാബു അന്റണി, അർജുൻ സർജ, സഞ്ജയ് ദത്ത്, മാത്യു തോമസ് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..