ഗായിക ലതാ മങ്കേഷ്‍കറിന് പാട്ടിന് പുറമേ ഏറ്റവും ഇഷ്‍ടം ക്രിക്കറ്റിനോടാണ്.
സുപ്രസിദ്ധ മറാഠി അഭിനേതാവും നാട്യസംഗീതജ്ഞനും ഹിന്ദുസ്ഥാനി വോക്കലിസ്റ്റുമായിരുന്ന പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്‌കർക്കും പത്‍നി സെവന്തിക്കും 1929 -ൽ ഒരു പെൺകുഞ്ഞ് ജനിച്ചപ്പോൾ അവർ അവൾക്കിട്ട പേര് ഹേമ എന്നായിരുന്നു. ആ കുഞ്ഞ് വളർന്നുവലുതായപ്പോൾ അച്ഛന്റെ നാടകങ്ങളിൽ അഭിനേത്രിയായി. താൻ ചെയ്ത ലതിക എന്ന ഒരു കഥാപാത്രം, നാടകത്തിനു തിരശീല വീണു, മേക്കപ്പഴിച്ചിട്ടും ഉള്ളിൽ നിന്നും ഉടലിൽ നിന്നും ഇറങ്ങിപ്പോവാതിരുന്നതുകൊണ്ട്, ഹേമ ഒരു സുപ്രഭാതത്തിൽ തന്റെ പേര് ലതിക എന്ന് മാറ്റുന്നു. അവൾ പിന്നീട് ഇന്ത്യൻ സിനിമാ സംഗീത മേഖലയിൽ ലതാ മങ്കേഷ്‌കർ എന്ന പേരിൽ അമൂല്യമായ സംഭാവനകൾ ചെയ്‍ത അതുല്യ കലാകാരിയായി വളർന്നു വന്നത് ചരിത്രത്തിന്റെ ഭാഗമാണ്.

ഹിന്ദി സിനിമാ സംഗീതത്തിലെ സൂപ്പർ സ്റ്റാർ ആയ ശേഷം ലത പറഞ്ഞതും പ്രവർത്തിച്ചതും പാടിയതുമെല്ലാം പലർക്കും ഹൃദിസ്ഥമാവാം എങ്കിലും കരിയറിന്റെ ആദ്യവർഷങ്ങളിലെ ഏറെ രസകരമായ ചില സംഭവങ്ങളെങ്കിലും പലരും കേട്ടുകാണാൻ ഇടയില്ല. അതിൽ സംഗീതയാത്രയ്ക്കിടെ കണ്ടുമുട്ടിയ സഹപ്രവർത്തകരോട് അവർക്കുണ്ടായിരുന്ന ഇഷ്‍ടാനിഷ്‍ടങ്ങൾ മുതൽ ക്രിക്കറ്റുമായി ആജീവനാന്തം വെച്ചുപുലർത്തിയിരുന്ന മമത വരെ ഉൾപ്പെടും.

കുഞ്ഞുന്നാളുതൊട്ടേ ലത അനുഗൃഹീതയായ ഒരു ഗായികയായിരുന്നു എന്ന് മാത്രമല്ല, പുതിയ കാര്യങ്ങൾ പഠിച്ചെടുക്കാൻ അപാരമായ സിദ്ധിയും നിഷ്ഠയും അവളിൽ ദൃശ്യമായിരുന്നു. അത് വ്യക്തമാക്കുന്ന ഒരു സംഭവം അവളുടെ കൗമാരത്തിൽ നടന്നു. അന്നത്തെ പ്രസിദ്ധ താരം ദിലീപ് കുമാർ, ലതയുടെ ഉച്ചാരണത്തിൽ മറാഠി സ്വാധീനത്തെക്കുറിച്ച് വിമർശന സ്വഭാവത്തിൽ ഒരു പരാമർശം നടത്തുന്നു. ലേശമെങ്കിലും സിദ്ധിയുള്ള പല ഗായകർക്കും, കരിയറിന്റെ എത്ര തുടക്കത്തിലാണെന്നു പറഞ്ഞാലും, ഇത്തരത്തിലുള്ള വിമർശനങ്ങൾ സഹിക്കില്ല. അത് അവരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തും. അവർ പ്രതിഷേധിക്കും. ചിലപ്പോൾ കോപിച്ചു എന്നും വരാം. എന്നാൽ, ലത ചെയ്‍തത് അതൊന്നും ആയിരുന്നില്ല. അടുത്ത ദിവസം തന്നെ അവർ ഷാഫി എന്നു പേരായ ഒരു ഉർദു അധ്യാപകനെ ചെന്ന് കാണുന്നു. ദിലീപ് സാഹിബിന്റെ പരാതിക്കൊരു പരിഹാരമുണ്ടാക്കാൻ തന്നെ സഹായിക്കണം എന്ന് അപേക്ഷിക്കുന്നു. ഷാഫി സാബിന്റെ ഇടപെടൽ ലതയുടെ ഗാനാലാപന ശൈലിയിലും ഉച്ചാരണത്തിലും ചെലുത്തിയ സ്വാധീനങ്ങൾ പിന്നീടങ്ങോട്ടുള്ള വർഷങ്ങളിലെ അവരുടെ ആലാപനത്തിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്.
ലതക്ക് ഒരു ഗായിക എന്ന നിലയ്ക്ക് ആദ്യത്തെ ബ്രേക്ക് ആകുന്നത്, 1948 -ൽ ഗുലാം ഹൈദർ എന്ന പാകിസ്ഥാനി സംഗീത സംവിധായകൻ, തന്റെ മജ്‌ബൂർ എന്ന ചിത്രത്തിന് വേണ്ടി പഠിപ്പിച്ച 'ദിൽ മേരാ തോഡാ' എന്ന ഗാനമാണ്. തുടക്കത്തിൽ സുരയ്യ, ഷംഷാദ് ബീഗം തുടങ്ങിയ ലബ്‍ധപ്രതിഷ്‍ഠരായ ഗായികമാരുമായിട്ടായിരുന്നു ലതക്ക് മത്സരിക്കേണ്ടി വന്നത് എങ്കിലും, അവർ എന്നും ശ്രമിച്ചിട്ടുള്ളത് മാഡം നൂർ ജഹാനേക്കാൾ മികച്ച രീതിയിൽ പാടാനാണ്.
തന്റെ മുപ്പത്തിമൂന്നാം വയസ്സിൽ ഒരു 'സ്ലോ പോയ്‌സണിങിനെ' അതിജീവിച്ചിട്ടുണ്ട് ലത എന്നും പറയപ്പെടുന്നു. വർഷം 1963. ഒരു ദിവസം പെട്ടെന്ന് വല്ലാത്തൊരു ക്ഷീണം ലതയെ ആവേശിക്കുന്നു. കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പറ്റാത്ത അവസ്ഥ വരുന്നു. ഭക്ഷണത്തിൽ കലർത്തി വിഷം കുറേശ്ശെ കുറേശ്ശെയായി അകത്തു ചെന്നതാണ് ലതയെ അന്ന് പരിക്ഷീണിതയാക്കിയത് എന്നു അവരുടെ കുടുംബഡോക്ടർ ഡോ. ആർപി കപൂർ സ്ഥിരീകരിക്കുന്നുണ്ട്. മൂന്നുമാസത്തോളം കാലം ശയ്യാവലംബിയായി കഴിച്ചുകൂട്ടിയ ശേഷമാണ് അന്ന് ലതക്ക് ഒരു പാട്ടിന്റെ റെക്കോർഡിങ്ങിൽ പങ്കെടുക്കാനുള്ള ആരോഗ്യം തിരിച്ചു കിട്ടുന്നത്. തന്റെ ആ പുനർജന്മത്തിൽ ലത ആദ്യമായി പാടുന്നത് ഹേമന്ത് കുമാറിനുവേണ്ടിയാണ്. സിനിമ ബീസ് സാൽ ബാദ്. പാട്ട് "കഹി ദീപ് ജലേ കഹി ദിൽ..." ആ പാട്ടിന് അവർക്ക് അന്ന് ഫിലിംഫെയർ അവാർഡും കിട്ടുകയുണ്ടായി. അക്കാലത്ത് സുപ്രസിദ്ധ ഗാനരചയിതാവും കവിയുമായ മജ്‌റൂഹ് സുൽത്താൻ പുരി, നിത്യം മൂന്നുനേരം ലതയെ സന്ദർശിച്ച് അവർക്കുവേണ്ടി ഉണ്ടാക്കിയ ഭക്ഷണം സുരക്ഷിതമാണ് എന്നു രുചിച്ചു ബോധ്യപ്പെടുമായിരുന്നു. ഈ വിഷബാധയുടെ പിന്നിലെ ഗൂഢാലോചന നടത്തിയത് വീട്ടിൽ നിന്ന് പിണങ്ങിപ്പോയ ഒരു ജോലിക്കാരിയാണ് എന്നൊരു സംശയം ഉണ്ടായിരുന്നു എങ്കിലും, കൃത്യമായ തെളിവുകളുടെ അഭാവത്തിൽ അന്ന് ആ ദിശയിൽ പിന്നീട് കേസോ അന്വേഷണമോ ഒന്നും ഉണ്ടായില്ല.

ലത ഏറ്റവും അധികം യുഗ്മഗാനങ്ങൾ പാടിയിട്ടുള്ളത് റഫിക്കൊപ്പമാണ് എങ്കിലും പിന്നീട് അറുപതുകളിൽ പാട്ടുകളുടെ റോയൽറ്റി സംബന്ധിച്ച ഒരു തർക്കത്തിന്റെ പേരിൽ, ആ വിഷയത്തിൽ വിരുദ്ധാഭിപ്രായങ്ങൾ സൂക്ഷിച്ചിരുന്നു അവർ ഇരുവരും എന്ന പേരിൽ, പിന്നീട് അവർ ഒന്നിച്ചു പാടാതിരുന ഒരു ഇടവേളയും ഉണ്ടായി. 440 സുന്ദരഗാനങ്ങളാണ് ഇരുവരും ചേർന്നുകൊണ്ട് ആലപിച്ചിട്ടുള്ളത്. ലതയും കിഷോറും ചേർന്ന് പാടിയിട്ടുള്ളത് 327 യുഗ്മഗാനങ്ങളാണ്.
കിഷോറിനെ ലത ആദ്യമായി കാണുന്ന രംഗം ഏറെ നാടകീയമാണ്. അവർ രണ്ടുപേരും ഒരു ലോക്കൽ ട്രെയിനിൽ യാത്രചെയ്യുകയാണ്. ജനൽക്കരികിലെ സീറ്റിൽ ഇരുന്നുകൊണ്ട് കാഴ്ചകൾ കാണുന്ന ലതയെന്ന അപ്പോഴേക്കും സാമാന്യം പ്രസിദ്ധയായിക്കഴിഞ്ഞ ഏറെക്കുറെ സുന്ദരിയായ യുവഗായികയെനോക്കി എതിർസീറ്റിലിരുന്ന ഒരു അപരിചിതയുവാവ് പരിചയഭാവത്തിൽ ചിരിക്കുന്നു. അതിനോടുള്ള മറുപടിയായി ലതയിൽ നിന്നുണ്ടാവുന്നത് ഒരു മുഷിഞ്ഞ മുരടൻ നോട്ടമാണ്. യാത്ര പുരോഗമിക്കെ യുവാവിന്റെ മുഖത്തെ പരിചിതഭാവം കണ്ട ലതയുടെ മുഖത്തെ ഗൗരവം ഇരട്ടിക്കുന്നു. വണ്ടി ദാദർ സ്റ്റേഷനിൽ എത്തിയപ്പോൾ ലത ഇറങ്ങുന്നു. പിന്നാലെ ആ യുവാവും വണ്ടിയിൽ നിന്ന് ചാടിയിറങ്ങുന്നു. സ്റ്റേഷൻ പരിസരത്തുനിന്ന് ലത ഒരു കുതിരവണ്ടിയിൽ കയറുന്നു. പിന്നാലെ മറ്റൊരു കുതിരവണ്ടിയിൽ ചാടിക്കയറി, ലത പോയ അതേ ദിശയിൽ തന്നെ അയാളും വെച്ചു പിടിക്കുന്നു. കുറെ ദൂരം പോയ ശേഷം ഒരിടത്ത് ലത കയറിയ കുതിരവണ്ടി നിർത്തുന്നു. പിന്നാലെ വന്ന കുതിരവണ്ടിയും അതിനു തൊട്ടുപിന്നിലായി നിർത്തുന്നു. കൂലി കൊടുത്ത്, ധൃതിപ്പെട്ട് തീവണ്ടിയിൽ വെച്ചു കണ്ട ആ യുവാവും അതാ ലതയുടെ തൊട്ടു പിന്നിലായി നടന്നുപോവുന്നു. സ്റ്റേഷൻ തൊട്ടുതന്നെ ലത ശ്രദ്ധിക്കുകയാണ് ഇയാളുടെ ഈ കളി. "ഇങ്ങനെ പരസ്യമായി ഒരാളെ പിന്നാലെ കൂടി ശല്യം ചെയ്യാൻ പാടുണ്ടോ? എത്ര ധൈര്യമുണ്ട് ഇവന് " ദേഷ്യം കൊണ്ട് ലതയുടെ മുഖം ചുവക്കുന്നു. " എടാ തെമ്മാടി, നീ ഒരു മാതിരി പ്രേമരോഗികളെപ്പോലെ എന്നെ ഇങ്ങനെ പിന്തുടർന്ന് വരുന്നത് എന്തിനാണ്?" വെട്ടിത്തിരിഞ്ഞു നിന്ന് അങ്ങനെയൊരു ചോദ്യം ചോദിച്ച ശേഷം കലിതുള്ളിക്കൊണ്ട് ലത സ്റ്റുഡിയോക്കുള്ളിലേക്ക് കുതിച്ചു കയറിപ്പോവുന്നു. തന്നെ പിന്തുടർന്ന് ശല്യം ചെയ്യുന്ന പോക്കിരിയെപ്പറ്റി ലത അകത്ത് സംഗീത സംവിധായകൻ ഖേം ചാന്ദ് പ്രകാശിനോട് പരാതിപ്പെടുന്നു. പിന്നാലെ കയറിവന്ന കിഷോറിനെ കണ്ടപ്പോൾ, അദ്ദേഹം പൊട്ടിച്ചിരിച്ചു. തുടർന്ന് കിഷോറിനെ ലതയ്ക്ക് പരിചയപ്പെടുത്തി അദ്ദേഹം ആ സന്ദർഭത്തിന്റെ ഗൗരവം അയയ്ക്കുന്നു.
കിഷോർ കുമാറിന് എന്നും ലതാ ദീദിയോട് വലിയ ബഹുമാനമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ലതയെക്കാൾ ഒരു രൂപ കുറച്ചുമാത്രമേ കിഷോർ എന്നും പ്രതിഫലം വാങ്ങിയിരുന്നുള്ളു. അമർ അക്ബർ ആന്റണി സിനിമയിൽ "ഹം കോ തുംസെ ഹോഗയാ ഹേ..." എന്നുതുടങ്ങുന്ന ഒരു സൂപ്പർ ഹിറ്റ് ഗാനമുണ്ട്. അത്യപൂർവമായ ഒരു ഗാനമാണ് അത്. കാരണം കിഷോർ കുമാർ, മുകേഷ്, മുഹമ്മദ് റഫി എന്നീ ത്രിമൂർത്തികൾ ഒരുമിക്കുന്ന അസുലഭവസരമാണ് ഈ ഗാനത്തിൽ. മൂന്നു നായക നടന്മാർക്ക് വേണ്ടിയാണ് മൂന്നു ഗായകരെ ഈ പാട്ടുപാടാൻ ക്ഷണിച്ചത് എങ്കിലും, മൂന്നു ഗായികമാർക്കും കൂടി ഒരൊറ്റ ദേവി, ലതാ മങ്കേഷ്‌കർ മതി എന്നാണ് അന്ന് കിഷോർ പറഞ്ഞത്.

ഗായിക ലതാ മങ്കേഷ്‍കറിന് രണ്ടിഷ്‍ടങ്ങളാണുള്ളത് ഒന്ന്, പാട്ട്; രണ്ട്, ക്രിക്കറ്റ്. 1983 -ൽ ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിൽ എത്തിയപ്പോൾ, മത്സരത്തിന് മുമ്പ് ലത ടീമിനെ ഒരു അത്താഴ വിരുന്നിന് വിളിക്കുന്നു. അവർക്ക് ഫൈനലിന് സകല ഭാവുകങ്ങളും നേരുന്നു. അടുത്തനാൽ ലോർഡ്‌സിൽ ഇന്ത്യൻ ടീം ഫൈനലിൽ കളിക്കാനിറങ്ങിയപ്പോൾ നേരിൽ കാണാൻ ലതയും ഗാലറിയിൽ ഉണ്ടായിരുന്നു. ഇന്ത്യ അന്ന് ലോകകപ്പ് ഉയർത്തിയപ്പോൾ, ക്യാപ്റ്റൻ കപിൽദേവ് അന്ന് ലതയെ ടീമിനൊപ്പം അത്താഴത്തിന് ക്ഷണിക്കുന്നു. പിന്നീട്, ദില്ലിയിൽ ക്രിക്കറ്റ് താരങ്ങൾക്കൊപ്പം പ്രതിഫലം വാങ്ങാതെ ലത ഒരു സംഗീത പരിപാടി നടത്തി ഇരുപതുലക്ഷം സമാഹരിക്കുന്നുണ്ട്. നാലുമണിക്കൂർ നീണ്ട ആ ഗാനമേളയിൽ കപിൽ ദേവും ഗാവസ്‍കറും മറ്റും ലതയ്‌ക്കൊപ്പം വേദി പങ്കിടുന്നത് ദൃശ്യങ്ങളിൽ കാണാം. ഈ ഗാനമേളയിൽ, ലതയുടെ സഹോദരൻ ഹൃദയനാഥ് മങ്കേഷ്‌കർ ടീമിന് വേണ്ടി ചിട്ടപ്പെടുത്തിയ ഗാനം ലത ആലപിച്ചപ്പോൾ, അന്ന് അതേറ്റുപാടിയത് ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ എല്ലാ അംഗങ്ങളും ചേർന്നാണ്. ഈ ഗാനമേളയുടെ സമാഹരിച്ച തുകയിൽ നിന്ന് ഓരോ ലക്ഷം രൂപ വീതം അന്ന്, 1983 -ൽ ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങൾക്ക് സമ്മാനമായി നൽകുകയുണ്ടായി.

1942 -ൽ, തന്റെ പതിമൂന്നാമത്തെ വയസ്സിൽ ഒരു മറാഠി ചിത്രത്തിന് വേണ്ടി ആലപിച്ച ആദ്യഗാനം തൊട്ടിങ്ങോട്ട് ഏതാണ്ട് എഴുപത്തഞ്ചു വർഷത്തോളം തുടർന്ന തന്റെ സംഗീതസപര്യയിൽ, മുപ്പത്താറു ഭാഷകളിലായി ലതാ മങ്കേഷ്‌കർ ആലപിച്ചിട്ടുള്ളത് കാൽ ലക്ഷത്തിൽ അധികം ഗാനങ്ങളാണ്. കദളി ചെങ്കദളി എന്നുതുടങ്ങുന്ന ഒരു മലയാള ഗാനവും ലതയുടേതായി റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ശ്രവണമധുരമായ ഗാനങ്ങളിലൂടെ ലത മങ്കേഷ്‌കർ എന്ന നാമം നമ്മുടെ ഹൃദയങ്ങളിൽ എന്നുമെന്നും തെളിഞ്ഞു തന്നെ നിൽക്കും.
