പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന 'വിലായത്ത് ബുദ്ധ'യുടെ പുതിയ ക്യാരക്റ്റര്‍ ടീസർ പുറത്തിറങ്ങി. നായിക പ്രിയംവദ കൃഷ്ണൻ അവതരിപ്പിക്കുന്ന ചോലയ്ക്കൽ ചൈതന്യം എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ടീസർ.
പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ജയൻ നമ്പ്യാർ ഒരുക്കിയ 'വിലായത്ത് ബുദ്ധ'യില്‍ നായക കഥാപാത്രത്തോളം ശ്രദ്ധേയമായ മറ്റ് പല കഥാപാത്രങ്ങളുമുണ്ട്. ചിത്രത്തില്‍ ഏറ്റവുമധികം കൈയടി ലഭിച്ചത് ഷമ്മി തിലകന്‍ അവതരിപ്പിച്ച ഭാസ്കരന്‍ മാസ്റ്റര്‍ക്ക് ആയിരുന്നു. ചിത്രത്തിലെ നായികാ കഥാപാത്രമായ പ്രിയംവദ കൃഷ്ണന്‍ അവതരിപ്പിച്ച ചോലയ്ക്കല്‍ ചൈതന്യവും ശക്തമായ കഥാപാത്രമാണ്. ഇപ്പോഴിതാ ഈ കഥാപാത്രത്തിന്‍റെ ചില രംഗങ്ങള്‍ ഉള്‍പ്പെടുത്തിയ ഒരു പുതിയ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
ശ്രദ്ധേയ എഴുത്തുകാരനായ ജി.ആർ. ഇന്ദുഗോപന്‍റെ പ്രശസ്തമായ നോവലിനെ ആസ്പദമാക്കി അതേപേരിൽ തന്നെ ഒരുക്കിയിരിക്കുന്ന ചിത്രമാണ് 'വിലായത്ത് ബുദ്ധ'. 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ', 'സൗദി വെള്ളയ്ക്ക' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉർവ്വശി തിയറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനൻ നിര്‍മ്മിച്ചിരിക്കുന്ന ചിത്രമാണ് ഇത്. എവിഎ പ്രൊഡക്ഷൻസിനുവേണ്ടി എ.വി അനൂപുമായി ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് 'വിലായത്ത് ബുദ്ധ'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷമ്മി തിലകൻ, രാജശ്രീ, പ്രിയംവദ, അനു മോഹൻ, ടി.ജെ. അരുണാചലം തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്.
യു/എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഡബിൾ മോഹനനായി ഇതുവരെ കാണാത്ത രീതിയിലുള്ള മേക്കോവറിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. പൊന്നു കായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ഒരു ത്രില്ലർ ചിത്രമായെത്തുന്ന 'വിലായത്ത് ബുദ്ധ'യിൽ നിരവധി താരങ്ങളുണ്ട്. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. ശ്രദ്ധേയ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപും രെണദേവും ചേർന്നാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: സംഗീത് സേനൻ, എഡിറ്റർ: ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ ഡിസൈനർ: ബംഗ്ലാൻ, ലൈൻ പ്രൊഡ്യൂസർ: രഘു സുഭാഷ് ചന്ദ്രൻ, ആർട്ട് ഡയറക്ടർ: ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ്: മനു മോഹൻ, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍: അലക്‌സ് ഇ. കുര്യന്‍, പ്രൊജക്ട് ഡിസൈനർ: മനു ആലുക്കൽ, സൗണ്ട് ഡിസൈൻ: അജയൻ അടാട്ട്, പയസ്മോൻ സണ്ണി, സൗണ്ട് മിക്സ്: എംആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കിരൺ റാഫേൽ, സ്റ്റണ്ട്സ്: രാജശേഖര്‍, കലൈ കിങ്സൺ, സുപ്രീം സുന്ദർ, മഹേഷ് മാത്യു.



