മാരി സെല്‍വരാജ് സംവിധാനം ചെയ്ത് ധ്രുവ് വിക്രം നായകനായ 'ബൈസണ്‍ കാലമാടന്‍' എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. 'റെക്ക റെക്ക' എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് നിവാസ് കെ പ്രസന്നയാണ്.

മാരി സെല്‍വരാജിന്‍റെ സംവിധാനത്തില്‍ ധ്രുവ് വിക്രം നായകനായെത്തിയ ചിത്രമായിരുന്നു ബൈസണ്‍ കാലമാടന്‍. സ്പോര്‍ട്സ് ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ റിലീസ് ഒക്ടോബര്‍ 17 ന് ആയിരുന്നു. മികച്ച അഭിപ്രായം നേടിയ ചിത്രം ഭേദപ്പെട്ട കളക്ഷനും കരസ്ഥമാക്കിയിരുന്നു. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത് 65.84 കോടിയാണ്. തിയറ്റര്‍ റിലീസിന് പിന്നാലെ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം ഒടിടിയിലും എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

റെക്ക റെക്ക എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മാരി സെല്‍വരാജും അറിവും ചേര്‍ന്നാണ്. നിവാസ് കെ പ്രസന്നയുടേതാണ് സംഗീതം. അറിവും വേടനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ധ്രുവ് വിക്രം നായകനാവുന്ന മാരി സെല്‍വരാജ് ചിത്രം എന്ന നിലയില്‍ റിലീസിന് മുന്‍പേ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്. മാരി സെല്‍വരാജ് തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. പശുപതി, അമീര്‍, ലാല്‍, അനുപമ പരമേശ്വരന്‍, രജിഷ വിജയന്‍, അഴകം പെരുമാള്‍, ഹരിത മുത്തരസന്‍, കെ പ്രപഞ്ചന്‍, അരുവി മദന്‍, അനുരാഗ് അറോറ, പുളിയംകുളം കണ്ണന്‍, സുഭദ്ര റോബര്‍ട്ട്, വിശ്വദേവ് രചകൊണ്ട, ലെനിന്‍ ഭാരതി എന്നിവരാണ് ചിത്രത്തില്‍ ധ്രുവ് വിക്രമിനൊപ്പം മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അപ്ലോസ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്, നീലം സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ സമീര്‍ നായര്‍, ദീപക് സെയ്ഗാള്‍, പാ രഞ്ജിത്ത്, അദിതി ആനന്ദ് എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഏഴില്‍ അരസ് കെ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. സംഗീതം നിവാസ് കെ പ്രസന്ന. ധ്രുവ് വിക്രമിന്‍റെ കരിയറില്‍ ലഭിച്ച മികച്ച വേഷമാണ് ചിത്രത്തിലേത്.

തെലുങ്കില്‍ വന്‍ വിജയം നേടിയ അര്‍ജുന്‍ റെഡ്ഡിയുടെ തമിഴഅ റീമേക്ക് ആയ ആദിത്യ വര്‍മ്മയിലൂടെ 2019 ല്‍ ആയിരുന്നു ധ്രുവ് വിക്രത്തിന്‍റെ സിനിമാ അരങ്ങേറ്റം. പിന്നീട് അച്ഛന്‍ വിക്രത്തിനൊപ്പം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത മഹാന്‍ എന്ന ചിത്രത്തിലും ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. ബൈസണിലൂടെ കോളിവുഡിലെ പ്രതീക്ഷ ഉയര്‍ത്തുന്ന യുവതാരമെന്ന ഇമേജ് സ്വന്തമാക്കിയിട്ടുണ്ട് ധ്രുവ്.

Rekka Rekka Video Song | Bison Kaalamaadan | Dhruv | Mari Selvaraj | Nivas K Prasanna | Arivu |Vedan