ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണും പ്രധാന വേഷത്തില്‍
വിജയ് ദേവരക്കൊണ്ട, അനന്യപാണ്ടെ, രമ്യ കൃഷ്ണൻ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന പുരി ജഗന്നാഥ് ചിത്രം ലൈഗറിന്റെ കേരള വിതരണവകാശം ശ്രീഗോകുലം മൂവീസിന്. ഓഗസ്റ്റ് 25നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. പ്രശസ്ത ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസൺ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കേരളത്തിൽ വൈഡ് റിലീസ് ആണ് ചിത്രത്തിന് ലഭിക്കുക. നൂറ്റമ്പതിലേറെ തിയറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിക്കുക.
ചിത്രത്തിന്റെ പ്രചരണാർത്ഥം വിജയ് ദേവരക്കൊണ്ട ഉൾപ്പടെയുള്ള താരങ്ങളും അണിയറ പ്രവർത്തകരും 18ന് കേരളത്തിലെത്തുമെന്ന് ശ്രീഗോകുലം മൂവീസ് അറിയിച്ചു. ഇന്ത്യ മുഴുവൻ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഒരു ചിത്രം വിതരണത്തിനെടുത്ത് കേരളത്തിലെത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ശ്രീഗോകുലം മൂവീസ് ഉടമ ഗോകുലം ഗോപാലൻ പറഞ്ഞു.
തെലുങ്കിലെ മുൻനിര സംവിധായകരിലൊരാളായ പുരി ജഗന്നാഥ് മിക്‌സഡ് മാർഷ്യൽ ആർട്‌സ് പശ്ചാത്തലമാക്കി ഒരുക്കുന്ന മെഗാ ബജറ്റ് ചിത്രമാണ് ലൈഗർ. പാൻ ഇന്ത്യൻ റീലീസ് ആയാണ് ലൈഗർ ആരാധകർക്ക് മുന്നിലേക്ക് എത്തുന്നത്. തെലുങ്കിലും ഹിന്ദിയിലുമായി ചിത്രീകരിച്ച സിനിമ മലയാളം ഉൾപ്പടെ വേറെ അഞ്ച് ഭാഷകളിലേക്ക് കൂടി മൊഴി മാറ്റിയിട്ടുണ്ട്. മലയാളം പതിപ്പിന് പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളും കേരളത്തിൽ പ്രദർശിപ്പിക്കും.
ALSO READ : എങ്ങനെയുണ്ട് 'ലാല്‍ സിംഗ് ഛദ്ദ'? ചിത്രം കണ്ട പ്രിയദര്‍ശന്‍റെ പ്രതികരണം
ചിത്രത്തിന്റെ ട്രെയ്ലറും പാട്ടും ഇതിനകം തന്നെ വലിയ ഹിറ്റായി മാറിയിട്ടുണ്ട്. ഓണം റീലീസ് ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടാണ് ശ്രീഗോകുലം മൂവീസിന്റെ അടുത്ത ചിത്രം. വിനയന്‍സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് പിരീഡ് ഡ്രാമയില് സിജു വില്‍സണ്‍ ആണ് നായകന്‍. വിക്രം ചിത്രം കോബ്ര, അജയ് വാസുദേവ്- കുഞ്ചാക്കോ ബോബൻ ചിത്രം പകലും പാതിരാവും എന്നിവയും ശ്രീഗോകുലം മൂവിസിന്റെ വരാനിരിക്കുന്ന ചിത്രങ്ങളാണ്.
