നടി ഊര്‍മ്മിള ഉണ്ണി കാണികള്‍ക്ക് നേരെ മൈക്ക് വലിച്ചെറിഞ്ഞുവെന്ന് പരാതി. മകള്‍ ഉത്തര ഉണ്ണിയുടെ നൃത്ത പ്രോഗ്രാമിനിടെയായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സംഭവത്തില്‍ ഊര്‍മ്മിള ഉണ്ണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ലൈറ്റ് ആൻഡ് സൌണ്ട് വെല്‍ഫെയര്‍ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രാഗം രാധാകൃഷ്‍ണൻ രംഗത്ത് എത്തി. മാപ്പ് പറഞ്ഞില്ലെങ്കില്‍ ഊര്‍മ്മിള ഉണ്ണി കേരളത്തില്‍ ഉത്സവപറമ്പില്‍ പ്രോഗ്രാം ചെയ്യില്ലെന്നും രാഗം രാധാകൃഷ്‍ണൻ പറഞ്ഞു.

രാഗം രാധാകൃഷ്‍ണന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഊര്‍മ്മിള ഉണ്ണി നിങ്ങൾക്ക് പണമുണ്ടാകാം, സിനിമ നടിയാകാം ഇതു ഞങ്ങളുടെ ജീവിതമാർഗമാണ്. നിങ്ങളുടെ ചിലങ്കയുടെ വള്ളി പൊട്ടിയാൽ അതു വലിച്ചെറിഞ്ഞു കളയുമോ. ഇതിന് മാപ്പ് പറഞ്ഞില്ല എങ്കിൽ നിങ്ങൾ കേരളത്തിൽ ഉത്സവപറമ്പിൽ പ്രോഗ്രാം ചെയ്യില്ല.

തൃക്കടവൂരിൽവാഴും മഹാദേവനോടാണോ ഊര്‍മ്മിള ഉണ്ണിയുടെ ദേഷ്യം? തൃക്കടവൂർ മഹാദേവന്റെ തിരു: ഉത്സവത്തിന്റെ 7-മത് ദിവസമായ ഇന്നലെ രാത്രി 11 മണിക്ക് പതിനായിരകണക്കിന് ജനങ്ങളുടെ മുൻപിൽ പ്രശസ്‍ത സിനിമാ താരം ഊർമിള ഉണ്ണിയുടെ നൃത്ത പരിപാടി ആരംഭിക്കുന്നതിന് മുമ്പ് സദസ്സിനോട് സംസാരിക്കാൻ മൈക്ക് എടുത്തപ്പോൾ അത് പ്രവർത്തിക്കാതിരുന്നതിനാൽ ദേഷ്യത്തോടെ മൈക്ക് എടുത്തെറിയുകയുണ്ടായി. തുടർന്ന് മൈക്കില്ലാതെ എന്തെല്ലാമോ സംസാരിക്കുകയും ചെയ്‍തു. തുടർന്ന് പരിപാടി ആരംഭിച്ച് ആദ്യ ഡാൻസിന് ശേഷം ഊർമിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണിയുടെ ഡാൻസ് ആരംഭിക്കുന്നതിന് മുമ്പായി ശക്തമായ മഴ പെയ്യുകയും ജനക്കൂട്ടം പിരിഞ്ഞു പോകുകയും ചെയ്‍തു.

ഒരു മണിക്കുറിന് ശേഷം വിരലിൽ എണ്ണാവുന്ന കാണികളുടെ മുന്നിൽ ഡാൻസ് കളിക്കേണ്ട ഗതികേട് പ്രശസ്‍ത താരത്തിനുണ്ടായത് ഭഗവാന്റെ ശക്തി ഒന്നുകൊണ്ടു മാത്രമാണ്.

ജനങ്ങളാഗ്രഹിച്ച മഴ ലഭിക്കുകയും തൃക്കടവൂർ മഹാദേവന്റെ മണ്ണിൽ അഹങ്കാരത്തോട് പ്രവർത്തിച്ച പ്രശസ്‍ത താരത്തിന് നാണംകെട്ട മടങ്ങി പോക്ക് അഹങ്കാരികൾക്കുള്ള മറുപടി ആണ്.