മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ നായകനെന്ന ഖ്യാതിക്കൊപ്പം മികച്ച സംവിധായകനെന്ന വിശേഷണവും പൃഥ്വിരാജിന് സ്വന്തമാണ്. നിര്‍മ്മാതാവ് എന്ന നിലയിലും പൃഥ്വി ശ്രദ്ധേയനാണ്. പൃഥ്വിയുടെ നിര്‍മ്മാണ കമ്പനിയുടെ സ്നേഹവും കരുതലും എത്രത്തോളം വലുതാണെന്ന അനുഭവം വീഡിയോയിലൂടെ പങ്കുവച്ച് ലൈറ്റ്മാന്‍ രംഗത്തെത്തിയിരിക്കുകയാണ്.

താരങ്ങള്‍ക്ക് മികച്ച താമസ സൗകര്യം ലഭിക്കുന്ന ലൊക്കേഷനുകളില്‍ പലപ്പോഴും പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മോശം അനുഭവം നേരിടാറുണ്ട്. എന്നാല്‍ ലൈറ്റ്മാനടക്കമുള്ളവര്‍ക്ക് മികച്ച താമസ സൗകര്യമൊരുക്കി പൃഥ്വിരാജും നിര്‍മ്മാണ കമ്പനിയും മാതൃകയാകുകയാണ്. മികച്ച സൗകര്യമുള്ള താമസ സ്ഥലത്തിന്‍റെ വീഡിയോ പങ്കുവച്ച ലൈറ്റ്മാന്‍ മനു, പ്രൊഡക്ഷന്‍ കമ്പനിക്കുള്ള നന്ദിയും അറിയിച്ചിട്ടുണ്ട്. വീഡിയോ ഏറ്റെടുത്ത ചലച്ചിത്ര പ്രേമികള്‍ പൃഥ്വിരാജിന് നിറഞ്ഞ കയ്യടിയാണ് നല്‍കുന്നത്.

 

ജീന്‍ പോള്‍ ലാല്‍ ഒരുക്കുന്ന ചിത്രമാണ് 'ഡ്രൈവിംഗ് ലൈസന്‍സ്. പേര് സൂചിപ്പിക്കുംപോലെ ഒരു വാഹനപ്രേമിയുടെ കഥയാണ് ചിത്രം പറയുന്നത്. പൃഥ്വിരാജ് വാഹനപ്രേമിയായെത്തുന്നു. 

സുരാജ് വെഞ്ഞാറമ്മൂടാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആണ് അദ്ദേഹത്തിന്റെ കഥാപാത്രം. പൃഥ്വി അവതരിപ്പിക്കുന്ന സൂപ്പര്‍സ്റ്റാറിന്റെ വലിയൊരു ആരാധകനുമാണ് ഈ കഥാപാത്രം.

പൃഥ്വിരാജ് കഥാപാത്രത്തിന്റെ ഭാര്യയായി എത്തുന്നത് ദീപ്തി സതിയാണ്. 'ലവ കുശ'യ്ക്ക് ശേഷം ദീപ്തി അഭിനയിക്കുന്ന മലയാളചിത്രമാണ് ഇത്. സുരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യാവേഷത്തില്‍ മിയയും സ്‌ക്രീനില്‍ എത്തുന്നു.

സച്ചിയാണ് തിരക്കഥയൊരുക്കുന്നത്. 'ഹണി ബീ 2'ന് ശേഷം ജീന്‍ പോള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. '9'എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രമാണ് 'ഡ്രൈവിംഗ് ലൈസന്‍സ്'. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും നിര്‍മ്മാണത്തില്‍ സഹകരിക്കുന്നുണ്ട്.