കൊച്ചി: ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കു നേരെ നടന്ന വെടിയ്പില്‍ പ്രതിഷേധവുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ തന്നെ നടന്ന ഈ അക്രമണത്തെ ‘കിറുകൃത്യം’ എന്നാണ് ലിജോ വിശേഷിപ്പിച്ചത്. സര്‍വകലാശാലയില്‍ വെടിവയ്പ്പു നടത്തിയ യുവാവിന്റെ ഫോട്ടോയും വെടിയേറ്റുവീണ ഗാന്ധിയുടെ ചിത്രവും ലിജോ പങ്കുവെച്ചു.

ജാമിയ മിലിയ സര്‍വകലാശാല ക്യാമ്പസിന് മുന്നില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടത്തിയവര്‍ക്കുനേരെ വെടിയുതിര്‍ത്തത് 17 വയസ്സ് മാത്രമുള്ള പ്ലസ് വിദ്യാര്‍ത്ഥിയെന്ന് റിപ്പോര്‍ട്ട്. വീട്ടില്‍ നിന്ന് സ്കൂളിലേക്കെന്നും പറഞ്ഞ് ബാഗുമെടുത്ത് രാവിലെ പുറപ്പെട്ടയാളാണ് സര്‍വകലാശാലയില്‍ തോക്കുമായെത്തി പൊലീസ് നോക്കി നില്‍ക്കെ സമരക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. 

വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ജെവാറിലാണ് കൗമാരക്കാരന്‍ പഠിക്കുന്ന സ്കൂള്‍. എന്നാല്‍, സ്കൂളില്‍ പോകാതെ ജാക്കറ്റില്‍ തോക്ക് ഒളിപ്പിച്ച് സമര സ്ഥലത്തേക്ക് വരുകയായിരുന്നു. വരുന്നതിന് മുമ്പ് ഫേസ്ബുക്കില്‍ പോസ്റ്റുമിട്ടു.

ദില്ലിയിലെത്തി സമരക്കാരോടൊപ്പം കൂട്ടി ഫേസ്ബുക്ക് ലൈവ് സ്ട്രീമിംഗ് നടത്തിയ ശേഷം പെട്ടെന്ന് ജാക്കറ്റില്‍ ഒളിപ്പിച്ച തോക്കെടുത്തു. അതോയെ സമരക്കാര്‍ പരിഭ്രാന്തിയിലായി. പിന്നീട് സമരക്കാരില്‍ നിന്ന് പുറത്തിറങ്ങി അവര്‍ക്ക് നേരെ ആക്രോശവുമായി വെടിയുതിര്‍ക്കുകയായിരുന്നു.