Asianet News MalayalamAsianet News Malayalam

Churuli | 'സോറി ഗയ്‍സ്, മാറാന്‍ ഉദ്ദേശിക്കുന്നില്ല'; ലിജോയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി ആരാധകര്‍

ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയ്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു

lijo jose pellissery fans commented on his old facebook post after churuli being attacked
Author
Thiruvananthapuram, First Published Nov 20, 2021, 12:18 PM IST
  • Facebook
  • Twitter
  • Whatsapp

പ്രേക്ഷകര്‍ക്ക് എപ്പോഴും സര്‍പ്രൈസുകള്‍ കാത്തുവെക്കാറുള്ള സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി (Lijo Jose Pellissery). അദ്ദേഹത്തിന്‍റെ സിനിമകളില്‍ ചിലത് വലിയ വിജയം നേടിയപ്പോള്‍ മറ്റു ചിലത് സമ്മിശ്രപ്രതികരണമാണ് നേടിയത്. ഡയറക്റ്റ് ഒടിടി റിലീസ് ആയി കഴിഞ്ഞ ദിവസമെത്തിയ ലിജോയുടെ ഏറ്റവും പുതിയ ചിത്രം 'ചുരുളി' (Churuli) രണ്ടാമത് പറഞ്ഞ വിഭാഗത്തിലാണ്. 'ജല്ലിക്കട്ടി'നു ശേഷം ലിജോ സംവിധാനം ചെയ്‍ത ചിത്രത്തില്‍ കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ തെറിയില്‍ മുങ്ങിയതാണ്. സിനിമയുടെ പ്രമേയവുമായി ആഴത്തില്‍ ബന്ധപ്പെട്ടുകിടക്കുന്നതുമാണ് സംഭാഷണങ്ങളിലെ ഈ പ്രത്യേകത. അഭിപ്രായങ്ങളുടെ കാര്യത്തില്‍ പ്രേക്ഷകരെ രണ്ടായി വിഭജിച്ചിട്ടുണ്ട് ചുരുളി. ചിത്രം സഭ്യതയുടെ അതിരുകള്‍ ലംഘിച്ചുവെന്നും കുടുംബത്തിനൊപ്പം കാണാന്‍ പറ്റാത്ത ചിത്രമെന്നുമൊക്കെ ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോള്‍ ചിത്രത്തില്‍ ലിജോ അവതരിപ്പിച്ച മാജിക്കല്‍ ലോകത്തിന്‍റെ സൃഷ്‍ടിക്ക് സംഭാഷണങ്ങളിലെ തെറി അനിവാര്യമാണെന്നാണ് മറ്റൊരു വിഭാഗത്തിന്‍റെ അഭിപ്രായം. ചിത്രത്തിനെതിരെ യൂത്ത് കോണ്‍ഗ്രസും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ലിജോയുടെ തന്നെ പഴയൊരു ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കിയിരിക്കുകയാണ് അദ്ദേഹത്തിന്‍റെ ആരാധകരായ സിനിമാപ്രേമികള്‍.

കരിയറിലെ നാലാമത്തെ ചിത്രമായ 'ഡബിള്‍ ബാരലി'ന്‍റെ റിലീസിനു പിന്നാലെ ലിജോ ഫേസ്ബുക്കിലിട്ട ഒരു കുറിപ്പ് സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ലിജോയുടെ ഫിലിമോഗ്രഫിയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്ന ആമേനു പിന്നാലെ എത്തിയ ചിത്രമായിരുന്നു ഡബിള്‍ ബാരല്‍. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആര്യ അടക്കമുള്ള വലിയ താരനിരയുമായെത്തിയ ചിത്രം പക്ഷേ ഭൂരിഭാഗം പ്രേക്ഷകരെയും നിരാശപ്പെടുത്തി. സോഷ്യല്‍ മീഡിയയില്‍ നെഗറ്റീവ് റിവ്യൂസ് കാര്യമായി പ്രത്യക്ഷപ്പെട്ടു. ചിത്രമിറങ്ങി രണ്ട് ദിവസത്തിനു ശേഷമായിരുന്നു ലിജോയുടെ രണ്ടുവരി പ്രതികരണം. 'സോറി ഗയ്‍സ്, മാറാന്‍ ഉദ്ദേശമില്ല. മതിപ്പ് തോന്നിപ്പിക്കാനും ഉദ്ദേശമില്ല' എന്നായിരുന്നു ആ പോസ്റ്റ്. തുടര്‍ന്ന് ലിജോയുടെ വിജയിച്ചതും പരാജപ്പെട്ടതുമായ ഓരോ ചിത്രങ്ങളുടെ പ്രതികരണങ്ങള്‍ വരുമ്പോഴും അദ്ദേഹം 2015ല്‍ ഇട്ട ഈ കുറിപ്പും ചര്‍ച്ചയാവാറുണ്ട്.

ഇപ്പോള്‍ ചുരുളിക്കെതിരെ ചില കോണുകളില്‍ നിന്ന് വിമര്‍ശനം കടുക്കുമ്പോള്‍ ഈ പോസ്റ്റിന് വീണ്ടും കമന്‍റുകള്‍ ചെയ്‍ത് ടൈംലൈനില്‍ പ്രത്യക്ഷപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍. നൂറുകണക്കിന് കമന്‍റുകളാണ് ചുരുളി റിലീസിനു ശേഷം പോസ്റ്റിനു ലഭിക്കുന്നത്. കഴിഞ്ഞ ഐഎഫ്എഫ്കെയിലെ മത്സരവിഭാഗത്തില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രം സോണി ലിവ് എന്ന ഒടിടി പ്ലാറ്റ്‍ഫോമിലൂടെയാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്യപ്പെട്ടത്. വിനോയ് തോമസിന്‍റെ കഥയ്ക്ക് എസ് ഹരീഷ് ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. വിനയ് ഫോര്‍ട്ട്, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം ചുരുളി എന്ന സാങ്കല്‍പ്പിക സ്ഥലത്തേക്കാണ് പ്രേക്ഷകരെ ക്ഷണിക്കുന്നത്. അഡള്‍ട്ട്സ് ഒണ്‍ലി മുന്നറിയിപ്പോടെയാണ് ചിത്രത്തിന്‍റെ ഒടിടി റിലീസ്.

Follow Us:
Download App:
  • android
  • ios