Asianet News MalayalamAsianet News Malayalam

ഓണ്‍ലൈന്‍ റിലീസ് ഇല്ല; 'ചുരുളി' പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ വ്യത്യസ്‍ത മാര്‍ഗ്ഗവുമായി ലിജോ ജോസ് പെല്ലിശ്ശേരി

'എന്‍റെ പുതിയ ചിത്രം 'ചുരുളി'യും തീയേറ്ററുകളില്‍ നിന്നു കണ്ടാല്‍ മാത്രം പൂര്‍ണ്ണമായും അനുഭവിക്കാനാവുന്ന ഒന്നാണ്. ഫിലിം ഫെസ്റ്റിവലുകളില്‍ പ്രീമിയര്‍ ചെയ്യാനിരുന്നതാണ്. പക്ഷേ ഈ സാഹചര്യത്തില്‍ അത് സാധിക്കാതെ വന്നിരിക്കുന്നു..'

lijo jose pellissery plans to release churuli through vr platform
Author
Thiruvananthapuram, First Published Jul 26, 2020, 11:46 AM IST
  • Facebook
  • Twitter
  • Whatsapp

സിനിമകളുടെ ഉള്ളടക്കത്തിലും അവതരണത്തിലും തന്‍റേതായ സവിശേഷവഴി പിന്തുടരുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ഇപ്പോഴിതാ തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന കൊവിഡ് സാഹചര്യത്തില്‍ തന്‍റെ പുതിയ ചിത്രം 'ചുരുളി' പ്രേക്ഷകരിലേക്ക് എത്തിക്കാനും വ്യത്യസ്ത മാര്‍ഗ്ഗം തേടുകയാണ് സംവിധായകന്‍. ലോകമാകമാനം സംവിധായകരില്‍ പലരും നടത്തുന്നതുപോലെ ഒടിടി റിലീസ് വേണ്ടെന്നാണ് തന്‍റെ തീരുമാനമെന്നും മറിച്ച് ഒരു വിആര്‍ (വെര്‍ച്വല്‍ റിയാലിറ്റി) പ്ലാറ്റ്ഫോം വഴി ചിത്രം അവതരിപ്പിക്കാനാണ് തന്‍റെ ശ്രമമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു. ഒടിടി റിലീസ് വേണ്ടെന്ന തീരുമാനം എടുക്കാനുള്ള കാരണത്തെക്കുറിച്ചും അദ്ദേഹം വിശദമാക്കുന്നുണ്ട്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്

"ഒരു കലാകാരന്‍ നേരിടുന്ന സര്‍ഗാത്മക പ്രതിസന്ധിയെക്കുറിച്ച് പറയാനാണ് ഈ പോസ്റ്റ്. ക്രിസ്റ്റഫര്‍ നോളന്‍റെ 'ടെനെറ്റ്' ഓണ്‍ലൈന്‍ ആയി റിലീസ് ചെയ്‍തേക്കുമെന്ന കിംവദന്തി പോലും വ്യക്തിപരമായി വിഷമിപ്പിച്ചു. ലോകത്തെ പല ചലച്ചിത്രോത്സവങ്ങളും ഓണ്‍ലൈന്‍ പേജുകളിലേക്കും വീഡിയോകളിലേക്കും ചുരുങ്ങിയിരിക്കുന്നു. തീയേറ്ററുകളില്‍ ആഘോഷിക്കപ്പെടേണ്ടിയിരുന്ന ഈ സംഭവങ്ങളുടെ നടത്തിപ്പ് പേരിനുവേണ്ടി മാത്രമായിമാറി. 

എന്‍റെ പുതിയ ചിത്രം 'ചുരുളി'യും തീയേറ്ററുകളില്‍ നിന്നു കണ്ടാല്‍ മാത്രം പൂര്‍ണ്ണമായും അനുഭവിക്കാനാവുന്ന ഒന്നാണ്. ഫിലിം ഫെസ്റ്റിവലുകളില്‍ പ്രീമിയര്‍ ചെയ്യാനിരുന്നതാണ്. പക്ഷേ ഈ സാഹചര്യത്തില്‍ അത് സാധിക്കാതെ വന്നിരിക്കുന്നു. ഓണ്‍ലൈന്‍ റിലീസ്, ചലിക്കുന്ന സിനിമാ കൊട്ടകകള്‍, 20 പേര്‍ക്കു മാത്രം ഇരുന്നു കാണാവുന്ന മോഡുലാര്‍ തീയേറ്ററുകള്‍... പോംവഴിയായി അങ്ങനെ പലതും ആലോചിച്ചു. പക്ഷേ സാമൂഹിക അകലം പാലിക്കലിന് ഏറെ പ്രാധാന്യമുള്ള ഈ സമയത്ത് നിയമപരമായി ഏറെ തടസ്സങ്ങളുള്ള അത്തരം കാഴ്‍ചകള്‍ക്ക് സാധ്യതയില്ല എന്നതാണ് വസ്‍തുത. നേരെമറിച്ച് ഓണ്‍ലൈന്‍ റിലീസ് എന്നത് സിനിമ എന്ന കലയോട് നീതി പുലര്‍ത്തും എന്നും ഞാന്‍ വിശ്വസിക്കുന്നില്ല."

ഈ സാഹചര്യത്തിലാണ് ഒരു വി ആര്‍ പ്ലാറ്റ്ഫോം വഴിയുള്ള റിലീസിനെക്കുറിച്ച് താന്‍ ആലോചിച്ചതെന്നും എച്ചിടിസി, സോണി, ഒക്കുലസ് തുടങ്ങി ഈ മേഖലയിലെ പ്രമുഖ കമ്പനികളില്‍ ഏതിലെങ്കിലും വഴി ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ചര്‍ച്ചകളുടെ അന്തിമ ഘട്ടത്തിലാണ് താനെന്നും ലിജോ പറയുന്നു. ഇത്തരത്തിലുള്ള കാഴ്‍ചയ്ക്ക് ആവശ്യമായ വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‍സെറ്റിന്‍റെയും അനുബന്ധ ഘടകങ്ങളുടെയും സാങ്കേതികമായ വിവരങ്ങളും ലിജോ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ വില കുറഞ്ഞ ഉപകരണങ്ങള്‍ക്ക് അതിന്‍റേതായ പരിമിതികളുണ്ടെന്നതും വില കൂടിയത് എല്ലാവര്‍ക്കും വാങ്ങാനാവില്ല എന്നതും മറ്റൊരു ചിന്തയിലേക്ക് തങ്ങളെ നയിച്ചതായും സംവിധായകന്‍ പറയുന്നു. പഴയ സിനിമാ ലൈബ്രറികള്‍ പോലെ വിആര്‍ ഉപകരണങ്ങളുടെ ഒരു വിതരണശൃംഖലയാണ് ഉദ്ദേശിക്കുന്നതെന്നും ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്നും ലിജോ ജോസ് പെല്ലിശ്ശേരി വ്യക്തമാക്കുന്നു. 

Follow Us:
Download App:
  • android
  • ios