ഭീഷ്മപർവ്വമാണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. മാർച്ച് മൂന്നിന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. 

മ്മൂട്ടിയെ(Mammootty) കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി(Lijo Jose Pellissery) സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നന്‍പകല്‍ നേരത്ത് മയക്കം'(Nanpakal Nerathu Mayakkam). അടുത്തിടെ ചിത്രത്തിന്റെ ഷൂട്ടിം​ഗ് പൂർത്തിയായിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേഷനുകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരം​ഗമാകാറുണ്ട്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇപ്പോഴിതാ ഒരു കത്താണ് ശ്രദ്ധനേടുന്നത്. 

ലിജോ ജോസാണ് കത്ത് പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനി തനിക്ക് നന്ദി പറഞ്ഞ് അയച്ച കത്താണ് സംവിധായകൻ ഷെയർ ചെയ്തത്. ‘നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ ഭാഗമായതിന് നന്ദി. താങ്കള്‍ ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ ഇതുപോലെയാകില്ലായിരുന്നു. നിങ്ങളുടെ കഴിവിനും പരിശ്രമത്തിനും ഞങ്ങള്‍ നല്‍കുന്ന ആദരമാണ് ഈ സമ്മാനങ്ങള്‍,’ എന്നാണ് കത്തില്‍ കുറിച്ചിരുന്നത്. 

കഴിഞ്ഞ വർഷം നവംബര്‍ 7ന് വേളാങ്കണ്ണിയില്‍ വച്ചായിരുന്നു സിനിമയുടെ ചിത്രീകരണമാരംഭിച്ചത്. സിനിമയുടെ പ്രധാന ലൊക്കേഷന്‍ പഴനിയായിരുന്നു. തമിഴ്നാട്ടിലാണ് മുഴുവന്‍ സിനിമയും ചിത്രീകരിച്ചത്. ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവും മമ്മൂട്ടിയാണ്. മമ്മൂട്ടി കമ്പനി എന്ന പുതിയ ബാനറിലാണ് നിര്‍മ്മാണം. ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ സഹനിര്‍മ്മാതാവായി ലിജോയും ഒപ്പമുണ്ട്. അശോകന്‍, തമിഴ് നടി രമ്യ പാണ്ഡ്യന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 'അമര'ത്തിനു ശേഷം അശോകന്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന ചിത്രവുമാണ് ഇത്. എസ് ഹരീഷിന്‍റേതാണ് രചന.

അതേസമയം, ഭീഷ്മപർവ്വമാണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. മാർച്ച് മൂന്നിന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് അമൽ നീരദാണ്. ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരക്കുന്നത്. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.

മുഖ്യധാരാ സിനിമയില്‍ പില്‍ക്കാലത്ത് കള്‍ട്ട് പദവി തന്നെ നേടിയ ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷമാണ് മമ്മൂട്ടിയും അമല്‍ നീരദും വീണ്ടും ഒന്നിക്കുന്നത്. ബിഗ് ബിയുടെ തുടര്‍ച്ചയായ ബിലാല്‍ ആണ് ഇരുവരും ചെയ്യാനിരുന്ന ചിത്രം. എന്നാല്‍ വലിയ കാന്‍വാസും നിരവധി ഔട്ട്ഡോര്‍ സീക്വന്‍സുകളുമൊക്കെയുള്ള ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ അസാധ്യമായതിനാല്‍ ആ ഇടവേളയില്‍ താരതമ്യേന ഒരു ചെറിയ ചിത്രം ചെയ്യുകയായിരുന്നു അവര്‍. 

അതേസമയം, എസ് എന്‍ സ്വാമി- കെ മധു- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിബിഐ5ലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സിബിഐ ഉദ്യോഗസ്ഥന്‍ സേതുരാമയ്യരായി മമ്മൂട്ടി വീണ്ടും സ്ക്രീനിലെത്തുന്ന ചിത്രത്തിന്‍റെ രചന എസ് എന്‍ സ്വാമിയുടേത് തന്നെയാണ്. ഭീഷ്‍മ പര്‍വ്വം, പുഴു, നന്‍പകല്‍ നേരത്ത് മയക്കം തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.