Asianet News MalayalamAsianet News Malayalam

'നിശബ്‍ദത ഇതിന് പരിഹാരമാവില്ല'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ലിജോ ജോസ് പെല്ലിശ്ശേരി

സോഷ്യല്‍ മീഡിയയിലൂടെയാണ് ലിജോയുടെ പ്രതികരണം

lijo jose pellissery reacts to hema committee report
Author
First Published Aug 22, 2024, 3:49 PM IST | Last Updated Aug 22, 2024, 5:47 PM IST

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് പ്രതികരണവുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ഹേമ കമ്മിറ്റി മുൻപാകെ വന്നിട്ടുള്ള മൊഴികളും പരാതികളും അർഹിക്കുന്ന ഗൗരവത്തോടെ സമീപിക്കേണ്ടതാണെന്ന് അടിയുറച്ച് വിശ്വസിക്കുന്നുവെന്നും നിശബ്ദത ഇതിന് പരിഹാരമാകില്ലെന്നും ലിജോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 

മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ രൂപവത്കരിക്കപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തെത്തിയതിന് പിന്നാലെ ചലച്ചിത്ര മേഖലയിലെ പലരും തങ്ങളെ സമീപിച്ച മാധ്യമങ്ങളോട് പ്രതികരണം അറിയിച്ചിരുന്നു. കൂടുതല്‍ പേരും പഠിച്ച ശേഷം പ്രതികരിക്കാം എന്ന നിലപാടാണ് സ്വീകരിച്ചത്. 

അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കാനാകില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞതാണ് ഈ വിഷയത്തിലെ ഏറ്റവും പുതിയ അപ്ഡേറ്റ്. "ആധികാരികമായ പരാതി വേണം. പരാതി ഇല്ലാതെ പൊലീസിന് കേസ് എടുക്കാൻ കഴിയില്ല". പരാതി കൊടുക്കാൻ തയാറായാലേ നടപടി എടുക്കൻ കഴിയൂവെന്നും വനിതാ കമ്മീഷന്‍ നിലപാട് വ്യക്തമാക്കി. നേരത്തെ, പരാതിയില്ലെങ്കിലും സ്വമേധായാ കേസെടുക്കാമെന്ന് മന്ത്രി ബാലഗോപാല്‍ പറഞ്ഞിരുന്നു. കക്ഷി ചേരാൻ നോട്ടീസ് ഇതു വരെ ലഭിച്ചിട്ടില്ലെന്നും ലഭിച്ചാൽ ആവശ്യമായ നടപടി എടുക്കുമെന്നും വനിതാ കമ്മീഷന്‍ അറിയിച്ചു.

റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സര്‍ക്കാര്‍ നടത്തുമെന്ന് പറഞ്ഞിരിക്കുന്ന കോണ്‍ക്ലേവില്‍ ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തുകയാണെന്ന് നടി പാര്‍വ്വതി തിരുവോത്ത് വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ സിനിമ കോണ്‍ക്ലേവിൽ ചര്‍ച്ച ചെയ്യുക ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മാത്രമല്ലെന്നും കോണ്‍ക്ലേവുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുമെന്നും മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു.

ALSO READ : മധു ബാലകൃഷ്ണന്‍റെ ആലാപനം; 'സംഭവസ്ഥലത്ത് നിന്നും' എന്ന ചിത്രത്തിലെ വീഡിയോ ഗാനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios