'ഈ മ യൗ'വിന് ശേഷം ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന 'ജല്ലിക്കെട്ട്' ലോകപ്രശസ്തമായ ടൊറന്‍റോ ചലച്ചിത്രമേളയിൽ പ്രദര്‍ശിപ്പിക്കും. സെപ്റ്റംബര്‍ 5 മുതൽ 15 വരെയാണ് ചലച്ചിത്രമേള നടക്കുന്നത്. എസ് ഹരീഷ്, ആര്‍ ജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയുള്ളതാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

കണ്ടംപററി വേള്‍ഡ് സിനിമ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. 108 സിനിമകളാണ് ഇക്കുറി ഈ വിഭാഗത്തിലുള്ളത്. 'എ ബോൾഡ് ന്യൂ വോയ്സ് ഇൻ മലയാളം സിനിമ' എന്നാണ് മേളയുടെ ഔദ്യോഗിക സൈറ്റിൽ ചിത്രത്തെ പറ്റി പറഞ്ഞിരിക്കുന്നത്.

ആന്റണി വര്‍ഗീസുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജല്ലിക്കെട്ടിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ദേശീയ പുരസ്‌കാര ജേതാവ് ഗിരീഷ് ഗംഗാധരനാണ്. സിനിമയുടെ പ്രമേയം ഇതുവരെ ലിജോ ജോസ് പെല്ലിശ്ശേരി വ്യക്തമാക്കിയിട്ടില്ല. നേരത്തെ 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' ടൊറന്‍റോ റീൽ ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ 2017ലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.