ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ അഭിനയിക്കുന്നുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് മോഹൻലാല്‍. 

മലയാളത്തിന്റെ ഹിറ്റ് ഫിലിം മേക്കര്‍ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു. കുറച്ചുനാളായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തയ്‍ക്ക് മോഹൻലാല്‍ തന്നെ സ്ഥിരീകരണം നല്‍കിയിരിക്കുകയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും കഴിവുറ്റ സംവിധായകരിലൊരാളായ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമായിരിക്കും എന്റെ അടുത്ത സിനിമ എന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട് എന്നാണ് മോഹൻലാല്‍ എഴുതിയിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുള്ള ഫോട്ടോ അടക്കം പങ്കുവെച്ചാണ് മോഹൻലാല്‍ പുതിയ സിനിമയുടെ പ്രഖ്യാപികനം നടത്തിയിരിക്കുന്നത്.

ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിംസ് ചിത്രം നിര്‍മിക്കുന്നത്. സിനിമയുടെ പ്രമേയമോ പേരോ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സാമൂഹ്യമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ നേരത്തെ തന്നെ പ്രചരിക്കുന്നുണ്ട്. 'ചെമ്പോത്ത് സൈമണ്‍' എന്ന കഥാപാത്രത്തെയാണ് മോഹൻലാല്‍ അവതരിപ്പിക്കുക എന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണം. പീരിയഡ് ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ മോഹൻലാല്‍ ഗുസ്‍തിക്കാരനായാണ് എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മമ്മൂട്ടി നായകനായ 'നാൻ പകല്‍ മയക്കം' എന്ന സിനിമയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഇനി പുറത്തിറങ്ങാനുള്ളത്. ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവും മമ്മൂട്ടിയാണ്. മമ്മൂട്ടി കമ്പനി എന്ന പുതിയ ബാനറിലാണ് നിര്‍മ്മാണം. ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ സഹനിര്‍മ്മാതാവായി ലിജോയും ഒപ്പമുണ്ട്.

'പുലിമുരുകനു' ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്‍ത 'മോണ്‍സ്റ്റര്‍' ആണ് മോഹൻലാലിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. 'പുലിമുരുകന്റെ' രചയിതാവ് ഉദയ് കൃഷ്‍ണ തന്നെയാണ് 'മോണ്‍സ്റ്ററി'ന്റെ തിരക്കഥാകൃത്തും. 'എലോണ്‍, 'റാം', എന്നിവയാണ് മോഹൻലാലിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്. ഒരിടവേളയ്ക്ക് ശേഷം പുനരാരംഭിച്ച 'റാമി'ലാണ് മോഹൻലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Read More: ഫിഫ ലോകകപ്പ് ആരാധകര്‍ക്ക് സന്തോഷ വാർത്ത; മോഹൻലാൽ ഒരുക്കിയ സംഗീത ആൽബം വരുന്നൂ