കുഞ്ചാക്കോ ബോബനാണ് നായകന്‍

മലയാളത്തിലെ യുവനിര സംവിധായകരില്‍ തനതായ ശൈലി കൊണ്ട് ശ്രദ്ധ നേടിയ ആളാണ് ടിനു പാപ്പച്ചന്‍. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, അജഗജാന്തരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടിനു സംവിധാനം ചെയ്ത ചിത്രം ഇപ്പോള്‍ തിയറ്ററുകളിലുണ്ട്. കുഞ്ചാക്കോ ബോബന്‍ നായകനായ ചാവേര്‍ ആണ് ആ ചിത്രം. എന്നാല്‍ തന്‍റെ ആദ്യ രണ്ട് ചിത്രങ്ങളില്‍ നിന്നും വേറിട്ട ശൈലിയിലാണ് ടിനു ചാവേര്‍ ഒരുക്കിയിരിക്കുന്നത്. അതിനാല്‍ അദ്ദേഹത്തിന്‍റെ ആരാധകര്‍ക്ക് തന്നെ ഇതൊരു അപ്രതീക്ഷിത അനുഭവമായിരുന്നു. ഒരു മുഴുനീള ആക്ഷന്‍ പടം പ്രതീക്ഷിച്ചെത്തിയവര്‍ തെല്ല് നിരാശയും പ്രകടിപ്പിച്ചിരുന്നു. അതേസമയം ചിത്രം ഇഷ്ടപ്പെടുന്നവരും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങളുമായി എത്തുന്നുണ്ട്. ഇപ്പോഴിതാ ടിനുവിന്‍റെ ചിത്രത്തെക്കുറിച്ച് പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്‍റെ ​ഗുരു കൂടിയായ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സോഷ്യല്‍ മീഡിയയിലൂടെയാണ് ലിജോയുടെ കുറിപ്പ്.

ലിജോയുടെ കുറിപ്പ്

നിരപരാധിയുടെ ജീവനെടുത്ത ശേഷം ജീപ്പിനകത്തോടി കയറിയ സംഘത്തിൽ നമ്മളുമുണ്ട്. അതിവേഗത്തിൽ പായുന്ന ഒരു മോട്ടോർ വാഹനത്തിനകത്തിരുന്ന് ബോംബ് സ്ഫോടനത്തിന്റെ മുഴക്കവും ഇരുട്ടും ചതിയും മരണവീടിന്റെ അലറിക്കരച്ചിലും ആൾക്കൂട്ടത്തിന്റെ ഇരമ്പവും കടന്ന്‌ മൂടൽ മഞ്ഞിലെ ചുവപ്പിനകത്തെ കട്ടച്ചോരയിൽ വെടിയേറ്റ് വീണവരുടെ ജഡങ്ങൾക്കിടയിലെ ഇരയും വേട്ടക്കാരനും നമ്മുടെ മുന്നിൽ കെട്ടുപിണഞ്ഞു കിടന്നു.

കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി, അരുൺ നാരായൺ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ ചാക്കോച്ചനൊപ്പം മനോജ് കെ യു, അര്‍ജുന്‍ അശോകന്‍, സംഗീത, സജിൻ ഗോപു, അനുരൂപ് എന്നിങ്ങനെ നിരവധി താരങ്ങൾ മികവാർന്ന പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. കണ്ണൂരിൻ്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണവും എഡിറ്റിംഗും പശ്ചാത്തല സംഗീതവും ഗാനങ്ങളും ചാവേറിനെ ഏറെ മനോഹരമാക്കുന്നുണ്ട്.

ALSO READ : 105 പ്രദര്‍ശനങ്ങള്‍, 29,929 ടിക്കറ്റുകള്‍; 'കണ്ണൂര്‍ സ്ക്വാഡ്' നേടിയ കളക്ഷന്‍ പുറത്തുവിട്ട് ഏരീസ് പ്ലെക്സ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക