ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകരുടെ ഇഷ്‍ട സിനിമയാണ് ടെര്‍മിനേറ്റര്‍ പരമ്പരയിലേത്. ഓരോ സിനിമയ്‍ക്കും ആരാധകര്‍ കാത്തിരിക്കാറുണ്ട്. ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ടെര്‍മിനേറ്റര്‍ ഡാര്‍ക് ഫേറ്റ് തിയേറ്ററില്‍ വിജയമായിരുന്നില്ല. ചിത്രം വേണ്ടത്ര വിജയമാകാത്തതില്‍ നിരാശ അറിയിക്കുകയാണ് ടെര്‍മിനേറ്റര്‍ പരമ്പര സിനിമകളിലൂടെ ശ്രദ്ധേയയായ ലിൻഡ ഹാമില്‍ട്ടണ്‍.

ടെര്‍മിനേറ്റര്‍ പരമ്പരയിലെ തന്റെ ഭാവി അവസാനിച്ചുവെന്നാണ് ലിൻഡ് ഹാമില്‍ട്ടണ്‍ കരുതുന്നത്. ചെറിയ ബജറ്റിലുള്ള സിനിമയാണെങ്കില്‍ അഭിനയിക്കാമെന്ന തീരുമാനത്തിലാണ് എന്നും ലിൻഡ ഹാമില്‍ട്ടണ്‍ പറയുന്നു. എനിക്ക് അറിയില്ല. പക്ഷേ കൂടുതല്‍ ആള്‍ക്കാര്‍ അപകടത്തിലാകാത്ത ചെറിയ പതിപ്പാണെങ്കില്‍ നല്ലത് തന്നെ. ഇന്നത്തെ പ്രേക്ഷകരുടെ കാര്യം അപ്രവചനീയമാണ്. എത്ര ആള്‍ക്കാര്‍ സിനിമയ്‍ക്ക് പോകുമെന്ന് പറയാനാകില്ല. സാമ്പത്തികമായി വലിയ ആഘാതം വരുന്ന സിനിമ ഏറ്റെടുക്കാൻ തയ്യാറല്ല. അതുകൊണ്ടു കഥാപാത്രമായി തിരിച്ചുവരാനാകുമെന്നും കരുതുന്നില്ല. പക്ഷേ എന്തെങ്കിലും പുതിയത് ഉണ്ടെങ്കില്‍ തീര്‍ച്ചയായും തീരുമാനം മാറ്റാൻ തയ്യാറാകും- ലിൻഡ ഹാമില്‍ട്ടണ്‍ പറയുന്നു. ടിം മില്ലര്‍ സംവിധാനം ചെയ്‍ത ടെര്‍മിനേറ്റര്‍ ഡാര്‍ക് ഫേറ്റില്‍ അര്‍ണോള്‍ഡും അഭിനയിച്ചിരുന്നു.