സിനിമ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ട്രഷറര്‍ ലിസ്റ്റിൻ സ്റ്റീഫൻ.ജനുവരിയിലെ സിനിമകളുടെ കളക്ഷൻ റിപ്പോർട്ട്‌ പുറത്തുവിട്ടത് സുരേഷ് കുമാർ ഒറ്റയ്ക്കെടുത്ത തീരുമാനമല്ലെന്നും ലിസ്റ്റിൻ സ്റ്റീഫൻ.

കൊച്ചി: സിനിമ മേഖലയിലെ തര്‍ക്കത്തിൽ പ്രതികരണവുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ട്രഷററും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്‍റുമായ ലിസ്റ്റിൻ സ്റ്റീഫൻ. സിനിമ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്നും അഭിനേതാക്കളിൽ അഞ്ചു ലക്ഷം രൂപക്ക് മുകളിൽ പ്രതിഫലം വാങ്ങുന്നവര്‍ക്ക് ഘട്ടം ഘട്ടമായി പണം നൽകാമെന്ന ധാരണ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗത്തിൽ തീരുമാനിച്ചിരുന്നുവെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. ജനറൽ ബോഡി യോഗം ചേരാതെ അതിൽ ഉറപ്പ് പറയാൻ സാധിക്കില്ലെന്നാണ് അമ്മ അംഗങ്ങൾ അതിന് മറുപടി നൽകിയതെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

സിനിമ താരങ്ങളുടെ പ്രതിഫലത്തിനൊപ്പം സിനിമയിലെ അമിത നികുതി ഭാരവും ചര്‍ച്ച ചെയ്തിരുന്നു. അന്നത്തെ യോഗത്തിൽ ആന്‍റണി പെരുമ്പാവൂര്‍ പങ്കെടുത്തിരുന്നില്ല. ആ യോഗത്തിനുശേഷം വാര്‍ത്താസമ്മേളനം ഉണ്ടെന്നത് അറിഞ്ഞിരുന്നില്ല. ആന്‍റണി പെരുമ്പാവൂരും ജി സുരേഷ് കുമാറും തമ്മിൽ ഒരു മേശക്ക് ഇരുപുറവുമിരുന്ന ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കാമായിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് വേണ്ടിയിരുന്നില്ല.

നാളെ സിനിമ സമരം വന്നാൽ ഏറ്റവും മുന്നിൽ നിൽക്കുന്നയാളായിരിക്കും ആന്‍റണി ആന്‍റണി പെരുമ്പാവൂർ. ആന്‍റണി പെരുമ്പാവൂരുമായി സംസാരിച്ചിരുന്നു.ജനുവരിയിലെ സിനിമകളുടെ കളക്ഷൻ റിപ്പോർട്ട്‌ പുറത്തുവിട്ടത് സുരേഷ് കുമാർ ഒറ്റയ്ക്കെടുത്ത തീരുമാനമല്ല. സമരത്തിനൊപ്പം അല്ല താൻ. സമരത്തെ അനുകൂലിക്കുന്ന ഒരാളല്ല താൻ. എന്നാൽ, ഒരു സംഘടനയിലെ കൂട്ടായ തീരുമാനമാകുമ്പോള്‍ 100ശതമാനം ആ തീരുമാനത്തോട് യോജിച്ച് പോകേണ്ടിവരും. എന്നാൽ, ജൂണ്‍ മാസത്തിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാൽ തന്നെ അതിന്‍റെ ഇടയിൽ ഒരുപാട് ചര്‍ച്ചകള്‍ നടക്കുമെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. 

ജി സുരേഷ് കുമാറിന് എതിരായ വിമര്‍ശനം; ആന്‍റണി പെരുമ്പാവൂരിന് പിന്തുണയുമായി മോഹന്‍ലാല്‍

നെയ്യാറ്റിൻകര ഗോപൻെറ മരണം; ആഴത്തിലുള്ള മുറിവില്ല, പോസ്റ്റ്‍മോ‍ർട്ടം റിപ്പോർട്ടിന്‍റെ പക‍‍‍‍‍‍ർപ്പ് പുറത്ത്

YouTube video player