അല്‍ഫോന്‍സ് പുത്രന്‍ ചിത്രങ്ങളുടെ സ്വഭാവത്തിലുള്ള രസകരമായ ഒരു എന്‍റര്‍ടെയ്‍നര്‍ എന്നാണ് പൃഥ്വിരാജ് ചിത്രത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്

പൃഥ്വിരാജിനെ (Prithviraj Sukumaran) നായകനാക്കി അല്‍ഫോന്‍സ് പുത്രന്‍ (Alphonse Puthren) സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് 'ഗോള്‍ഡ്' (Gold Movie). സെപ്റ്റംബര്‍ 8ന് ചിത്രീകരണം ആരംഭിച്ച സിനിമയെക്കുറിച്ച് വളരെ കുറച്ചു വിവരങ്ങളേ പുറത്തെത്തിയിട്ടുള്ളൂ. ഇപ്പോഴിതാ ചിത്രത്തിന്‍റെ കൗതുകമുണര്‍ത്തുന്ന ഒരു ലൊക്കേഷന്‍ സ്റ്റില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. 

ബാബുരാജ്, സുരേഷ് കൃഷ്‍ണ, ജഗദീഷ്, അബു സലിം എന്നിവരാണ് കഥാപാത്രങ്ങളുടെ ഗെറ്റപ്പുകളില്‍ ചിത്രത്തിലുള്ളത്. ഇതില്‍ ആദ്യ മൂന്നുപേരും പൊലീസ് യൂണിഫോമിലും ബാബുരാജ് ഒരു 'മുതലാളി' എന്ന് തോന്നിപ്പിക്കുന്ന ഗെറ്റപ്പിലുമാണ്. 'പ്രേമം' കഴിഞ്ഞുള്ള നീണ്ട ഇടവേളയ്ക്കുശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൃഥ്വിരാജും നയന്‍താരയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

അല്‍ഫോന്‍സ് പുത്രന്‍ ചിത്രങ്ങളുടെ സ്വഭാവത്തിലുള്ള രസകരമായ ഒരു എന്‍റര്‍ടെയ്‍നര്‍ എന്നാണ് പൃഥ്വിരാജ് ചിത്രത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്- "നടന്‍ എന്ന നിലയില്‍ എനിക്കും പുതുമയുള്ള അനുഭവമാണ് ഇത്. ഇത്തരമൊരു പ്രോജക്റ്റ് എപ്പോഴും സംഭവിക്കുന്നതുമല്ല. ഒരു അല്‍ഫോന്‍സ് പുത്രന്‍ ചിത്രം എന്നു പറഞ്ഞാല്‍ പിന്നെ കൂടുതല്‍ എന്തെങ്കിലും പറയേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. നയന്‍താരയെ കൂടാതെ 47 അഭിനേതാക്കള്‍ കൂടിയുണ്ട് ചിത്രത്തില്‍. 'നേര'ത്തിന്‍റെയൊക്കെ ഗണത്തില്‍ പെടുന്ന ഒരു ഫണ്‍ ത്രില്ലര്‍ ചിത്രമായിരിക്കും ഗോള്‍ഡ്", പൃഥ്വിരാജ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഫഹദ് ഫാസില്‍ നായകനാവുന്ന 'പാട്ട്' ആണ് അല്‍ഫോന്‍സ് ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും ആദ്യം ചിത്രീകരണമാരംഭിച്ചത് ഗോള്‍ഡ് ആണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. സെപ്റ്റംബര്‍ 8നാണ് ചിത്രീകരണം ആരംഭിച്ചത്. പൃഥ്വിയുടെ അമ്മ വേഷത്തിലെത്തുന്നത് മല്ലിക സുകുമാരന്‍ ആണെന്ന പ്രത്യേകതയുമുണ്ട്.