കള്ളിയങ്കാട്ട് നീലി എന്ന മിത്തിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ലോക ചാപ്റ്റർ 1 ചന്ദ്ര. ഓഗസ്റ്റ് 28ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ്. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ ആദ്യ ലേഡി സൂപ്പർ ഹീറോ ചിത്രം കൂടിയാണ്.
മലയാള സിനിമാസ്വാദകർക്ക് പുത്തൻ വിസ്മയം സമ്മാനിച്ച ലോക ചാപ്റ്റർ 1 ചന്ദ്ര അഞ്ചാം വാരവും വിജയകരമായി പ്രദർശനം തുടരുന്നു. ഇതുമായി ബന്ധപ്പെട്ട് അണിയറ പ്രവർത്തകർ പുറത്തുവിട്ട പോസ്റ്റർ ഏറെ ശ്രദ്ധനേടുകയാണ്. 'മൂപ്പര് പറഞ്ഞു, 'ഒന്ന് ടിക്കറ്റ് എടുത്ത് നോക്ക്', എന്ന് കുറിച്ചു കൊണ്ടുള്ള രണ്ട് പോസ്റ്ററാണ് റിലീസ് ചെയ്തത്. ഇതിൽ കല്യാണി, നസ്ലെൻ, ചന്തു, നൈജിൽ എന്നിവരെയും കാണാം. രസകരമായ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി കഴിഞ്ഞു.
കള്ളിയങ്കാട്ട് നീലി എന്ന മിത്തിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ലോക ചാപ്റ്റർ 1 ചന്ദ്ര. ഓഗസ്റ്റ് 28ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ്. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ ആദ്യ ലേഡി സൂപ്പർ ഹീറോ ചിത്രം കൂടിയാണ്. ദുൽഖറിന്റെ വേഫെറർ ഫിലിംസ് ആണ് ലോക നിർമ്മിച്ചത്. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. റിപ്പോർട്ടുകൾ പ്രകാരം 280 കോടി രൂപയിലധികം നേടി ലോക മുന്നോട്ട് പോകുകയാണ്. ഇന്ത്യൻ സിനിമയിലെ ഒരു ഫീമെയിൽ സെൻട്രിക് ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷൻ റെക്കോർഡ് കൂടിയാണ് ലോക നേടിയിരിക്കുന്നത്.
കല്യാണി പ്രിയദർശനും നസ്ലെനും പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ സാൻഡി, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ തുടങ്ങി ഒട്ടനവധി പേർ അഭിനയിച്ചിട്ടുണ്ട്. ഒപ്പം ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരുടെ കാമിയോ റോളും ലോകയുടെ മാറ്റ് കൂട്ടിയിരുന്നു. ലോക തിയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെ രണ്ടാം ഭാഗവും ടീം പ്രഖ്യാപിച്ചിട്ടുണ്ട്. ടൊവിനോ തോമസ് അവതരിപ്പിക്കുന്ന ചാത്തന്റെ കഥയാണ് ലോക ചാപ്റ്റർ 2 പറയുക.



