കമലിനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരെയ്‍ന്‍, കാളിദാസ് ജയറാം എന്നിങ്ങനെയാണ് ചിത്രത്തിലെ താരനിര

കമല്‍ ഹാസന്‍ (Kamal Haasan) നായകനാവുന്ന ലോകേഷ് കനകരാജിന്‍റെ (Lokesh Kanagaraj) 'വിക്രം' (Vikram) സിനിമയുടെ പോണ്ടിച്ചേരി ഷെഡ്യൂള്‍ അവസാനിച്ചു. ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂള്‍ ആയിരുന്നു ഇത്. കരൈക്കുടിയിലായിരുന്നു ആദ്യ ഷെഡ്യൂള്‍. കമല്‍ ഹാസനും ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന്‍ (Girish Gangadharan) അടക്കമുള്ള അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ലോകേഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

താരനിര്‍ണ്ണയം കൊണ്ട് തെന്നിന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറെ ശ്രദ്ധ നേടിയ പ്രോജക്റ്റ് ആണ് വിക്രം. കമലിനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരെയ്‍ന്‍, കാളിദാസ് ജയറാം എന്നിങ്ങനെയാണ് താരനിര. വിജയ് നായകനായ 'മാസ്റ്ററി'നു ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കൊവിഡ് ആദ്യ തരംഗത്തിനു പിന്നാലെ തുറന്ന തിയറ്ററുകളിലേക്ക് ആദ്യമെത്തി ബിഗ് റിലീസ് ആയിരുന്നു മാസ്റ്റര്‍. 

Scroll to load tweet…

അതേസമയം കമല്‍ ഹാസന്‍റെ കഴിഞ്ഞ പിറന്നാള്‍ ദിനത്തിലായിരുന്നു 'വിക്ര'ത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപനം. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. ലോകേഷ് ചിത്രങ്ങളായ കൈതിയുടെയും മാസ്റ്ററിന്‍റെയും ഛായാഗ്രാഹകനായ സത്യന്‍ സൂര്യനെയാണ് വിക്രത്തിലും ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന് മറ്റു പ്രോജക്റ്റുകളുടെ തിരക്കുകള്‍ വന്നതിനാല്‍ പിന്മാറുകയായിരുന്നു. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് വിക്രത്തിന്‍റെ നിര്‍മ്മാണം. സംഗീതം അനിരുദ്ധ്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്ദ സങ്കലനം കണ്ണന്‍ ഗണ്‍പത്. 2022ല്‍ തിയറ്ററുകളിലെത്തിക്കാനാണ് പദ്ധതി.