ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം രജനികാന്ത് നായകനാവുന്ന 'കൂലി'യാണ് ലോകേഷിന്‍റെ അടുത്ത ഫീച്ചര്‍ ചിത്രം

തമിഴ് സിനിമാപ്രേമികള്‍ക്കിടയില്‍ ചുരുങ്ങിയ കാലം കൊണ്ട് വലിയ ആരാധകവൃന്ദത്തെ നേടിയ സംവിധായകനാണ് ലോകേഷ് കനകരാജ്. മൂന്ന് ചിത്രങ്ങളിലൂടെ അദ്ദേഹം സൃഷ്ടിച്ചെടുത്ത സിനിമാറ്റിക് യൂണിവേഴ്സ് ആണ് മറ്റ് സംവിധായകര്‍ക്ക് മേല്‍ ലോകേഷിനോട് യുവ സിനിമാപ്രേമികള്‍ക്ക് ഒരു ഇഷ്ടക്കൂടുതല്‍ ഉണ്ടാക്കിയെടുത്തത്. കൈതി, വിക്രം, ലിയോ എന്നിവയാണ് എല്‍സിയു അഥവാ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ ചിത്രങ്ങള്‍. എല്‍സിയുവിന്‍റെ ഭാഗമായി ലിയോയ്ക്ക് ശേഷം വരാനിരിക്കുന്നത് ഒരു ഫീച്ചര്‍ ചിത്രമല്ലെന്നും മറിച്ച് ഒരു ഷോര്‍ട്ട് ഫിലിം ആണെന്നും ലോകേഷ് കനകരാജും നരെയ്‍നും കാളിദാസ് ജയറാമും നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ അതില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരിക്കുകയാണ്.

ഹ്രസ്വ ചിത്രത്തിന്‍റേതായി ഒരു പോസ്റ്റര്‍ ആണ് ലോകേഷ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയിരിക്കുന്നത്. ഒരു ഷോട്ട്, രണ്ട് കഥകള്‍, 24 മണിക്കൂറുകള്‍ എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. എല്‍സിയുവിന്‍റ 10 മിനിറ്റ് ആമുഖം എന്ന അടിക്കുറിപ്പും പോസ്റ്ററില്‍ ഉണ്ട്. ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നതും ലോകേഷ് കനകരാജ് ആണ്. എല്‍സിയുവിനെ സൂചിപ്പിക്കുന്ന പോസ്റ്ററില്‍ വ്യത്യസ്തതരം തോക്കുകളും വെടിയുണ്ടകളുമൊക്കെ കാണാം.

Scroll to load tweet…

അര്‍ജുൻദാസ്, നരെയ്ന്‍, കാളിദാസ് ജയറാം തുടങ്ങിയവര്‍ ഹ്രസ്വ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ദക്ഷിണേന്ത്യയിലെ കുപ്രസിദ്ധരായ മയക്കുമരുന്ന് കച്ചവടക്കാര്‍ക്ക് എതിരെ നടത്തുന്ന പോരാട്ടം പ്രമേയമായിട്ടുള്ളതാണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‍സ്. കാര്‍ത്തി, കമല്‍ഹാസൻ, വിജയ്, ഫഹദ്, വിജയ് സേതുപതി, സൂര്യ തുടങ്ങിയ നടൻമാരാണ് എല്‍സിയുവില്‍ ഇതുവരെ പ്രധാന വേഷങ്ങളില്‍ എത്തിയത്. അതേസമയം ലോകേഷ് കനകരാജ് ലിയോയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ഫീച്ചര്‍ ചിത്രത്തില്‍ രജനികാന്ത് ആണ് നായകന്‍, കൂലി എന്നാണ് ഈ ചിത്രത്തിന്‍റെ പേര്. 

ALSO READ : സുഷിന്‍ ശ്യാം മാജിക്; 'ബോഗയ്ന്‍‍വില്ല'യിലെ മ്യൂസിക് വീഡിയോ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം