രജനികാന്ത് നായകനായ കൂലിക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം
തെന്നിന്ത്യന്‍ ഭാഷകളില്‍ വന്‍ വിജയങ്ങള്‍ ഉണ്ടാക്കുന്ന സംവിധായകരെ ഇന്ന് ഇന്ത്യ മുഴുവനുമുള്ള പ്രേക്ഷകര്‍ ശ്രദ്ധിക്കാറുണ്ട്. അത്തരത്തിലൊരു സംവിധായകനാണ് ലോകേഷ് കനകരാജ്. ലിയോ ആണ് ലോകേഷിന് കരിയറിലെ ഏറ്റവും വലിയ വിജയം നേടിക്കൊടുത്തത്. ബോളിവുഡ് താരം ആമിര്‍ ഖാന്‍ വരെ ലോകേഷുമായി ചേര്‍ന്ന് സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ്. ലിയോയ്ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്ത ചിത്രമായിരുന്നു കൂലി. രജനികാന്തും ലോകേഷും ആദ്യമായി ഒന്നിക്കുന്നുവെന്നതിന്‍റെ പേരില്‍ വന്‍ ഹൈപ്പ് നേടിയ ചിത്രത്തിന് പക്ഷേ കാര്യമായ പ്രേക്ഷകപ്രീതി നേടാനായില്ല. അതേസമയം ചിത്രം ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണം നേടുകയും ചെയ്തു. ഇപ്പോഴിതാ കരിയറിലെ അടുത്ത ചിത്രം പ്ലാന്‍ ചെയ്യുകയാണ് ലോകേഷ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ജനപ്രിയ ഫ്രാഞ്ചൈസികളിലൊന്നായ പുഷ്പയിലെ നായകനായി എത്തിയ അല്ലു അര്‍ജുനൊപ്പമാണ് ലോകേഷിന്‍റെ വരാനിരിക്കുന്ന ചിത്രമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. അല്ലുവിന്‍റെ കരിയറിലെ 23-ാം ചിത്രമായിരിക്കും ഇത്. പ്രതീക്ഷിക്കപ്പെടുന്നതുപോലെ ബിഗ് ബജറ്റിലും വമ്പന്‍ കാന്‍വാസിലുമാവും ചിത്രം ഒരുങ്ങുക. ചിത്രീകരണം ഈ വര്‍ഷം ജൂണിലോ ജൂലൈയിലോ ആയിരിക്കും ആരംഭിക്കുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ലോകേഷ് വന്‍ പ്രതിഫലമാണ് ചിത്രത്തില്‍ വാങ്ങുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 75 കോടിയാണ് പറയപ്പെടുന്ന പ്രതിഫലം. അതേസമയം ഈ പ്രോജക്റ്റ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇനിയും എത്തിയിട്ടില്ല.
ഡിസംബറില്‍ കൂടിക്കാഴ്ച
ഡിസംബറില്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ പാപ്പരാസികള്‍ ലോകേഷിനെ സ്പോട്ട് ചെയ്തിരുന്നു. പിന്നാലെ അല്ലു അര്‍ജുനുമായുള്ള കൂടിക്കാഴ്ചയ്ക്കായാണ് ലോകേഷ് ഹൈദരാബാദില്‍ എത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ എത്തി. ലോകേഷ് അവതരിപ്പിച്ച തിരക്കഥ അല്ലുവിന് ഇഷ്ടപ്പെട്ടുവെന്നും ഗ്രീന്‍ സിഗ്നല്‍ കൊടുത്തുവെന്നുമാണ് വിവിധ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ആറ്റ്ലി സംവിധാനം ചെയ്യുന്ന, തന്‍റെ കരിയറിലെ 22-ാം ചിത്രത്തിന് ശേഷമായിരിക്കും അല്ലു അര്‍ജുന്‍ ലോകേഷ് ചിത്രത്തില്‍ അഭിനയിക്കുക.
ബിഗ് കാന്‍വാസില്‍ വിഎഫ്എക്സിന് ഏറെ പ്രാധാന്യം നല്‍കി ഒരുക്കുന്ന സിനിമയാണ് ആറ്റ്ലിയുടേതായി എത്താനിരിക്കുന്നത്. ഈ ചിത്രം നിര്‍മ്മിക്കുന്നത് തമിഴിലെ പ്രശസ്ത ബാനര്‍ ആയ സണ്‍ പിക്ചേഴ്സ് ആണ്. ഒരു പാരലല്‍ യൂണിവേഴ്സിന്‍റെ കഥ പറയുന്നതെന്ന് കരുതപ്പെടുന്ന ചിത്രത്തില്‍ അല്ലു അര്‍ജുന്‍ മൂന്ന് വ്യത്യസ്ത വേഷങ്ങളിലാവും എത്തുക. ഇതിലൊന്ന് മിക്കവാറും ഒരു അനിമേറ്റഡ് കഥാപാത്രം ആയിരിക്കും. ജവാന്‍ അടക്കം വലിയ വിജയങ്ങള്‍ ഒരുക്കിയ ആറ്റ്ലിയും പുഷ്പയിലെ നായകനും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ബജറ്റ് 800 കോടിയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.



