ഇന്ന് നടന്ന ആരാധക കൂട്ടായ്മയില്‍ സൂര്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്

സമീപകാല തമിഴ് സിനിമയിലെ വലിയ വിജയങ്ങളിലൊന്നായിരുന്നു കമല്‍ ഹാസന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ലോകേഷ് കനകരാജ് ചിത്രം വിക്രം. കമല്‍ ഹാസന്‍റെ ബോക്സ് ഓഫീസ് തിരിച്ചുവരവ് കൂടിയായി മാറിയ വിക്രത്തിലെ വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരുടെ പ്രകടനങ്ങളും ശ്രദ്ധ നേടിയിരുന്നു. അതിനൊപ്പം കൈയടി നേടിയ ഒന്നായിരുന്നു സൂര്യ അവതരിപ്പിച്ച റോളക്സ് എന്ന കാമിയോ റോള്‍. ഇതുവരെ കാണാത്ത ഗെറ്റപ്പിലും പ്രകടനത്തിലുമെത്തിയ സൂര്യയുടെ ആ കഥാപാത്രത്തിന് സെപ്പറേറ്റ് ഫാന്‍ ബേസ് തന്നെ ഉണ്ടായി. ഈ കഥാപാത്രം നായകനാവുന്ന ഒരു ലോകേഷ് കനകരാജ് ചിത്രം കാണാനുള്ള ആഗ്രഹം ആരാധകര്‍ അന്ന് മുതല്‍ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞു തുടങ്ങിയതാണ്. ആരാധകരുടെ ആവശ്യം ലോകേഷ് കാര്യമായി എടുത്തിട്ടുണ്ടെന്നാണ് വിവരം. അതെ, അത്തരത്തിലൊരു ചിത്രം വൈകാതെ പ്രഖ്യാപിക്കപ്പെടും!

ഇന്ന് നടന്ന ആരാധക കൂട്ടായ്മയില്‍ സൂര്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. റോളക്സിന്‍റെ ഒരു സ്പിന്‍ ഓഫ് സ്റ്റാന്‍ഡ് എലോണ്‍ ചിത്രമായാണ് ലോകേഷ് ഈ സിനിമ പ്ലാന്‍ ചെയ്തിരിക്കുന്നത്. ചിത്രത്തിന്‍റെ വണ്‍ ലൈന്‍ ലോകേഷ് തന്നോട് പറഞ്ഞെന്ന് ആരാധകരോട് സൂര്യ പറഞ്ഞതായി രമേശ് ബാലയും ശ്രീധര്‍ പിള്ളയും അടക്കമുള്ള ട്രേഡ് അനലിസ്റ്റുകള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു അനലിസ്റ്റ് ആയ സിദ്ധാര്‍ഥ് ശ്രീനിവാസ് അറിയിക്കുന്നതനുസരിച്ച് ചിത്രത്തിന്‍റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാവും. സൂര്യയെ നായകനാക്കി ലോകേഷ് നേരത്തേതന്നെ ആലോചിച്ചിട്ടുള്ള ഇരുമ്പ് കൈ മായാവിക്ക് മുന്‍പുതന്നെ റോളക്സ് ചിത്രം ഉണ്ടാവും.

Scroll to load tweet…

സൂര്യ ആരാധകരെ സംബന്ധിച്ച് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് ഇത്. അതേസമയം കങ്കുവയാണ് സൂര്യയുടെ അടുത്ത റിലീസ്. ശിവ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്.

ALSO READ : സൗത്തില്‍ 'ജയിലറെ'ങ്കില്‍ നോര്‍ത്തില്‍ 'ഗദര്‍ 2'; രണ്ട് ദിവസത്തെ കളക്ഷന്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം