'ലിയോ'യ്ക്ക് പിന്നാലെ ആറ് മാസം സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ലോകേഷ് കനകരാജ്; കാരണം ഇതാണ്
ഇതിനകം 500 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട് ലിയോ

തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകന്‍. തമിഴ് സിനിമയിലാണെങ്കില്‍ യുവതലമുറയില്‍ ഈ വിശേഷണത്തിന് എന്തുകൊണ്ടും യോഗ്യന്‍ ലോകേഷ് കനകരാജ് ആണ്. സംവിധാനം ചെയ്ത ഫീച്ചര്‍ സിനിമകള്‍ അഞ്ചെണ്ണം. മാനഗരം മുതല്‍ ലിയോ വരെ എല്ലാം ഹിറ്റുകള്‍. അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ലിയോ. ഇതിനകം 500 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട് ഈ ചിത്രം. ഇപ്പോഴിതാ ലോകേഷിനെക്കുറിച്ചുള്ള ഒരു പുതിയ അപ്ഡേറ്റ് പുറത്തെത്തിയിരിക്കുകയാണ്.
ലിയോ റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും ആറ് മാസത്തെ ഇടവേള അദ്ദേഹം എടുക്കുന്നു എന്നതാണ് അത്. അടുത്ത ചിത്രത്തിന്‍റെ ജോലികളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ വേണ്ടിയാണ് ഇത്. ലോകേഷ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ നായകന്‍ രജനികാന്ത് ആണ്. തലൈവര്‍ 171 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് 2024 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാവും ആരംഭിക്കുക. തിരക്കഥ പൂര്‍ത്തിയാക്കലും നീണ്ടുനില്‍ക്കുന്ന പ്രീ പ്രൊഡക്ഷനുമൊക്കെയായി തിരക്കിന്‍റെ നാളുകളാണ് ലോകേഷിന് മുന്നില്‍ ഇനിയുള്ളത്.
ഒരു സിനിമ ആരംഭിക്കുന്നതിന് മുന്‍പ് ലോകേഷ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള എടുക്കുന്നത് ഇത് ആദ്യമായല്ല. നേരത്തെ ലിയോയുടെ പ്രഖ്യാപനത്തിന് മുന്‍പും ലോകേഷ് സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറിനിന്നിരുന്നു. കോളിവുഡില്‍ ഈ വര്‍ഷം ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു ലിയോ. അതുവരെയുള്ള കരിയറിലെ ഏറ്റവും വലിയ വിജയമായ വിക്രത്തിന് ശേഷം ലോകേഷ് ചെയ്യുന്ന ചിത്രം, മാസ്റ്ററിന് ശേഷം വിജയ്‍യും ലോകേഷും ഒരുമിക്കുന്ന സിനിമ, വിജയ് എല്‍സിയുവിലേക്ക് എത്തുമോ എന്ന ചോദ്യം തുടങ്ങി പല കാരണങ്ങളും ഈ ഹൈപ്പിന് പിന്നില്‍ ഉണ്ടായിരുന്നു. ആദ്യ ദിനങ്ങളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയിരുന്നതെങ്കിലും വന്‍ സാമ്പത്തിക വിജയമായി മാറി ചിത്രം.
ALSO READ : എന്തുകൊണ്ട് മഡോണ സെബാസ്റ്റ്യന്‍? 'എലീസ ദാസി'നെ തീരുമാനിച്ചത് എങ്ങനെയെന്ന് ലോകേഷ് കനകരാജ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക