Asianet News MalayalamAsianet News Malayalam

ഒടുവില്‍ ലോകേഷ് പറഞ്ഞു, 'ലിയോ' എ ഹിസ്റ്ററി ഓഫ് വയലന്‍സിനുള്ള 'ആദരം'.!

ഹിസ്റ്ററി ഓഫ് വയന്‍സിനുള്ള  ആദരമാണ് ചിത്രം എന്നാണ് ലോകേഷ് ടൈറ്റില്‍ കാര്‍ഡിന് മുന്നില്‍ തന്നെ എഴുതിയിരിക്കുന്നത്.

lokesh kanagaraj tribute a history of violence through his movie leo  vvk
Author
First Published Oct 19, 2023, 7:54 PM IST

ചെന്നൈ: ലോകേഷ് കനകരാജിന്‍റെ അഞ്ചാമത്തെ ചിത്രമാണ് ലിയോ. ദളപതി വിജയിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് എന്ന നിലയിലാണ് ചിത്രം എത്തിയത്. ലോകത്തെമ്പാടും ആറായിരത്തോളം സ്ക്രീനുകളിലാണ് ചിത്രം റിലീസായത്. മികച്ച അഭിപ്രായങ്ങള്‍ക്കൊപ്പം തന്നെ സമിശ്രമായ പ്രതികരണങ്ങളും ആദ്യദിനത്തില്‍ ചിത്രം നേടുന്നുണ്ട്. എന്തായാലും ആദ്യദിന കളക്ഷനില്‍‌ ചിത്രം റെക്കോഡ് ഇടും എന്നാണ് വിവരം.

അതേ സമയം ലിയോ പ്രഖ്യാപിക്കപ്പെട്ട നാള്‍ മുതല്‍ കേള്‍ക്കുന്ന കാര്യമാണ് ഹോളിവുഡ് ചിത്രം ഹിസ്റ്ററി ഓഫ് വയലന്‍സിന്‍റെ റീമേക്കാണ് ചിത്രം എന്നത്. എന്നാല്‍ സംവിധായകന്‍ ലോകേഷ് കനകരാജോ, മറ്റ് അണിയറക്കാരോ ഇത് തുറന്നു പറഞ്ഞില്ലായിരുന്നു. ചിത്രം കാണുമ്പോള്‍ മനസിലാകും എന്ന രീതിയിലാണ് ഇവര്‍ സംസാരിച്ചത്. എന്നാല്‍ വ്യാഴാഴ്ച ആദ്യഷോ കഴിഞ്ഞപ്പോള്‍ തന്നെ ആ കണ്‍ഫ്യൂഷന്‍ മാറി.

ഹിസ്റ്ററി ഓഫ് വയന്‍സിനുള്ള  ആദരമാണ് ചിത്രം എന്നാണ് ലോകേഷ് ടൈറ്റില്‍ കാര്‍ഡിന് മുന്നില്‍ തന്നെ എഴുതിയിരിക്കുന്നത്. നേരത്തെ തന്നെ എ ഹിസ്റ്ററി ഓഫ് വയലന്‍സ് എന്ന ചിത്രത്തിന് അടിസ്ഥാനമായ ഗ്രാഫിക് നോവലിന്‍റെ അവകാശം ലിയോ നിര്‍മ്മാതാക്കള്‍ വാങ്ങിയിരുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അതിനാല്‍ തന്നെ ട്രെയിലര്‍ വന്നതിന് പിന്നാലെ ചിത്രത്തെ  എ ഹിസ്റ്ററി ഓഫ് വയലന്‍സുമായി താരതമ്യം ചെയ്ത് സോഷ്യല്‍ മീഡിയ ചര്‍ച്ചകളും യൂട്യൂബ് വീഡിയോകളും സജീവമായിരുന്നു. 

എന്തായാലും  ആ ചര്‍ച്ചകള്‍ ചിത്രം എത്തിയപ്പോള്‍ അവസാനിച്ചിരിക്കുകയാണ്. ഡേവിഡ് ക്രോണൻബെർഗ് സംവിധാനം ചെയ്ത ചിത്രമാണ് എ ഹിസ്റ്ററി ഓഫ് വയലൻസ്. ജോഷ് ഓൾസൺ ആണ് ഇതിന്‍റെ തിരക്കഥ. 2005ലാണ് ഈ ചിത്രം ഇറങ്ങിയത്.  ജോൺ വാഗ്നർ, വിൻസ് ലോക്ക് എന്നിവര്‍ 1997 ല്‍ എഴുതിയ ഇതേ പേരിലുള്ള ഗ്രാഫിക് നോവലിനെ അധികരിച്ചാണ് ഈ ചിത്രം. 

വിഗ്ഗോ മോർട്ടെൻസൻ, മരിയ ബെല്ലോ, എഡ് ഹാരിസ്, വില്യം ഹർട്ട് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ഒരു അമേരിക്കന്‍ ചെറുപട്ടണത്തില്‍ കഫേ നടത്തുന്ന ഭാര്യയും രണ്ടു മക്കളുമായി സ്വസ്ത ജീവിതം നയിക്കുന്ന ഒരു വ്യക്തിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന സംഭവങ്ങളും, അയാളെ വേട്ടയാടുന്ന ഭൂതകാലവുമാണ് ചിത്രത്തിന്‍റെ അടിസ്ഥാനം. ഒരു ദിവസം കഫേയില്‍ എത്തുന്ന രണ്ട് സൈക്കോ കൊലയാളികളെ കൊന്ന് അയാള്‍ ഹീറോ ആകുന്നു. എന്നാല്‍ ഇത് അയാളുടെ ഭൂതകാല ശത്രുക്കളെ വിളിച്ചുവരുത്തുന്നു ഇതാണ് കഥാതന്തു.  

ഇതേ കഥയിലാണ് ലിയോയും പുരോഗമിക്കുന്നത്. എന്നാല്‍ വൈകാരികമായും പ്രൊഡക്ഷനിലും ലിയോ കുറച്ചുകൂടി വലിയ രീതിയിലാണ് ഒരുക്കിയിരിക്കുന്നത് എന്ന് കാണാം. എന്തായാലും ലോക സിനിമയിലെ ക്ലാസിക്ക് സിനിമകളില്‍ ഒന്നാണ് എ ഹിസ്റ്ററി ഓഫ് വയലന്‍സ്. ഓസ്കാര്‍ നോമിനേഷന്‍ അടക്കം ചിത്രം നേടിയിട്ടുണ്ട്.

ലിയോ ആദ്യദിനം എത്ര നേടും: ആ റെക്കോഡ് പൊളിക്കും എന്ന് കണക്കുകള്‍.!

വന്‍ അഭിപ്രായം നേടുന്ന ലിയോയ്ക്ക് തിരിച്ചടിയായി ആ വാര്‍ത്ത; പടം ചോര്‍ന്നു


 

Follow Us:
Download App:
  • android
  • ios