Asianet News MalayalamAsianet News Malayalam

കാത്തിരുന്ന ആ കത്ത് എത്തി; 'ലിയോ' കാണാനിരിക്കുന്ന പ്രേക്ഷകരോട് ലോകേഷിന് പറയാനുള്ളത്

"നിങ്ങള്‍ക്ക് ഒരു ഗംഭീര തിയറ്റര്‍ അനുഭവം ഉണ്ടാവുമെന്നാണ്.."

lokesh kanagaraj wrote an emotional note before leo film release thalapathy vijay trisha seven screen studio lcu nsn
Author
First Published Oct 18, 2023, 11:28 PM IST

തന്‍റെ സിനിമകളുടെ റിലീസിന് മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുള്ള കത്ത് എന്ന പതിവ് സംവിധായകന്‍ ലോകേഷ് കനകരാജ് ഇക്കുറിയും ഒഴിവാക്കിയില്ല. ലിയോയുടെ റിലീസിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ ലോകേഷ് തനിക്ക് പറയാനുള്ള നന്ദിയും കടപ്പാടുമൊക്കെ പങ്കുവെക്കുന്നത്. ഒപ്പം പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്കുള്ള ഒരു മറുപടിയും.

ലോകേഷ് കനകരാജിന്‍റെ കത്ത്

ആശംസകള്‍... സിനിമയുടെ റിലീസിന് ഏതാനും മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ വളരെ വൈകാരികമായും ഭ്രമാത്മകവുമായ ഒരു അവസ്ഥയിലാണ് ഞാന്‍. എന്‍റെ കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകാന്‍ തന്‍റെ എല്ലാം നല്‍കിയ ദളപതി വിജയ് അണ്ണനോട് ഞാന്‍ നന്ദി പറയുന്നു. ഞങ്ങള്‍ ഏവരെയും കാണിച്ചുതന്ന അങ്ങേയറ്റത്തെ അര്‍പ്പണത്തിന് അങ്ങയെ ഞാന്‍ എന്നും ബഹുമാനിക്കും.

ഈ പ്രോജക്റ്റിലേക്ക് തങ്ങളുടെ ചോരയും വിയര്‍പ്പും നല്‍കിയ ഓരോരുത്തരോടും നന്ദി പറയാന്‍ ഞാന്‍ ഈ അവസരം വിനിയോഗിക്കുന്നു. നമ്മള്‍ ലിയോയുടെ ജോലികള്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷത്തിന് മേല്‍ ആയി. സിനിമ നിങ്ങള്‍ക്ക് സമ്മാനിക്കാനായി രാവെന്നോ പകലെന്നോ ഇല്ലാതെ നിര്‍ത്താതെയുള്ള ജോലി ആയിരുന്നു. ഈ ചിത്രത്തിനുവേണ്ടി പ്രവര്‍ത്തിച്ച ഓരോ നിമിഷവും ഞാന്‍ മനസില്‍ കൊണ്ടുനടക്കും. ഈ ചിത്രത്തിന്‍റെ ഗംഭാരമായ കാസ്റ്റ് ആന്‍ഡ് ക്രൂവില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ പഠിച്ചു.

പ്രേക്ഷകരോട്, എന്നില്‍ നിങ്ങള്‍ ചൊരിഞ്ഞ സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ലിയോ നിങ്ങളുടേതാവും. നിങ്ങള്‍ക്ക് ഒരു ഗംഭീര തിയറ്റര്‍ അനുഭവം ഉണ്ടാവുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അതിനൊപ്പം ഒരു കാര്യം അഭ്യര്‍ഥിക്കാനുമുണ്ട്. ചിത്രത്തെക്കുറിച്ചുള്ള സ്പോയിലറുകള്‍ പങ്കുവെക്കരുതെന്ന് അപേക്ഷിക്കുകയാണ്. ടിക്കറ്റെടുക്കുന്ന ഓരോരുത്തര്‍ക്കും ആഹ്ലാദകരമായ അനുഭവം ഉണ്ടാവണം എന്നതിനാലാണ് അത്. 

ഇനി, ഈ ചിത്രം എല്‍സിയുവിന്‍റെ ഭാഗമായി വരുന്ന ഒന്നാണോ അല്ലയോ എന്ന നിങ്ങളുടെ ചോദ്യം, അത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് അറിയാനാവും. ഒരുപാട് സ്നേഹം, 

ലോകേഷ് കനകരാജ്

പ്രീ റിലീസ് ഹൈപ്പില്‍ ലിയോയോളം ഉയര്‍ന്ന ഒരു ചിത്രം സമീപകാലത്ത് തെന്നിന്ത്യയില്‍ ഉണ്ടായിട്ടില്ല. ലോകേഷിന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആയിരുന്ന വിക്രത്തിന് ശേഷം അദ്ദേഹം വിജയിയെ നായകനാക്കി ഒരുക്കുന്ന ചിത്രം എന്നതുതന്നെയാണ് ഈ ഹൈപ്പിന് കാരണം. കൈതിക്കും വിക്രത്തിനും ശേഷം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാഗമാവുമോ ഈ ചിത്രം എന്നതും ഹൈപ്പിന് കാരണമാണ്.

ALSO READ : 'മരക്കാറും' 'കുറുപ്പു'മൊക്കെ പിന്നില്‍! കേരളത്തിലെ സ്ക്രീന്‍ കൗണ്ടില്‍ ഞെട്ടിച്ച് 'ലിയോ'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios