'മരക്കാറും' 'കുറുപ്പു'മൊക്കെ പിന്നില്‍! കേരളത്തിലെ സ്ക്രീന്‍ കൗണ്ടില്‍ ഞെട്ടിച്ച് 'ലിയോ'
ഗോകുലം ഗോപാലന്‍റെ ശ്രീഗോകുലം മൂവീസ് ആണ് ലിയോയുടെ കേരള റൈറ്റ്സ് സ്വന്തമാക്കിയിരുന്നത്.

സമീപകാലത്തെന്നല്ല, തെന്നിന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ ലിയോയോളം പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രങ്ങള്‍ അധികം ഉണ്ടാവില്ല. അഡ്വാന്‍സ് റിസര്‍വേഷനിലൂടെത്തന്നെ ഫസ്റ്റ് വീക്കെന്‍ഡ് ഗ്രോസില്‍ 100 കോടിയിലേറെ നേടിയിരുന്നു ചിത്രം. കേരളത്തിലും അഡ്വാന്‍സ് റിസര്‍വേഷന് വമ്പന്‍ പ്രതികരണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ കേരളത്തിലെ റിലീസിംഗ് സ്ക്രീന്‍ കൗണ്ടിലും ഞെട്ടിക്കുകയാണ് ചിത്രം.
ഗോകുലം ഗോപാലന്‍റെ ശ്രീഗോകുലം മൂവീസ് ആണ് ലിയോയുടെ കേരള റൈറ്റ്സ് സ്വന്തമാക്കിയിരുന്നത്. അവര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന കണക്ക് പ്രകാരം കേരളമൊട്ടാകെ 655 സ്ക്രീനുകളിലാണ് ചിത്രം എത്തുക. ഇത് റെക്കോര്‍ഡ് ആണ്. സ്ഥലപരിമിതി മൂലം തിയറ്ററുകളുടെ പേരുവിവരം പ്രസിദ്ധീകരിക്കാന്‍ കഴിയുന്നില്ലെന്ന് അറിയിച്ചുകൊണ്ടുള്ളതാണ് ലിയോയുടെ മലയാളത്തിലെ റിലീസ് പരസ്യം. 655 സ്ക്രീനുകളുടെയും പേരുവിവരങ്ങള്‍ ഒരു പേജില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാത്തതിനാല്‍ നിങ്ങളുടെ തൊട്ടടുത്തുള്ള ലിയോ തിയറ്ററുകള്‍ അറിയുന്നതിനും ടിക്കറ്റ് റിസര്‍വ് ചെയ്യുന്നതിനുമായി സന്ദര്‍ശിക്കേണ്ട ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് വെബ്സൈറ്റുകളുടെ പേരുകള്‍ നല്‍കിക്കൊണ്ടുള്ളതാണ് ഗോകുലം നല്‍കിയിരിക്കുന്ന പരസ്യം.
കേരളത്തില്‍ ഇതുവരെ റിലീസ് ചെയ്ത ഏത് ഭാഷാചിത്രവും വച്ച് നോക്കുമ്പോള്‍ സ്ക്രീന്‍ കൗണ്ടില്‍ റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് ലിയോ. ഇതുവരെ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന മോഹന്‍ലാല്‍ ചിത്രം മരക്കാറിനെയാണ് ലിയോ രണ്ടാം സ്ഥാനത്തേക്ക് തള്ളിയിരിക്കുന്നത്. 602 സ്ക്രീനുകളിലായിരുന്നു മരക്കാറിന്‍റെ റിലീസ്. നിലവില്‍ രണ്ടാമത് മരക്കാറും മൂന്നാം സ്ഥാനത്ത് വിജയിയുടെ തന്നെ ബീസ്റ്റുമാണ് (542 സ്ക്രീന്‍). നാലാം സ്ഥാനത്ത് മോഹന്‍ലാലിന്‍റെ ആറാട്ടും (537 സ്ക്രീന്‍) അഞ്ചാമത് ദുല്‍ഖര്‍ സല്‍മാന്‍റെ കുറുപ്പുമാണ് (533 സ്ക്രീന്‍). അതേസമയം കേരളത്തില്‍ റിലീസ് ചെയ്യപ്പെടുന്ന 655 സ്ക്രീനുകളില്‍ നിന്നായി വ്യാഴാഴ്ച ചാര്‍ട്ട് ചെയ്തിരിക്കുന്നത് 3455 പ്രദര്‍ശനങ്ങളാണെന്നാണ് ലഭ്യമായ വിവരം.
ALSO READ : 'എല്‍സിയു' തന്നെ? ഉദയനിധിയുടെ 'ലിയോ' റിവ്യൂവില്‍ പ്രതികരണവുമായി ലോകേഷ് കനകരാജ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക